Thursday, June 16, 2016

20: ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ: ആനക്കാംപോയില്‍

ഇരുവഴിഞ്ഞിപ്പുഴയുടെ തുടക്കം തേടി പുറപ്പെട്ടതായിരുന്നു. നോംബും നോറ്റു പരമാവധി കയറി നോക്കി.. തിരുവമ്പാടിയും പുല്ല്ലൂരാം പാറയും കഴിഞ്ഞ്‌ പ്രസിദ്ധമായ അരിപ്പാറ വെള്ളാച്ചാട്ടത്തിലെത്തി.. വലിയ വലിയ പാറക്കല്ലുകൾക്കു മുകളിലൂടെ കലങ്ങിമറിഞ്ഞ്‌ രൗദ്രഭാവം പൂണ്ടൊഴുകുകയാണു അരിപ്പാറചാട്ടം.
നോംബില്ലാത്ത സഹയാത്രികർ ഞങ്ങളുടെ മുമ്പിൽ വെച്ചു തന്നെ നെയ്ച്ചോറും ചിക്കൻചില്ലിയും.. വിശപ്പും പൊരിവെയിലത്തെ ബൈക്ക്‌ റൈഡും തളർത്താത്ത വീര്യവുമായി വീണ്ടും മുകളിലേക്ക്‌.. ആനക്കാംപൊയിലും കയറിക്കഴിഞ്ഞാൽ പിന്നെ മുത്തപ്പൻ പുഴ അങ്ങാടിയാണു.. പൂർണ്ണമായും പച്ചപ്പിൽ മൂടിയ പാതകൾ.. കോടമഞ്ഞിന്റെ അകമ്പടി.. ചാറ്റൽമഴയുടെ കുളിർമ്മ.. കണ്ണിനു ആനന്ദം പകരുന്ന ചെറിയ ചെറിയ നീർച്ചോലകൾ.. മലഞ്ചെരിവിലെ കറുത്ത റോഡ്‌ അവസാനിക്കുന്നത്‌ മറിപ്പുഴയിൽ.. ഇരുവഴിഞ്ഞിപ്പുഴ ജന്മം കൊള്ളുന്ന വെള്ളരിമലയുടെ താഴ്‌വാരം..
സാമാന്യം തരക്കേടില്ലാത്ത ഒരു പുഴ.. ക്രിസ്റ്റൽ ക്ലിയർ ജലധാര..ഒരു മണിക്കൂർ നീന്തിക്കുളി.. ഏത്‌ ക്‌ഷീണവും വിശപ്പും പമ്പകടക്കും..
മാനം കറുക്കുന്നു.. മഴ ശക്തിയിൽ പെയ്യാൻ തുടങ്ങി.. മഴക്കാലത്ത്‌ ഒരൊറ്റ വെള്ളച്ചാട്ടവും വിശ്വസിക്കരുത്‌.. മലവെള്ളം ഇപ്പറഞ്ഞ നേരം കൊണ്ട്‌ അലറിക്കുതിച്ചെത്തും.. ഇങ്ങനെ കാലപുരിക്കെത്തിയവർ ഇവിടെ അനവധിയുണ്ട്‌..
വെള്ളരിമല കൂടി കയറാൻ ആഗ്രമുണ്ടായിരുന്നെങ്കിലും യാതൊരു വിധ ഒരുക്കവുമില്ലാത്ത യാത്രയായതിനാലും നോംബ്‌ തടിക്ക്‌ പിടിച്ചതിനാലും അടുത്ത തവണക്ക്‌ നീട്ടി വെച്ച്‌ ചാറ്റൽ മഴയിൽ മലയിറങ്ങി..
സുന്ദരമായ ഒരു മിനി റംസാൻ റൈഡ്‌...!!





Saturday, June 4, 2016

19. ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ.. [ഗുല്‍മര്‍ഗ്ഗ്]

ഗുല്‍മര്‍ഗിലേക്ക്- മഞ്ഞില്‍ വിരിയുന്ന പൂക്കളുടെ താഴ്വാരം..
ശ്രീനഗറില്‍ കാലുകുത്തിയ നിമിഷം മുതല്‍ മനസ്സില്‍ നിറഞ്ഞു നിന്നിരുന്ന കാഴ്ച്ചയായിരുന്നു പൂര്‍ണ്ണമായും മഞ്ഞില്‍ മൂടിയ ആ മലനിരകള്‍.
രാവിലെ തന്നെ യാത്രയാരംഭിക്കുകയാണ്. ഒന്‍പതു മണിയോടെ ശ്രീ നഗറില്‍ നിന്നും 55 കിലോമീറ്റര്‍ ദൂരെ ബരാമുള്ള ജില്ലയിലെ “Meadow of Flower” എന്ന അര്‍ത്ഥമുള്ള ഗുല്‍മര്‍ഗിലേക്ക് നീങ്ങി. ഇന്ത്യ-പാക്‌ അതിര്‍ത്തി തര്‍ക്കം പലപ്പോഴും പൊട്ടിപ്പുറപ്പെടുന്ന ഒരു അതിര്‍ത്തി പ്രദേശമാണ് ബാരമുള്ളയും ഊറി ബോര്‍ഡറും.. റൂമില്‍ നിന്നും ഒരു പാടം ക്രോസ് ചെയ്തു വേണം കാറിലേക്ക് എത്താന്‍. പൂര്‍ണ്ണമായും പച്ചപുതച്ച ആ പാടങ്ങളില്‍ക്കൂടി നടന്നപ്പോള്‍ എന്തെന്നില്ലാത്ത ഉന്മേഷവും ആഹ്ലാദവും തോന്നി.. വീതി കുറഞ്ഞ വരമ്പിലൂടെ ബാലന്‍സ് കിട്ടാന്‍ അങ്ങോട്ടുമിങ്ങോട്ടും ആടിയാടി ഒരു നിമിഷം കുട്ടിക്കാലത്തേക്ക് ഓര്‍മ്മകള്‍ ഓടിപ്പോയി..!
കാശ്മീരിന്റെ തലസ്ഥാനമായ ശ്രീനഗറിൽ നിന്നും 1 മണിക്കൂർ ബസ്സിലോ കാറിലോ ഇവിടേക്ക് എത്തിച്ചേരാവുന്നതാണ്. വഴിയിലെ സുരക്ഷാപരിശോധനകള്‍ കാരണം യാത്ര മൂന്നു മണിക്കൂർ വരെ കൂടാനും സാധ്യത ഉണ്ട്.
വണ്ടി നീങ്ങിത്തുടങ്ങി. സിറ്റിയിലെ ട്രാഫിക് ഒഴിവാക്കാന്‍ ഊടുവഴികള്‍ പിടിച്ചാണ് യാത്ര. അല്ലെങ്കിലും ഏതൊരു നാടിന്‍റെയും യതാര്‍ത്ഥ ചിത്രം കിട്ടാന്‍ ഇത്തരം ഗ്രാമീണ യാത്രകളാണ് ഉപകരിക്കുക.
“ദാ.. ആ കാണുന്നതാണ് ആപ്പിള്‍ തോട്ടങ്ങള്‍.”. വലതുവശത്തേക്ക് ചൂണ്ടികൊണ്ട് മാഷ്‌ പറഞ്ഞു.
റോഡരികില്‍ ആപ്പിള്‍ മരങ്ങള്‍ ഇല പൊഴിച്ച് തുടങ്ങിയ കാഴ്ചകള്‍ കാണാം.
നാലഞ്ചു മാസങ്ങള്‍ കൂടി കഴിഞ്ഞാല്‍ ആപ്പിള്‍ സീസണ്‍ ആയി. ഇരുവശങ്ങളിലും വിശാലമായ കൃഷിതോട്ടങ്ങള്‍ പരന്നുകിടക്കുന്നു. സ്ട്രോബറിയും ആപ്രിക്കോട്ടും വിളയുന്ന തോട്ടങ്ങള്‍ അതീവ സുന്ദരമാണ്. തോട്ടങ്ങളില്‍ സ്ത്രീകള്‍ അടുത്ത വിളവെടുപ്പിന്റെ ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. കശ്മീര്‍ മണ്ണില്‍ വിളയുന്ന പഴവര്‍ഗങ്ങള്‍ ഒട്ടനവധിയുണ്ട്. മള്‍ബറിയും പോമോഗ്രനെട്ടും ബദാമും ചെറിപ്പഴവും മുന്തിരിയും സുന്ദരമായി കൃഷിചെയ്യും കശ്മീരികള്‍.
ചിലയിടങ്ങളില്‍ തടാകം പോലെ വെള്ളക്കെട്ടുകള്‍ കാണാം. കണ്ണാടി പോലെ തെളിഞ്ഞ വെള്ളത്തില്‍ മരങ്ങളും കുറ്റികളും പ്രതിബിംബങ്ങള്‍ ഒരുക്കി നമുക്കായി കാത്തിരിക്കുന്നു. പ്രകൃതി ഇവിടെ നിറങ്ങള്‍ കൊണ്ട് ഒരു പ്രത്യേക ടോണ്‍ തന്നെ ഒരുക്കി വെച്ചിട്ടുള്ള പോലെ തോന്നി. ചെറിയൊരു പുല്‍ക്കൊടിക്ക് പോലും മറ്റെവിടെയും കാണാത്ത ഒരു സൌന്ദര്യം ഇവിടെ ദര്‍ശിക്കാം.
യാത്ര തുടരുകയാണ്. സമുദ്ര നിരപ്പില്‍ നിന്നും 2730 മീറ്റര്‍ ഉയരത്തിലുള്ള ഗുല്‍മര്‍ഗ് യാത്ര വേറിട്ടൊരനുഭവം സമ്മാനിക്കും തീര്‍ച്ച..!. മെയിന്‍ റോട്ടിലെ ഒരു ടോള്‍ ബൂത്ത്‌ കഴിഞ്ഞാല്‍ ഗുല്‍മര്‍ഗിലേക്കുള്ള ചുരം തുടങ്ങുകയായി. ”സോനമാര്‍ഗ് പോലെയല്ല, അങ്ങോട്ടുള്ള വഴി കുറച്ചൂടെ സുന്ദരമാണ്. ഇരുവശങ്ങളും നന്നായി ശ്രദ്ധിക്കണം.” ഡ്രൈവര്‍ സൂചന തന്നു.
കാഴ്ചകളുടെ വസന്തത്തില്‍ മയങ്ങി മഞ്ഞിന്റെ കുളിര്‍മ്മയില്‍ ലയിച്ച് ഗുല്‍മാര്‍ഗ് നിരകളിലൂടെ നീങ്ങുമ്പോള്‍ റോഡിന്റെ ഇരുപുറവുമായി ഇലകൊഴിഞ്ഞ ആപ്പിള്‍മരങ്ങളും അനാര്‍ മരങ്ങളും മായാക്കാഴ്ചകളായി മനസ്സില്‍ കുടിയേറും.
റോഡിനു ചേര്‍ന്നും അകലെയുമായി കുറെ കുന്നുകളാണ്. പൈന്മരങ്ങള്‍ ഒന്നാകെ മഞ്ഞില്‍ പുതഞ്ഞു വെളുത്ത പഞ്ഞിക്കെട്ടുകളാല്‍ അലങ്കരിക്കപ്പെട്ട് ക്രിസ്മസ് ട്രീകള്‍ പോലെ നില്‍ക്കുന്നു. ഉറച്ചു പോയ മഞ്ഞുപാളികളുടെ ഭാരം താങ്ങാനാവാതെ പൈന്‍ മരത്തിന്‍റെ ചില്ലകള്‍ വലിയ ശബ്ദത്തോടെ ഒടിഞ്ഞു മഞ്ഞിനൊപ്പം ചിതറിത്തെറിച്ചു താഴേക്ക് പതിക്കുന്ന കാഴ്ച മഞ്ഞു കാലത്ത് ആരെയും മനം മയക്കുന്നതാണ്.
ഗുല്‍മര്‍ഗിനോട് അടുക്കും തോറും പേരിനെ അന്വര്‍ത്ഥമാക്കി കൊണ്ട് പൂക്കള്‍ പുതച്ച താഴ്വരകള്‍ ഞങ്ങളെ സ്വാഗതമോതി. വണ്ടി കുറെകൂടി ഉയരങ്ങളിലേക്ക് വഴി കയറിപ്പോകുന്നു. അതിനിടയില്‍ ഇരുവശവും നെല്ല് വിളഞ്ഞുനില്ക്കുന്ന, അല്പം സമനിരപ്പുള്ള പാടവും കണ്ടു. നെല്പാടത്തിന്റെ ഹരിതവിതാനവും അപ്പുറത്തെ മലയും ആകാശവുമൊക്കെ ചേര്‍ന്നുള്ള വഴി കൗതുകകരമാണ്. പാതയോരങ്ങളിലെല്ലാം പൂക്കള്‍. വയലറ്റ്, വെളുപ്പ്, ചുവപ്പ് നിറങ്ങള്‍ക്കാണ് പ്രാമുഖ്യം. മഴ ചാറിക്കൊണ്ടേയിരിക്കുന്നു.
പന്ത്രണ്ടു മണിയോടെ ഗുല്‍മര്‍ഗിലെത്തി. ഡ്രൈവറുടെ ബന്ധു അവിടെ ഒരു ചെറിയ കച്ചവടം നടത്തുന്നുണ്ട്. ഉച്ച ഭക്ഷണം രാജമാ റൈസും മട്ടന്‍ ചാപ്സും തന്നെ. ആദ്യമാദ്യം പറ്റില്ല എന്ന് പറഞ്ഞവരൊക്കെ കാശ്മീരി ഭക്ഷണം നന്നായി തട്ടാന്‍ തുടങ്ങിയിട്ടുണ്ട്. കാശ്മീരി കൈത്തറി വസ്ത്രങ്ങള്‍ വില്‍ക്കുന്ന കടയാണ് ഇത്. ഒരു ചുരിദാറും ഉമ്മാക്ക് ഒരു ബാഗും രണ്ടു പേഴ്സും വാങ്ങി. വില പെശാനോന്നും നിന്നില്ല. കടയുടെ പിറകിലായി വലിയ ഒരു മൈതാനമാണ്. വലത് ഭാഗത്തായി ഒരു അമ്പലം കാണാം. ഞാന്‍ കണ്ണുകള്‍ ഒരു റൌണ്ട് കറക്കി. എല്ലാ കാഴ്ചകളെയും പിന്നിലാക്കി കൊണ്ട് കൂറ്റന്‍ മഞ്ഞു മലകള്‍ ഏറ്റവും പുറകിലായി കാണാം. ഞാനും മാഷെ കുട്ടികളായ ഇസലുവും മുല്ലയും കുറച്ചു നേരം മൈതാനത്തിലൂടെ ഓടിക്കളിച്ചു.
ഭക്ഷണം കഴിച്ചു പുറത്തിറങ്ങുമ്പോഴേക്കും കുതിര സവാരിയുടെ ഏജന്റുമാര്‍ വന്നു പൊതിഞ്ഞു. മഞ്ഞുമലയിലേക്ക് ഇവിടെ നിന്നും കുതിര സവാരി മാത്രമേയുള്ളൂ.
“നഹീ ചാഹിയെ.. നഹീ ചാഹിയെ..”. ശല്യം ഒഴിവാക്കാന്‍ പറഞ്ഞെങ്കിലും അവര്‍ കൂട്ടാക്കുന്ന ലക്ഷണമില്ല. നാല് കിലോമീറ്റര്‍ ഉണ്ടെന്നാണ് ഏജന്റുമാര്‍ പറഞ്ഞത്. ഒരാള്‍ക്ക് 1200 രൂപ വേണമത്രേ.
“അമൌണ്ട് ബഹുത് ജ്യാതാ ഹേ.. കം കരോ..” അത്ര പൈസ കൊടുക്കാന്‍ ഏതായാലും ഉദ്ദേശിച്ചിട്ടില്ല.
“ബായ് സാബ്. യേ ഫിക്സഡ് റേറ്റ് ഹേ. കം നഹീ കര്‍ സക്താ..”
ചാര്‍ജ് കുറക്കാന്‍ വേണ്ടി അവരുമായി തര്‍ക്കിക്കാന്‍ തുടങ്ങി. അവര്‍ ഒരു ഗ്രൂപ്പാണ്. അപാര ഒരുമയാണ്. വിടാന്‍ ഞങ്ങളും തീരുമാനിച്ചിട്ടില്ല.
വില പേശലിനിടെ ഇടക്ക് ഒന്ന് രണ്ടു വട്ടം അവര്‍ ചീത്ത വിളിച്ചു തെറ്റിപോയി. രണ്ടു മിനിറ്റുകള്‍ക്കുള്ളില്‍ തിരിച്ചു വന്നു വീണ്ടും സംസാരിക്കാന്‍ തുടങ്ങി.
ഇപ്പറഞ്ഞ നേരം കൊണ്ട് ആകാശം കാര്‍മേഘം കൊണ്ട് മൂടാന്‍ തുടങ്ങി. പ്രകാശം മങ്ങി എങ്ങും ഇരുള്‍ പറന്നു. നല്ല ശബ്ദത്തില്‍ ഇടി മുഴങ്ങാന്‍ തുടങ്ങി. കൂടെ കാറ്റും. ശക്തമായ തണുത്ത കാറ്റ്. കാറ്റിനൊപ്പം മഞ്ഞു പെയ്യാന്‍ തുടങ്ങി. ഒരു മിനിറ്റ് പോലും അവിടെ നില്‍ക്കാന്‍ കഴിഞ്ഞില്ല. ഞങ്ങള്‍ വേഗം ആ ബന്ധുവിന്‍റെ കടയിലേക്ക് പാഞ്ഞു കയറി. മാഷിന്‍റെ ചെറിയ മോന്‍ മൂന്നു വയസുകാരന്‍ ഇസ്ലു ഇതൊന്നുമറിയാതെ ഒടിക്കളിക്കുകയാണ്. ആ കടക്കാരന്‍ കുട്ടിയെ പൊതിയാന്‍ ഒരു ഷാള്‍ സമ്മാനമായി തന്നു. ആ ഇരുത്തത്തില്‍ കുറെ കാശ്മീരി കഥകള്‍ പറഞ്ഞു തന്നു.
കാശ്മീരി ലൈഫ്സ്റ്റൈല്‍
കശ്മീരികള്‍ക്ക് സ്വന്തമായ ഒരു ജീവിത രീതിയുണ്ട്. കൃഷിയും കന്നുകാലി വളർത്തലുമല്ലാതെ ഗ്രാമവാസികൾക്ക്‌ വരുമാന മാർഗ്ഗം യാതൊന്നുമില്ല. അരി, ഗോതമ്പ്‌, ഉരുളക്കിഴങ്ങ്‌, രജ്‌മ(പയർ), തിന എന്നിങ്ങനെയുള്ള കൃഷികളിലാണ്‌ മിക്കവാറും ഗ്രാമവാസികൾ ഏർപ്പെടുന്നത്‌. അതിൽ തന്നെ ഗൃഹനാഥൻമാരാകട്ടെ, ഭൂരിഭാഗവും കുഴിമടിയന്മാരും. രാവിലെ മുതൽ വൈകുവോളം ഹുക്കയും വലിച്ച്‌ വീട്ടിൽ ഒരേ ഇരുപ്പാണ്‌ പലരും. ചെമ്മരിയാടുകളെ മേയ്‌ക്കാൻ കൊണ്ടുപോകുന്നവരും ഇല്ലാതില്ല.
പക്ഷേ, സ്‌ത്രീകളാണ്‌ കുടുംബഭാരം ഏല്‌ക്കുന്നത്‌. പുലർച്ചെ നാലു മണിയോടെ ഉണർന്നെണീറ്റ്‌ അവർ അരിവാളും ചെറിയ മമ്മട്ടിയുമായി ഉരുളക്കിഴങ്ങ്‌ പാടത്തിറങ്ങും. ഉച്ചയ്‌ക്കുമുമ്പേ പണിതീർത്ത്‌ വീട്ടിലേക്കു മടങ്ങും. വനത്തിൽ മറിഞ്ഞു കിടക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ വെട്ടിയെടുത്ത്‌ വിറകു ശേഖരിക്കലാണ്‌ അടുത്ത ജോലി. അന്നന്നത്തേയ്‌ക്കുള്ള വിറകു മാത്രം പോരാ അവർക്ക്‌. തൊട്ടരികിലെത്തിയ മഞ്ഞു കാലത്തേയ്‌ക്കുള്ള വിറകു മുഴുവൻ ശേഖരിക്കണം. കുടുംബാംഗങ്ങളിൽ ചിലരാവട്ടെ പുൽമേടുകളിലേക്ക്‌ നീങ്ങി മഞ്ഞുകാലം മുഴുവൻ ആടിനു തീറ്റ നൽകാനുള്ള പുല്ലു ശേഖരിക്കും. യുവതികൾ മുതൽ വൃദ്ധർ വരെ അക്കൂട്ടത്തിലുണ്ടാവും.
പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ കാറ്റും മഴയും കുറഞ്ഞു. അപ്പോഴും കുതിരക്കാര്‍ ഞങ്ങളെ വിട്ടിട്ടില്ല. അവര്‍ക്കിതൊന്നും ഒരു പുത്തരിയല്ലല്ലോ.
“അരേ.. ബായ് സാബ്. ആഓനാ..”.
“പഹലേ റേറ്റ് ഫിക്സ് കരോ. ഫിര്‍ സഫാരി.”
അര മണിക്കൂറോളം നീണ്ട വാഗ്വാദത്തിനോടുവില്‍ ഒരാള്‍ക്ക് നാന്നൂറ് രൂപക്ക് കരാറായി. അഞ്ചു കുതിരകള്‍ വരിവരിയായി എത്തി. അപ്പോഴേക്കും വീണ്ടും ശക്തമായ മഴയും മഞ്ഞു വീഴ്ചയും തുടങ്ങി. അതേ കടയിലേക്ക് തന്നെ തിരിച്ചു കയറി. തണുപ്പില്‍ കയ്യും കാലും ഒക്കെ മരവിക്കാന്‍ തുടങ്ങി. ജാക്കറ്റും തൊപ്പിയും ഒക്കെ ഉള്ളതോണ്ട് കുറച്ചു സമാധാനം കിട്ടി. കടക്കാരന്‍ കഥ തുടര്‍ന്ന് കൊണ്ടിരുന്നു. ഒരുവേള കുതിര സവാരി ക്യാന്‍സല്‍ ചെയ്താലോ എന്ന് വരെ ഞങ്ങള്‍ ആലോചിച്ചു. കുറച്ചു നേരം കൂടി കാത്തു നിന്നപ്പോള്‍ മഴ അടങ്ങി. ഞങ്ങള്‍ പുറത്തിറങ്ങി. പൂക്കള്‍ മൂടിയ നിശബ്ദ താഴ്വരകളിലൂടെ കുതിര സവാരി നടത്തി.
യാത്രികരെ..., ഒരു കാര്യം ശ്രദ്ധിക്കുക. ഈ കുതിര സവാരി വേണമെങ്കില്‍ ഒഴിവാക്കാവുന്നതാണ്. വെറും ഒരു കിലോമീറ്റര്‍ മാത്രമേ ദൂരമുള്ളൂ. അതാണെങ്കില്‍ ഈ സുന്ദര താഴ്വാരകാഴ്ചകള്‍ ആസ്വദിച്ചു നടക്കുകയാണെങ്കില്‍ ദൂരം അറിയുക പോലുമില്ല.
ഞങ്ങള്‍ മഞ്ഞു മലയിലെക്കെത്തി. കാലു കുത്താനിടയില്ലാത്ത വിധം വിനോദ സഞ്ചാരികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു.
ഇവിടെ ഒരു സംഭവം ഉണ്ട്. “ഗോണ്ടോല ടോപ്‌”. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഗൊണ്ടോളയായ ഗുല്‍മര്‍‍ഗിലെ കേബിള്‍ കാറില്‍ പൈന്‍ മലനിരകള്‍ക്കിടയിലൂടെ സഞ്ചരിക്കാം. ഫെസ് ഒന്നില്‍ പൈന്‍ മരക്കാടുകളില്‍ ഇറങ്ങാം. എഴുന്നൂറ് രൂപയാണ് ചാര്‍ജ്. ഫെയ്സ് രണ്ടില്‍ പൈന്‍കാടുകള്‍ താണ്ടി മഞ്ഞു പുതച്ച മലനിരകള്‍ക്ക് മുകളിലൂടെ സാവധാനം മുകളിലേക്ക് പോവാം. ഉയരം കൂടിയ ഒരു മഞ്ഞു മലയുടെ മണ്ടയിലാണ് കേബിള്‍ കാര്‍ നിര്‍ത്തുന്നത്. അവിടുത്തെ കാഴ്ചകള്‍ വിവരണാതീതമാണ്. വേറൊരു ലോകത്ത് കാലു കുത്തിയ പോലെയാവും. ഇവിടേക്കുള്ള യാത്രക്ക് ആയിരത്തി മുന്നൂറു രൂപയാണ് ചാര്‍ജ്. ഉച്ചക്ക് രണ്ടു മണിക്ക് മുമ്പ് അവിടെ എത്തുന്നവര്‍ക്കെ ഗോണ്ടോല ടോപ്പിലെക്കുള്ള റോപ് വേയില്‍ കയറാന്‍ അവസരം കിട്ടൂ. ഗുല്‍മാര്‍ഗ് പോവുന്നവര്‍ ഒരിക്കലും ഈ അവസരം മിസ്സാക്കരുത്.
പുതിയൊരു അനുഭൂതിയുമായി ഞങ്ങള്‍ വീണ്ടും താഴ്വരയിലേക്ക് തന്നെ മടങ്ങി. മഞ്ഞ് അധികം ഇല്ലാത്ത കാലത്തായിരുന്നു ആ യാത്ര. എന്നിട്ടും ആ സ്വപ്നഭൂമിയിലെ ആ മനോഹര കാഴ്ചകള്‍ ഇന്നും മനസ്സിലുണ്ട്. എന്തായാലും ഈ ഡിസബറിലോ ജനുവരിയിലോ ഗുലമർഗിലേക്ക് ഒരു യാത്ര കൂടി ഉറപ്പാണ്.. വീണ്ടും കാണാന്‍.. മഞ്ഞില്‍ അലിയാന്‍... ഒരു ആയുസ്സുകൊണ്ട് കണ്ടുതീര്‍ക്കാനാവാത്ത രീതിയില്‍, വൈചിത്ര്യങ്ങളും വൈവിധ്യങ്ങളും നിറഞ്ഞ കാഴ്ചകളും അനുഭവങ്ങളും ഹിമാലയം നല്കുന്നു. പ്രകൃതിയുടെ എത്രയോ ഭാവാന്തരങ്ങളിലൂടെയാണ് ഇവിടെ നാം യാത്ര ചെയ്യുന്നത്.
ഗുല്‍മര്‍ഗില്‍ ഏകദേശം 40 ഓളം ഹോട്ടലുകൾ ലഭ്യമാണ്. ഇവിടുത്തെ സീസൺ സമയം തുടങ്ങുന്നത് ഡിസംബറിൽ മഞ്ഞുവീഴ്ചയോടെ ആണ്. ഇത് ഏപ്രിൽ മാസം വരെ നിണ്ടു നിൽക്കുന്നു. സാധാരണ് ടൂറിസ്റ്റുകൾക്ക് ഒരു രാത്രി തങ്ങുന്നതിന് 500 രൂപ മുതൽ 4000 രൂപ വരെ ചെലവുണ്ട്.
നിരവധി സിനിമകള്‍ക്ക്‌, പ്രത്യേകിച്ച് ഹിന്ദി റൊമാന്റിക് ഗാന ചിത്രീകരണത്തിനു വേദിയായ ഗുല്‍മര്‍ഗ്, അതിന്റെ നിശബ്ദ ഭംഗി കൊണ്ട് പ്രകൃതിയോടു ഏറ്റവും അടുത്തിരിക്കുന്ന ഒരിടമാണ് എന്നതില്‍ സംശയമില്ല. കശ്മീര്‍ താഴ്വാരക്കാഴ്ച്ചകളില്‍ ഏതാണ് കൂടുതല്‍ ആകര്‍ഷിച്ചത്, ഉത്തരം കണ്ടെത്താന്‍ എനിക്കോ നിങ്ങള്‍ക്കോ ആവില്ല. ഒന്ന് ഉറപ്പിച്ചു പറയുന്നു ഇനിയും വരും, ഈ സൌന്ദര്യം നുകരാന്‍. അതിനെനിക്കാവട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിച്ചു, ഒപ്പം കാശ്മീരിന്റെ ശ്വാശ്വതമായ സമാധാനത്തിനും, അടിസ്ഥാന വികസനത്തിനും..
സ്വര്‍ഗ്ഗം ഭൂമിയെ തൊടുന്ന ഒരു താഴ്വാരമുണ്ട്.!. അവിടെ മാത്രം പൂക്കുന്ന പൂക്കളുണ്ട്.!. അവിടെ മാത്രം വീശുന്ന കാറ്റുണ്ട്..!. ഒരേ സമയം സന്തോഷവും ഭീകരതയും അത്ഭുതവും നല്‍ക്കുന്ന മനോഹരമായ ആനുഭൂതി..!
ഇനിയും ഒരിക്കല്‍ കൂടി പോണം..!. അവിടെ മാത്രം പൂക്കുന്ന പൂക്കളെ കാണാന്‍..!. അവിടെ മാത്രം വീശുന്ന കാറ്റിന്റെ തണുപ്പറിയാന്‍..!!.
Comm
18. ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ: [വയലട ഹൈരേഞ്ചിലെക്ക്-കേരള]
--------------------------------------------------------------------------------------
സഞ്ചാരികളുടെ കണ്ണുകള്‍ ഇനി ഈ ഹൈരേഞ്ചിലെക്ക് തിരിയട്ടെ..
സഹ്യന്‍റെ മടിത്തട്ടില്‍ വയനാടന്‍ മലനിരകളുടെ ഓരം ചേര്‍ന്ന് കിടക്കുന്ന വയലട എന്ന ഹൈറേഞ്ചിലെ വ്യൂ പോയിന്‍റില്‍ നിന്നും ദര്‍ശിക്കാവുന്ന വശ്യ സുന്ദര കാഴ്ചകളാണ് ഇവിടെ വിവരിക്കുന്നത്.
കേരളത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകളില്‍ പലതും പുറം ലോകത്ത് അധികം ആരും അറിയാതെ മറഞ്ഞു കിടക്കുകയാണ് എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പലര്‍ക്കും പ്രയാസമാണ്. അത്തരത്തില്‍ പെട്ട, പുറം ലോകത്ത് അധികം ആര്‍ക്കും അറിയപ്പെടാത്ത, എത്തിപ്പെടാന്‍ ഒരല്പം ബുദ്ധിമുട്ടുള്ള ഒരു സുന്ദരലോകത്തേക്ക് ആയിരുന്നു ഇത്തവണത്തെ ഞങ്ങളുടെ യാത്ര. കോരിച്ചൊരിയുന്ന മഴയെ പുല്‍കാന്‍ ഒരുങ്ങിത്തന്നെ ബുള്ളറ്റുമെടുത്താണ് ഈ യാത്ര.
പ്രകൃതി സൗന്ദര്യത്തിന്റെ മാസ്മരികതയില്‍ സ്വയം അലിഞ്ഞില്ലാതാവാന്‍.
വമ്പന്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പളപളപ്പില്‍ അവഗണിക്കപ്പെട്ടു പോവുന്ന മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് വയലട. കോഴിക്കോട് ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ കക്കയം പോകുന്ന വഴിയിലാണിത്. സുഹൃത്തുക്കളില്‍ നിന്നും കിട്ടിയ ഹില്‍ ടോപ്പിന്‍റെ ചില ചിത്രങ്ങള്‍ കൂടി കണ്ടപ്പോള്‍ തന്നെ യാത്രക്ക് ഒരുക്കം കൂട്ടി.
പേരില്‍ തന്നെ ഒരു പ്രത്യേകത തോന്നിക്കുന്ന ഒരു സ്ഥലം. വയലട. നാഗരികതയുടെ സൌകര്യങ്ങള്‍ ഒട്ടും കടന്നു ചെന്നിട്ടില്ലാത്ത ഒരു തനി നാട്ടിന്‍പുറം. കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാതയില്‍ എസ്റ്റേറ്റ് മുക്ക് എന്ന സ്ഥലത്ത് നിന്നും ഇടത്തോട്ട് തിരിഞ്ഞാല്‍ തലയാട് വഴി കക്കയത്തെക്കുള്ള വഴിയായി. നയനമനോഹരമായ പ്രകൃതി കാഴ്ചകള്‍ക്ക് മാത്രമല്ല നക്സലൈറ്റ് രാജന്‍റെ ഉരുട്ടിക്കൊലയുമായി ബന്ധപ്പെട്ടു കുപ്രസിദ്ധി നേടിയ സ്ഥലം കൂടിയാണ് കക്കയം.
ഹൈവേയില്‍ നിന്നും ഏഴു കിലോമീറ്റര്‍ നീങ്ങിയാല്‍ താഴെ തലയാട് എത്താം. ഈ റോഡിലേക്ക് കയറുമ്പോള്‍ തന്നെ കാഴ്ചകള്‍ കണ്ണുകള്‍ക്ക് സ്വാഗതമോതുകയായി. നീലാകാശവും തൂവെള്ള മേഘങ്ങളും മഞ്ഞിന്‍ തലപ്പാവണിഞ്ഞ മലനിരകളും സര്‍വ്വോപരി ചുറ്റുപാടും നിറഞ്ഞ പച്ചപ്പും മനസ്സിന് വല്ലാത്ത ഒരു കുളിര്‍മ്മ പ്രധാനം ചെയ്യും. റോഡില്‍ തിരക്ക് വളരെ കുറവാണ്. വയലടയിലേക്ക് തിരിയുന്ന ജങ്ങ്ഷനില്‍ വണ്ടി നിര്‍ത്തി വഴി ഒന്ന് കൂടി ഉറപ്പാക്കി. “പെട്രോള്‍ ഒക്കെ ഉണ്ടല്ലോ അല്ലേ” ഇതായിരുന്നു ചോദ്യം. “ഒന്നൂല്ല.. നല്ല റെയ്ഞ്ച് കയറ്റാമാണ്. ഇനി മുന്പോട്ട് പെട്രോള്‍ പമ്പില്ല. തീര്‍ന്നാല്‍ പണി കിട്ടും. അതോണ്ട് പറഞ്ഞതാ”. നാട്ടുകാരന്റെ സ്വതസിദ്ധമായ ഭാഷയില്‍ മറുപടി. “അതൊക്കെ ഒക്കെ. ഞങ്ങള്‍ പോവ്വാ. നന്ദി”. ഇതും പറഞ്ഞു വണ്ടി ഫസ്റ്റ് ഗിയറിലേക്കിട്ടു.
വണ്ടി പോകുന്ന വഴിയില്‍ എല്ലാം പച്ചപ്പാണ്. റോഡിനിരുവശവും ചെടികളില്‍ ചുവപ്പും മഞ്ഞയും നിറത്തിലുള്ള ചെറിയ പൂക്കള്‍ വിരിഞ്ഞിരിക്കുന്നു. വളവും തിരിവും കൂടി വരികയാണ്. വണ്ടി ഫസ്റ്റിലും സെക്കന്റിലും മാത്രം മുരളുകയാണ്. ഒന്ന് രണ്ട് ഹെയര്‍പിന്‍ വളവുകള്‍ കിട്ടി. റബ്ബര്‍ മരങ്ങളും ജാതിയും കാപ്പിയും മറ്റും നിറഞ്ഞ തോട്ടങ്ങള്‍ ആണ് ഇപ്പോള്‍ കാണുന്നത്. വണ്ടി ഓരോ വളവുകളെയും കീഴടക്കി കുതിച്ചു കൊണ്ടേയിരിക്കുകയാണ്. മൂന്നോ നാലോ ചെറിയ കടകള്‍ മാത്രം ഉള്ള ഒരു കവലയും പിന്നെ ഒരു ക്രിസ്ത്യന്‍ പള്ളിയും, ഒരു മണിക്കൂര്‍ യാത്രക്ക് ശേഷം മുള്ളന്‍ പാറ എന്ന സ്ഥലത്തെത്തി. ഇവിടെ നിന്നും തിരിഞ്ഞാണ് വയലടയിലെക്ക് പോവേണ്ടത്.
ഇവിടെ നിന്നും കുറച്ച് ദൂരം നല്ല റോഡ്‌ ഉണ്ട്. പിന്നീടങ്ങോട്ട് മണ്‍വെട്ടു പാതകള്‍ ആണ്. പോരാത്തതിന് തകര്‍ത്തു പെയ്യുന്ന മഴയില്‍ കുതിര്‍ന്ന വഴികളും. കറുത്ത റോഡ്‌ ഇവിടെ തീരുന്നു. ചെളിയും കരിങ്കല്ലുകളും നീര്‍ച്ചാലുകളും പരസ്പരം ആലിംഗനം ചെയ്തു കിടക്കുന്ന വഴികളില്‍ക്കൂടിയാണ് ഇനി യാത്ര ചെയ്യേണ്ടത്. നടന്നു പോവാന്‍ തന്നെ ദുഷ്കരമായുള്ള ഊടുവഴികള്‍. ഒരു വലിയ റിസ്ക്‌ ആണ് ഞങ്ങള്‍ ബുള്ളറ്റിനു നല്‍ക്കാന്‍ പോകുന്നതെന്ന് ഉറപ്പായി.
പൊട്ടിപ്പൊളിഞ്ഞ റോട്ടിലൂടെയുള്ള വലിയൊരു കയറ്റത്തിന് തയ്യാറെടുക്കുകയാണ്. ഒരു മിനിറ്റ് വണ്ടി ഓഫാക്കി. തൊട്ടടുത്ത പാറകെട്ടുകള്‍ക്കിടയിലൂടെ നൃത്തം ചെയ്തു വരുന്ന ശുദ്ധമായ വെള്ളം ആവോളം പാനം ചെയ്തു. പുതിയ കാഴ്ചകള്‍ക്കും ആനുഭവങ്ങള്‍ക്കും മനസ്സ് വല്ലാതെ വെമ്പാന്‍ തുടങ്ങി. ഓരോ യാത്രയും ഓരോ അനുഭവമാണ്. മനസ്സില്‍ എന്നും താലോലിക്കാനുള്ള ഓര്‍മ്മകള്‍ സമ്മാനിക്കും എന്നുള്ള ഒരു വിശ്വാസം. വെറുതെ ഒരു വിശ്വാസം. ആര്‍ക്കും ചേതമില്ലാത്ത ഒരു വിശ്വാസം. ഒരു ചെറിയ ഇടവേളക്ക് ശേഷം വണ്ടി ഒരു പുതിയ ആവേശത്തോടെ ഉരുളാന്‍ തുടങ്ങി.
ഒരു കല്ലില്‍ നിന്നും മറ്റൊരു കല്ലിലേക്ക് ചാടി, ചളികുണ്ടുകളില്‍ വഴുതാതെ സസൂക്ഷ്മം മുമ്പോട്ട് ഗമിക്കുക്കയാണ് റോയല്‍ എന്‍ഫീല്‍ഡ്. വഴിയിലെ മഞ്ഞും മഴയും കാലാവസ്ഥയും വിചിത്രമായിരുന്നു. ഇടക്കിടക്ക് കോട മഞ്ഞിന്‍റെ സാന്നിധ്യം കുളിര്‍മ്മയേകി. കാര്‍മേഘങ്ങള്‍ മൂടി നിന്നാലും പെയ്യില്ല. പെയ്യാന്‍ തുടങ്ങിയാലോ അതൊരു പെയ്ത്തായിരിക്കും. ചാറല്‍ മഴ വിരളമായ് മാത്രം ലഭിച്ചു കൊണ്ടിരുന്നു. കഷ്ടിച് ഒരു ജീപ്പിനു പോകാനുള്ള വീതിയെ റോഡിനുള്ളു. അതാകട്ടെ റോട്ടിലേക്ക് നീണ്ടു വളര്‍ന്ന പുല്‍കൂട്ടങ്ങള്‍ ഇരുവശവും കവര്‍ന്നിരിക്കുകയാണ്.
അവിടിവിടെ ആയി കല്ലുകള്‍ പാകിയിട്ടുണ്ട്. റോയല്‍ എന്‍ഫീല്‍ഡ് കാറ്റില്‍ വള്ളങ്ങള്‍ ആടിയുലയും പോലെ ഇളകിയാടുകയാണ്. ചാറല്‍ മഴയ്ക്ക്‌ ചെറിയൊരു ശമനം ഉണ്ട്. രണ്ടാളുമായി കയറാന്‍ ബുള്ളറ്റിനു പ്രയാസകരമായ ചിലയിടങ്ങളില്‍ സമദ് ഫോണുമായി ഇറങ്ങി നടക്കാന്‍ തുടങ്ങി. രണ്ടുണ്ട് കാര്യം. ഒന്ന് അടി തട്ടാതെ വണ്ടിക്ക് വഴികാട്ടാം കൂടെ ശുദ്ധവായുവും പ്രകൃതിയുടെ ഭാവ ഭേദങ്ങളും ലാസ്യ ഭാവങ്ങളും ആവോളം ആസ്വദിക്കാം. ഒന്ന്, രണ്ട് എന്നീ ക്രമത്തില്‍ മാത്രം ഗിയര്‍ മാറ്റി ഞാന്‍ വണ്ടി ഓടിച്ചുകൊണ്ടിരുന്നു, പലപ്പോഴും മതിമറന്നു പ്രകൃതിയെ ആസ്വദിച്ചു നിന്നുപോയ സമദ് ബൈക്കിനു പിറകെ ഓടി കയറേണ്ടി വന്നു പല കുന്നുകളും.
ആവേശകരമായ ശകട മലകയറ്റത്തിനൊടുവില്‍ വയലട വ്യൂ പോയിന്‍റ് കണ്‍മുന്നിലെത്തി. എഞ്ചിന്‍ ഓഫാക്കിയപ്പോള്‍ എന്തോ മതിയാവാത്ത പോലെ വണ്ടി ഒന്ന് കൂടി മുമ്പോട്ട് ചാടി. ഇനി നടന്നു കയറണം. രണ്ടു കിലോമീറ്റര്‍. അവിടെയാണ് പ്രകൃതി അതിസുന്ദരമായ ദൃശ്യവിരുന്ന്‍ ഒരുക്കി ഒളിച്ചു വെച്ചിരിക്കുന്നത്.
ഞങ്ങള്‍ നടക്കാന്‍ തുടങ്ങി. അടിവാരത്ത് നിന്നും വാങ്ങി സൂക്ഷിച്ച കപ്പലണ്ടിയും ഉണക്കിയ മധുര നെല്ലിക്കയും ഓരോന്നായി അകത്താക്കാന്‍ തുടങ്ങി.
ആന എപ്പോളും വന്നേക്കാവുന്ന പ്രദേശം ആണെന്ന് തോന്നിപ്പിക്കുന്ന ഭൂപ്രകൃതിയായിരുന്നു. ഭീകരമായ നിശബ്ധത തെല്ലു ഭയം മനസ്സില്‍ ഉളവാക്കി. അതുകൊണ്ട് തന്നെ ആന നിരീക്ഷണവും നടത്തത്തിന്റെ ഭാഗമായി. വഴികള്‍ കുറേക്കൂടെ ഇടുങ്ങിയിരിക്കുന്നു ഇരുവശങ്ങളിലുമായി സമൃദ്ധമായ് വളര്‍ന്നു നില്‍ക്കുന്ന പുല്‍ചെടികള്‍ക്കിടയിലൂടെ ഞങ്ങള്‍ പതിയെ നീങ്ങി.
കുത്തനെയുള്ള കയറ്റങ്ങളാലും ചെളിയും കല്ലും നിറഞ്ഞ ഇടുങ്ങിയ വഴികളാലും ശാരീരികമായി ഒത്തിരി പ്രയാസപ്പെടെണ്ടി വരുമെങ്കിലും മുകളിലേക്ക് കയറും തോറും ക്ഷീണത്തേക്കാള്‍ വലിയൊരുണര്‍വ്വാണ് അനുഭവിക്കുക.
"ഇനി ഒരു 300M നടക്കണം; " കോടമഞ്ഞു മൂടി അവ്യക്തമായ ഇടുങ്ങിയ പാതയെ ചൂണ്ടി കാണിച്ചു സമദ് പറഞ്ഞു, മഴപെയ്തു ചെളി നിറഞ്ഞ പാതകളില്‍ പുല്ലുകളില്‍ ചവിട്ടി ഞങ്ങള്‍ നടന്നു, കോടമഞ്ഞിന്‍റെ കാഠിന്യം കാഴച്ചകള്‍ക്ക് വിഘാതമാകുമെന്ന് ഉറപ്പ്, എന്നിരുന്നാലും മഞ്ഞില്‍ പൊതിഞ്ഞ കാഴ്ച്ചകളുടെ ഭംഗി മറ്റെന്തിനേക്കാളും മേലെയാണെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. പുല്‍മേട്ടിലെ നീളന്‍ പുല്‍ചെടികള്‍ കഴിഞ്ഞു കുറ്റിക്കാടുകള്‍ നിറഞ്ഞ വഴിയിലൂടെ ഞങ്ങള്‍ ആവേശത്തോടെ നടന്നു.
ശ്വാസോച്ഛ്വാസം ഉച്ചത്തിലും വേഗത്തിലുമായി. മുകളില്‍ നിന്നും ഊര്‍ന്നിറങ്ങി വന്ന കോടമഞ്ഞ്‌ ടീ-ഷര്‍ട്ടിനുള്ളില്‍ തണുപ്പ് പടര്‍ത്താന്‍ തുടങ്ങി. മുന്നില്‍ വലിയ വലിയ പാറക്കൂട്ടം കാണുമാറായി. നടത്തത്തിനു വേഗം കൂടികൂടി വന്നു. മരങ്ങള്‍ക്കിടയിലൂടെ ആകാശ നീലിമ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. മാത്രമല്ല ഒരു തണുത്ത മന്ദമാരുതന്‍ ഞങ്ങള്‍ക്ക് സ്വാഗതമരുളിക്കൊണ്ട് ഉടല്‍ തഴുകാനെത്തി. പാറക്കൂട്ടത്തിനു മുകളില്‍ പുറമേ തുറസായ സ്ഥലം പോലെ തോന്നിക്കുന്ന ഒരു സ്ഥലത്തേക്ക് ഞങ്ങള്‍ നടന്നടുത്തു. ഇനി കയറാന്‍ ഇല്ല. മുകളില്‍ വെള്ളയും നീലയും അണിഞ്ഞു വിശാലമായ ആകാശം. മറുഭാഗത്തെ കാഴ്ചകള്‍ ഒന്നും കാണാനില്ല. വലിയ ഒരു ഗര്‍ത്തം പോലെ അനന്തമായ ശൂന്യത. അവിടെയാണ് ആ കാഴ്ച എന്ന് മനസ്സിലാക്കി ഞങ്ങള്‍ അങ്ങോട്ടോടി.
ഒരു നിമിഷം..!! നിശ്വാസം നിലച്ചുപോയോ ഞാന്‍ ഒന്നു ശങ്കിച്ചു.. ആരും അല്‍പ്പ നേരത്തേക്ക് ഒരു വാക്കും ഉരിയാടിയില്ല ആ വിസ്മയക്കാഴ്ച്ചയില്‍ ഞങ്ങള്‍ അലിഞ്ഞുചേര്‍ന്നു മാഞ്ഞുപോയി..!!!
സ്വര്‍ഗം താണിറങ്ങി വന്നതോ.....$$
സ്വപ്നം പീലിനീര്‍ത്തി നിന്നതോ...$$
കവി പാടിയത് അന്വര്‍ത്ഥമാക്കുന്ന ഇതുപോലോരിടം മുന്‍പ് കണ്ടുവോ ഞാന്‍...??? അറിയില്ല. ആ ഭംഗിയില്‍ അലിഞ്ഞു പോയ്‌ ആരെങ്കിലും അവിടെ നിന്നും ആത്മഹത്യ ചെയ്‌താല്‍ കുറ്റം പറയാന്‍ പറ്റില്ല...ആര്‍ക്കും ഒന്നെടുത്തു ചാടാന്‍ തോന്നിപ്പോകും..!! മൂടല്‍മഞ്ഞും മേഘവും പ്രണയാതുരമായി ഇഴുകിച്ചേര്‍ന്നൊഴുകി നടക്കുന്ന കാഴ്ച്ചകള്‍ ആരുടെ മനസ്സിലും അസൂയയുടെ റോസാപ്പൂക്കള്‍ വിരിയിക്കും.
ദൂരം ദൃശ്യത്തിനു ചാരുത നല്‍കുമെങ്കില്‍ അതിവിടെയാണ്. മലമുകളില്‍ നിന്നും ദൃഷ്ടി പായിച്ചാല്‍ ചുറ്റുപാടും കാണുന്നത് ചിത്രങ്ങളെ പോലും വെല്ലുന്ന കാഴ്ചകളാണ്. താഴ്വാരത്ത് മരങ്ങളും കുന്നുകളും അവയ്കിടയിലൂടെ വളഞ്ഞു പുളഞ്ഞോഴുകുന്ന അരുവികളും വെള്ളക്കെട്ടുകളും കാണാം. അങ്ങിങ്ങായി ചില ചെറുവെള്ളച്ചാട്ടങ്ങളും പച്ചപ്പു വിരിച്ച കുന്നിന്‍ പുറങ്ങളും നിബിഡവന പ്രദേശങ്ങളും മനം മയക്കുന്ന കാഴ്ചയാണ്. മേഘക്കീറുകള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്ന സുവര്‍ണ്ണ കിരണങ്ങള്‍ താഴ്വാരക്കാഴ്ച്ചകളെ തെളിഞ്ഞതും മങ്ങിയതുമാക്കുന്നുണ്ട്.
കോടമഞ്ഞ്‌ കാറ്റിന്‍റെ താളത്തിനൊത്ത് പായുമ്പോള്‍ ഒരു വേള ഈ കാഴ്ചകളെല്ലാം തൂവെള്ളയില്‍ അലിഞ്ഞുചേരും. അടുത്ത് നില്‍ക്കുന്ന സുഹൃത്തിനെ പോലും മറച്ചു കളയുന്നത്രയും കടുപ്പത്തില്‍ വെള്ളപരവതാനി വിരിച്ചപോലെ താഴ്വാരത്തെ മൂടിക്കിടക്കളയും ഈ കോടമഞ്ഞ്. കാണുമ്പോള് ആ വെള്ളപരവതാനിയില് കിടന്നുരുളാന് തോന്നും. സൌന്ദര്യം നിഗൂടതകളിലോളിച്ച പ്രകൃതി. തൊട്ടടുത്ത നിമിഷം മറ്റൊരു കാറ്റില്‍ ഈ മഞ്ഞിനെ കാണാനുണ്ടാകില്ല. അപ്പോള്‍ താഴ്വാരക്കാഴ്ചകള്‍ കൂടുതല്‍ വ്യക്തതയോടെ ദര്‍ശിക്കാന്‍ കഴിയും.
പ്രകൃതി അതിന്‍റെ ഏറ്റവും മനോഹാരിതയില്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന കാഴ്ചയാണിത്.
കോടമഞ്ഞിനോട് പിണങ്ങി കാര്‍മേഘം തൊട്ടു മുകളിലായി ഞങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ചിലപ്പോള്‍ ഞങ്ങളെ മേഘക്കൂട്ടങ്ങളുടെ മുകളിലാണോ എന്ന് വരെ സംശയിച്ചു. മേഘങ്ങള്‍ കനക്കുന്നു. പ്രകാശം മങ്ങുന്നു. ഞങ്ങള്‍ മൊബൈലും പെഴ്സുമെല്ലാം നനയാത്ത ബാഗിലേക്ക് മാറ്റി മഴയെ പുല്‍കാന്‍ തയാറായി. മഴയുടെ തേന്‍ തുള്ളികള്‍ ഞങ്ങളുടെ മേല്‍ മുത്തമിട്ടു തുടങ്ങി.
നിസ്വാര്‍ത്ഥമായ പ്രകൃതിയുടെ മാറില്‍ നിന്നും പെയ്തിറങ്ങുന്ന അനുഗ്രഹവര്‍ഷങ്ങളെ മുഖം വാനിലെക്കുയര്‍ത്തി ഇരു കൈകളും നീട്ടി ഞാനും സമദും ഏറ്റു വാങ്ങി....!!!
മഴ പെയ്യുന്നു. മഴ മാത്രമേയുള്ളൂ. കാലവര്‍ഷത്തിന്റെ വെളുത്ത മഴ. ഭൂമിയിലെ ഏറ്റവും പരിശുദ്ധമായ കണികകള്‍ മുടിഴിഴകളില്‍ നിന്നും കവിളിലൂടെ ഒലിച്ചിറങ്ങി. അതിന്‍റെ മാസ്മരികമായ കുളിര്‍മ്മ എന്‍റെ മനസ്സിനെയും ശരീരത്തെയും ഒരേപോലെ കീഴടക്കി. ഓരോ മഴക്കും ഓരോ താളവും ഭാവവുമുണ്ട്. അത് ആസ്വദിക്കാന്‍ കഴിയണമെന്നു മാത്രം. ഒഴിഞ്ഞ മനസ്സുമായി വന്നാല്‍ മതി. നിറഞ്ഞ മനസ്സുമായി തിരിച്ചിറങ്ങാം.
മഴ തിമിർത്തു പെയ്യുകയാണ്. കാര്‍മേഘം തുള്ളിക്കൊരു കുടം കണക്കിന് സംഗതി വാരിചൊരിഞ്ഞു. എല്ലാവരും നിന്നു കൊള്ളുകയാണ്. ചിലര്‍ ഇരു കൈകളും പരമാവധി നീട്ടി മുഖം ആകാശത്തേക്കുയര്‍ത്തി മൂളിപ്പാട്ടും പാടി അങ്ങോട്ടുമിങ്ങോട്ടും ഓടുകയാണ്.
കുറേനേരം ഹൈറേഞ്ചിലെ മഴ ആസ്വദിച്ചു. ഇനി ഇറങ്ങാന്‍ ഒരുങ്ങുകയാണ്. മഴയുടെ പാട്ടില്‍ ലയിച്ചു ബുള്ളറ്റില്‍ സവാരിയാണ്‌ അടുത്ത ലക്ഷ്യം.
മനസില്ല മനസോടെ യാത്ര പറഞ്ഞു മലയിറങ്ങിത്തുടങ്ങി. വിടപറയുന്ന ഞങ്ങളോട് പിണങ്ങിയാണോ എന്നറിയില്ല മഴ കാറ്റിന്‍റെ സഹായത്തോടെ കൂടുതല്‍ ശക്തിയായി പെയ്യാന്‍ തുടങ്ങി. അവസാനമായി ഒന്നുകൂടി പുറകോട്ടു തിരിഞ്ഞു ഇളം പുഞ്ചിരി സമ്മാനിച്ച് ഞങ്ങള്‍ പിരിഞ്ഞു. ഇനിയും ഈ അനുപമ സൌന്ദര്യത്തെ തേടി വരും എന്ന പ്രത്യാശയോടെ..!!


https://www.facebook.com/groups/TeamSanchari/permalink/959297900794681/

17. ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ- [ഇടുക്കിയിലെ കാഴ്ചകള്‍]

തൊടുപുഴ- മലങ്കര ഡാം- തുരുത്ത്- ഷൂട്ടിംഗ് സൈറ്റ്- ഇടുക്കി ആര്‍ച്ച് ഡാം- ഡൌന്‍ വ്യൂ- കാല്‍വാരി മൌണ്ട്- സ്വര്‍ണ്ണക്കുരിഷ്
വാഗമണ്‍- ഇലവിഴാ പൂഞ്ചിറ- മൊട്ടക്കുന്നുകള്‍- പാലോഴുകും പാറ- കിസ്സിംഗ് മൌന്ദൈന്‍- തങ്ങള്‍ പാറ- പൈന്‍ വാല്ലി- ഏലപ്പാറ- കട്ടപ്പന- പുളിയന്‍ മല- തൂക്കുപാലം- ചെറുതോണി- രാമക്കല്‍മേട്
===================================================
വാഗമണ്‍ സന്ദര്‍ശനം കഴിഞ്ഞു ഞങ്ങള്‍ നേരെ പോയത് പൈന്‍ കാടുകളിലെക്കായിരുന്നു. നട്ടുച്ച നേരത്തെ വെയിലിനെ തണല്‍ മരങ്ങള്‍ കൊണ്ട് പ്രതിരോധം തീര്‍ത്ത് സന്ദര്‍ശകള്‍ക്ക് കുളിര്‍മ്മയേകുകയാണ് പൈന്‍ മരങ്ങള്‍. വിശാലമായ ഒരു കുന്നിന്‍റെ ചെങ്കുത്തായ ഇരു വശങ്ങളും ഇത്തരം മരങ്ങള്‍ വളര്‍ന്നു പന്തലിച്ചിരിക്കുന്നു. തറയില്‍ വീണു കിടക്കുന്ന ഉണങ്ങിയ ഇലകളില്‍ കാലടികളില്‍ വെക്കുമ്പോള്‍ തെന്നിപ്പോവാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ അങ്ങ് താഴെ അടിവാരത്തില്‍ നിന്നും പെറുക്കിയെടുക്കാനേ പറ്റൂ.
എന്‍റെ മൂന്നു വയസുകാരി മകള്‍, റുഅ ഒരു വേള മനസ്സിലേക്ക് തീക്കനല്‍ കോരിയിട്ടുകൊണ്ട് താഴേക്ക് ഓടുകയുണ്ടായി. നാലടി വെച്ചപോഴേക്കും ഓട്ടം നിര്‍ത്താന്‍ ഞങ്ങള്‍ ആര്‍ത്തു വിളിച്ചെങ്കിലും അവള്‍ക്കു കഴിഞ്ഞില്ല. കുത്തനെയുള്ള ഇറക്കമാണ്. പേടിച്ച് കുട്ടിയും കരയാന്‍ തുടങ്ങി. സിനിമയിലൊക്കെ കാണുന്ന പോലെ ഉദ്വേഗജനകമായ സീന്‍. ഞൊടിയിടയില്‍ ഞങ്ങളിലെ സാഹസികത ഉണര്‍ന്നു. ഞാനും ജിന്‍ശാദും ശരം കണക്കെ ഇരു വശങ്ങളില്‍ കൂടിയും അവളെക്കാള്‍ വേഗതയില്‍ താഴേക്ക് ഓടാന്‍ തുടങ്ങി. ഞങ്ങള്‍ തെന്നിത്താഴെ പോകുമോ എന്നൊന്നും അപ്പോള്‍ ഓര്‍ത്തില്ല. സെക്കന്റ് സമയം കൊണ്ട് ഞങ്ങള്‍ അവളെക്കാള്‍ താഴെയെത്തി. ഓട്ടം നിര്‍ത്താന്‍ നോക്കിയെങ്കിലും ഇടത്തെ കാല്‍ വീണ്ടും തെന്നി വീണു.
രണ്ടു മീറ്ററോളം താഴേക്ക് വേണ്ടും നിരങ്ങി നീങ്ങുകയാണ്. കയ്യും കാലും ഒരു പിടിവള്ളിക്കായി ചുറ്റുപാടും പരതി. ഭാഗ്യത്തിന് ഒരു കൈ പൈന്‍ മരത്തിന്‍റെ വേരില്‍ പിടുത്തം കിട്ടി. ഒരുവിധം ഏന്തിവലിഞ്ഞു മുകളിലേക്ക് ഊര്‍ന്നു കയറി. ശ്വാസോച്ഛ്വാസം അതിശക്തമായി മുകളിലേക്കും താഴേക്കും വലിച്ചു വിടുകയാണ്. അകന്നു പോയ അപകടത്തിന്‍റെ അമ്പരപ്പില്‍ ഞങ്ങള്‍ മുഖത്തോടു മുഖം നോക്കി നെടുവീര്‍പ്പിട്ടു. ഇതിനിടയില്‍ മറ്റൊരു മരത്തില്‍ തങ്ങി കുട്ടി സുരക്ഷിതമായിരുന്നു. ഞങ്ങളെക്കാള്‍ ഒരഞ്ചു മീറ്റര്‍ മുകളില്‍. രസം അതല്ല, ഇത്രയും സംഭവിച്ചിട്ടും ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തില്‍ ഒരു മൂളിപ്പാട്ടും പാടി കൂളായി മുകളിലേക്ക് കയറിപ്പോവുന്ന അവളെ നോക്കി ചിരിക്കണോ കരയണോ എന്നറിയാതെ ഞാനും സഹയാത്രികരും പരസ്പരം അന്തം വിട്ടിരുന്നു.
ഒന്നര മണിക്കൂറോളം ഞങ്ങള്‍ പൈന്‍ വാല്ലിയില്‍ ചിലവഴിച്ചു. ധാരാളം സഞ്ചാരികള്‍ ഇവിടെ എത്തിയിട്ടുണ്ട്. ഞങ്ങളുടെ കുഞ്ഞു സഹയാത്രികരുടെ ഭക്ഷണവും വിശ്രമവും കഴിഞ്ഞതോടെ അടുത്ത ലക്ഷ്യസ്ഥാനമായ രാമക്കല്‍ മേടിലേക്കുള്ള യാത്രക്ക് തുടക്കമായി.
ഉച്ച കഴിഞ്ഞിട്ടുണ്ട് എര്ട്ടിഗ ഉരുളാന്‍ തുടങ്ങുമ്പോള്‍. കുറച്ച് ദൂരം ഓടാനുണ്ട്. വണ്ടിയില്‍ ശീതികരണ യന്തം ശക്തമായി തണുപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കുകയാണ്. വളവും തിരിവും നിറഞ്ഞ റോഡാണ്. പോരാത്തതിനു കാട്ടിലൂടെയും കുന്നിന്‍മുകളിലൂടെയും.
ഭക്ഷണത്തിന്റെ ആലസ്യം കൊണ്ടാവാം ഞങ്ങളുടെ പ്രിയതമകള്‍ പെട്ടെന്ന്‍ മയക്കത്തിലേക് വീണു. റുഅ, അല്ല ഗാനകോകിലം റുഅ പാടിക്കൊണ്ടേയിരിക്കുകയാണ്. വായില്‍ തോന്നുന്നത് കോതക്ക് പാട്ട് എന്നു പറഞ്ഞ പോലെ അവള്‍ക്കറിയാവുന്ന സകല അക്ഷരങ്ങളും കൂട്ടി കിട്ടിയ ഈണത്തിലാണ് പാട്ടുകള്‍. ബ്രീത്ത്‌ലെസ്സ് എന്നോ നോണ്‍സ്റ്റോപ്പ്‌ എന്നോ നിങ്ങള്‍ക്ക് വിളിക്കാം.
മുന്‍പോട്ടുള്ള പ്രയാണത്തില്‍ കാലാവസ്ഥ പെട്ടെന്ന്‍ മാറാന്‍ തുടങ്ങി. വലതു ഭാഗത്ത് കൂറ്റന്‍ പാറകൂട്ടങ്ങള്‍, ഇടതു ഭാഗത്ത് കുറ്റിക്കാടുകളും ഇടക്കിടക്ക് കുഞ്ഞരുവികളും ചിലപ്പോഴൊക്കെ തേയിലത്തോട്ടങ്ങളും മറ്റും ദര്‍ശനം നല്‍കി. ‘ചപ്പാത്ത്’ ക്രോസ് ചെയ്തുകൊണ്ട് വണ്ടി നീങ്ങിയപ്പോഴാണ് ഇത്, ഡാമിലെ ഓവര്‍ഫ്ലോ ആയ ജലം ഒഴുക്കി വിടാനുള്ള ഒരു സംവിധാനമാണ് എന്ന് ആരോ പറഞ്ഞു കേട്ടത്.
വണ്ടി മലനിരകളെ കീറിമുറിച്ചുണ്ടാക്കിയ ഹൈവേയിലൂടെ കുതിക്കുകയാണ്. മുന്‍ഗ്ലാസില്‍ കോടമഞ്ഞിന്റെ നേര്‍ത്ത മങ്ങല്‍ സുഹൃത്തായ ഡ്രൈവര്‍ ജബ്ബാര്‍ വൈപ്പര്‍ ഉപയോഗിച്ച് ക്ലീന്‍ ചെയ്തു കൊണ്ടിരുന്നു. അങ്ങിങ്ങായി ഒന്ന് രണ്ടു മഴത്തുള്ളികള്‍ ഗ്ലാസ്സില്‍ മുത്തമിട്ടു. മഴ പെയ്താല്‍ യാത്രക്ക് പ്രതികൂലമായ പല കാര്യങ്ങളും ഹൈരേന്ജ് സവാരിക്ക് ഉണ്ടാവാറുണ്ട്. അതു മാത്രമല്ല ഇത്രയും യാത്ര ചെയ്തിട്ട് രാമക്കല്‍ മേടിനു മുകളില്‍ കയറാന്‍ പറ്റാതെ നിരാശരാവേണ്ടി വരുമോ എന്ന ചിന്തയും ഞങ്ങളെ സങ്കടത്തിലാക്കി.
വണ്ടി കട്ടപ്പനയിലേക്കു തിരിഞ്ഞപ്പോഴേക്കും മഞ്ഞിന്റെയും തണുപ്പിന്റെയും ശക്തമായ ഒരു മുന്നണി പ്രകൃതിയെ ഭരിക്കുന്നുണ്ടായിരുന്നു. തൊടുപുഴ - പുളിയന്മല സ്റ്റേറ്റ് ഹൈവേ 33-ൽ ഇടുക്കി ഡാമിനു തോളൊപ്പം റോഡെത്തുന്ന വളവും കഴിഞ്ഞ് നീങ്ങുമ്പോൾ കാറിന്‍റെ ഡോര്‍ ഗ്ലാസ് ഷട്ടറുകൾ താഴ്ന്നു. മുമ്പേ പലതവണ തവണ ഇടുക്കി ആർച്ച് ഡാം കണ്ടിട്ടുണ്ടെങ്കിലും ഇന്നും ആദ്യം കണ്ട കൗതുകത്തോടെയാണ്‌ ആ ഹെയർപിൻ വളവു താണ്ടുമ്പോൾ ഞാൻ ഡാമിനെ നോക്കിയത്. എന്നെപ്പോലെ പലരും കാണും. കാരണം സമാന ഭാവം വിരിയുന്ന പലജോഡി കണ്ണുകൾ ആ ഡാമിനു നേർക്ക് പോകുന്നതു ഞാൻ എത്രയോ കണ്ടിരിക്കുന്നു.
പുളിയന്മല സാമാന്യം വലിയ അങ്ങാടിയാണ്. അനേകം കയറ്റിറക്കങ്ങളിലൂടെയും വളവുകളിലൂടെയും ഞങ്ങളെ തെളിച്ചു കൊണ്ടിരിക്കുകയാണ് വെള്ള എര്‍ട്ടിക. ഗൂഗിളിൽ നിന്നും പ്രിൻറ് ചെയ്ത റോഡ്‌ മാപ്പും നോക്കി, മലയോര പാതയിലെ കവലകളിൽ നിർത്തി, റോഡിൽ കണ്ടവരോട് ചോദിച്ചു ചോദിച്ചു കൊണ്ടാണ് സവാരി. ഗൂഗിള്‍ മാപും ഓഫ്‌ലൈന്‍ നാവിഗേഷന്‍ സോഫ്റ്റ്‌വെയറും ഒക്കെ സഞ്ചാരികളെ സംബന്ധിച്ചിടത്തോളം വിലമതിക്കാനാവാത്ത സേവനങ്ങളാണ്.
അറിയാത്ത വഴികളിലൂടെ കിലോമീറ്ററുകള്‍ നീളുന്ന യാത്ര.
മുന്നിലെ വഴിയിൽ കാണുന്ന വളവിനപ്പുറം എപ്പോൾ വേണമെങ്കിലും പാഞ്ഞെത്താവുന്ന ഒരു ബസ്സിനോ ലോറിക്കോ ആപേയ്ക്കൊ കണ്ണുകൂർപ്പിച്ചു ഞാനിരുന്നു. റോഡരുകിലെ കനാലില്‍ കരയിലൂടെ അല്പം നടന്നപ്പോള്‍ തന്നെ ആദ്യ വെള്ളച്ചാട്ടത്തിന്റെ ശബ്ദം ചെവികളെ തഴുകിയെത്തി.
തിരക്ക് പിടിച്ച ജീവിതത്തില്‍ നിന്നും ഒരു ദിവസ്സത്തെക്ക് മാത്രമായിട്ടുള്ള മോചനം ഞങള്‍ ആസ്വദിക്കാന്‍ തുടങ്ങി. മുന്‍പേ പോയവന്റെ കാല്‍പാട് പോലും മായ്ച്ചു കളയുന്ന ആ കാട്ടു വഴികളിലൂടെ നടക്കാന്‍ മനസ്സ് വെമ്പല്‍ കൊള്ളുകയായിരുന്നു. കിളികളുടെ ശബ്ദവും കാടിന്റെ വന്യതയും അനുഭവിക്കാന്‍ തുടങ്ങി. എങ്ങും നിറഞ്ഞ പച്ചപ്പ്‌ മാത്രം.
പോകുന്ന വഴിക്ക് ചില ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങള്‍ കുറെ എണ്ണം ഉണ്ട് .
രാമക്കല്ല്‌: ഐതിഹ്യങ്ങളില്‍ നിറയുന്ന ശിലാശൃംഗം. സീതാപഹരണ കാലത്ത്‌ പത്നിയെത്തേടി കാടായ കാടുമുഴുവന്‍ അലഞ്ഞ ശ്രീരാമന്‍ ഇവിടെയുമെത്തുകയും ഈ മലയുടെ മേലെ നിന്നു ദൂരെ താഴ്‌വരയിലേക്കു നോക്കി ഏറിയ ദുഃഖഭാരത്താല്‍ സീതയെ ഉറക്കെ വിളിക്കുകയും ചെയ്‌തെന്നാണ്‌ വിശ്വാസം. സ്ഥലത്തിന്‌ ആ പേരു വരാന്‍ കാരണവും ഈ കഥ തന്നെ. ഇതിന്‌ അവലംബമെന്നോണം രാമക്കല്ലിന്റെ ഉച്ചിയില്‍ കാല്‍പാദം പോലുള്ള ഒരടയാളവും ഉള്ളതായി പറയപ്പെടുന്നു. ആ പാറയുടെ മുകളിലേക്ക് വലിഞ്ഞു കയറാന്‍ കുറച്ച് കൂടുതല്‍ ഗട്‌സ്‌ തന്നെ വേണം..
രാമക്കല്ലിന്റെ കിഴക്കുവശം കുത്തനെ നില്‍ക്കുന്ന പാറകൊണ്ടുള്ള ഒരു ഭിത്തി പോലെ. നൂറുകണക്കിന്‌ അടി താഴെ കാണുന്ന മരങ്ങള്‍ വെറും പുല്‍ക്കൊടി പോലെ തോന്നിക്കുന്നു. കാലൊന്നിടറിയാല്‍ ആളു താഴേക്കു പതിക്കും. നോക്കിയാല്‍ത്തന്നെ തലകറങ്ങുമെന്നതു വേറെ കാര്യം. തവിടുപൊടിയായിട്ടേ ശവം പോലും കിട്ടൂ. ചെന്നു വീഴുന്നതോ തമിഴ്‌നാട്ടിലും. യാതൊരു സുരക്ഷാസംവിധാനവും ഇല്ലാത്ത ഇവിടെ പണ്ടുകാലങ്ങളില്‍ എത്രയോ ആത്മഹത്യകള്‍ നടന്നിരിക്കുന്നു!
രാമക്കല്‍ മേട്: ഇടുക്കിയിലെ അല്ല കേരളത്തിലെ തന്നെ വളരെ പ്രസിദ്ധമായ ഒരു ഹില്‍ സ്റ്റെഷനാണ് രാമക്കല്‍ മെട്. മുന്നാര്‍ - തേക്കടി റൂട്ടില്‍ നെടുംകണ്ടം എന്ന ടൌണില്‍ നിന്നും പതിനഞ്ചു കിലേമീറ്റര്‍ മാറിയാണ് പശ്ചിമഘട്ടത്തിലെ ഈ ടോപ്‌ സ്റ്റേഷന്‍ സ്ഥിതിചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 3500 അടി ഉയരത്തില്‍ കയറിയെത്തിയാല്‍ പിന്നെ കണ്മുന്നില്‍ വിരിയുന്ന വിസ്മയക്കാഴ്ചകള്‍ നിങ്ങളെ മറ്റൊരു ലോകത്തിലേക്ക് കൈപ്പിടിച്ചുയര്‍ത്തുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.
ശിഷിരത്തിലും ശൈത്യത്തിലും വേനലിലും മഴയത്തും എന്നുവേണ്ട ഏതു സീസണായാലും സദാസമയം വീശിക്കൊണ്ടിരിക്കുന്ന തണുത്ത കാറ്റാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. മണിക്കൂറില്‍ മുപ്പത്തഞ്ചു കിലോമീറ്റര്‍ വേഗത്തില്‍ വരെ സ്പീഡിലാണ് കാറ്റിന്റെ വേഗത.
പാറക്കെട്ടില്‍ അങ്ങിങ്ങു തൂങ്ങിനില്‍ക്കുന്ന തേനീച്ചക്കൂടുകള്‍. താഴെ വനം. അതിനുമപ്പുറം കാര്‍ഷികസമൃദ്ധി വിളിച്ചറിയിക്കുന്ന പാടങ്ങളും തോട്ടങ്ങളും. ചെസ്സ്‌ബോര്‍ഡിലെ ചതുരങ്ങള്‍ പോലെ കൃഷിക്കളങ്ങള്‍. സൈന്യം വരി നില്‍ക്കുന്നതു പോലെ അടുങ്ങിക്കാണപ്പെടുന്നു തോട്ടങ്ങളിലെ മാവുകളും പുളിമരങ്ങളും. ഉഴുതിട്ട കളങ്ങള്‍ ചെമ്മണ്ണിന്റെ സൗന്ദര്യം ഉദ്‌ഘോഷിക്കുന്നു. പ്രൗഢിയോടെ തലപൊക്കിനില്‍ക്കുന്ന തെങ്ങിന്‍തോപ്പുകള്‍.
അങ്ങിങ്ങായി കാണപ്പെടുന്ന കനാലുകളും ചെറിയ കുളങ്ങളും. ഇവയെ കീറിമുറിച്ചുകൊണ്ട്‌ പോകുന്ന ടാറിട്ട ഒരു റോഡ്‌. കുറെ നേരം അങ്ങനെ നോക്കി നില്‍ക്കുമ്പോള്‍ അതിലേ ഏതെങ്കിലും ഒരു വാഹനം പോകുന്നതു കാണാം. ചിലയിടങ്ങളില്‍ നിന്നും പുക ഉയരുന്നു. അങ്ങിങ്ങ്‌ പട്ടണങ്ങളും ഒറ്റപ്പെട്ട മലകളും കാണാം. നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്നു തമിഴകം. അവിടത്തെ പച്ചപ്പിന്റെ കൃഷിയുടെ കാഴ്ചയുടെ ഓരോ തന്മാത്രയിലും നമുക്കു വായിച്ചെടുക്കാം
മഹാനഗരത്തിന്റെ വെറിപിടിച്ച ശബ്‌ദകോലാഹലങ്ങളില്ല, പൊടിയും പുകയുമേറ്റു വാടിയ വിഷക്കാറ്റില്ല, തിരക്കും മണിമന്ദിരങ്ങളുമില്ല, ശുദ്ധമായ പ്രകൃതി, ആഞ്ഞൊന്നു ശ്വാസം വലിച്ചാല്‍ ഉണര്‍വ്വ്‌ ഓരോ രക്തക്കുഴലിലൂടെയും തുള്ളിക്കുതിച്ചൊഴുകുന്നതറിയാം...
Comment

https://www.facebook.com/groups/TeamSanchari/permalink/972595292798275/

16. ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ [കാല്‍വാരി മൌണ്ടിലെ സ്വര്‍ണ്ണക്കുരിഷ്-ഇടുക്കി-കേരള]
--------------------------------------------------------------
നിര്‍മ്മാണ വൈദഗ്ദ്യത്തില്‍ ഇന്നും അത്ഭുതമായി അഭിമാനത്തോടെ നെഞ്ചുവിരിച്ച് നില്‍ക്കുന്ന ഇടുക്കി ആര്‍ച്ച് ഡാമിന്റെ താഴെയാണ് ഞങ്ങളിപ്പോള്‍. ഒരു നൂറു മീറ്റര്‍ മാത്രം ദൂരത്തില്‍ ഡാം കാണാം. മുകളില്‍ നിന്നും കാണുന്ന കാഴ്ചയേക്കാള്‍ പതിന്മടങ്ങ്‌ ഭയാനകമാണ് ഡൌന്‍ വ്യൂയിലെ കാഴ്ച. ഏതു നേരവും അതു പൊട്ടി പ്പോവുമോ എന്ന് തോന്നുമാറു രണ്ടു മലകള്‍ക്ക് നടുവിലായി ബില്ല്യന്‍ കണക്കിനു ജലഭാര ഗര്‍ഭവും പേറി വീര്‍പ്പുമുട്ടി നില്‍ക്കുകയാണ്. ആ കാഴ്ച എത്ര കണ്ടാലും മതിയാവില്ല.
താഴ്ഭാഗത്ത് പൊളിഞ്ഞതും തുരുമ്പിച്ചതുമായ യന്ത്ര സാമഗ്രികളും ഇരുമ്പിന്റെ കമ്പിക്കൂട്ടങ്ങളും ചിതറിക്കിടക്കുന്നുണ്ട്. പണ്ടെങ്ങോ പ്രവര്‍ത്തിച്ചതും എന്നാല്‍ ഇന്ന് ഉപയോഗശൂന്യവുമായ മഞ്ഞ പെയിന്റടിച്ച ഒരു ചെറിയ ബില്‍ഡിംഗ്‌ അവിടെയുണ്ട്. താഴേക്ക് ഇറങ്ങാന്‍ വള്ളിപ്പടര്‍പ്പുകള്‍ക്കിടയിലൂടെ ചെറിയ സ്റ്റെപ്പുകളും കാണാം. ഞങ്ങള്‍ പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ പുല്‍ക്കൂട്ടങ്ങളെ വകഞ്ഞുമാറ്റി താഴേക്ക് ഇറങ്ങാന്‍ തുടങ്ങി.
താഴെ കൊച്ചു കൊച്ചു അരുവികള്‍ ധാരാളം ഉണ്ട്. ഡാമിന്റെ പാശ്ചാത്തലമാക്കി ഞങ്ങളെ ക്യാമറയില്‍ പകര്‍ത്തി. താഴ്വാരത്ത് കണ്ട മറ്റൊരു കാഴ്ചയായിരുന്നു കൊച്ചു കുടിലുകള്‍. ചെറിയ കുട്ടികള്‍ ഓടിച്ചാടി കളിക്കുന്നുണ്ട്. ഭീതിയുടെ ഒരു ചെറിയ ലാഞ്ചന പോലും അവരില്‍ പ്രകടമായില്ല.. പതിനഞ്ച് മിനിറ്റ് അവിടെ ചിലവഴിച്ചത് എങ്ങനെ എന്ന് ഞങ്ങള്‍ക്ക് മാത്രമേ അറിയൂ..
അവിടെ നിന്നും ഞങ്ങള്‍ പോയത് കാല്‍വരി മൌണ്ടിലെക്ക് ആയിരുന്നു. അടിവാരത്ത് നിന്നും ഏകദേശം ഒരു മണിക്കൂര്‍ യാത്രക്ക് ശേഷം ഞങ്ങള്‍ അവിടെ എത്തി. മെയിന്‍ റോഡില്‍ നിന്നും ഇടത്തോട്ട് ഇടുങ്ങിയ റോഡിലൂടെ ഒരു കിലോമീറ്ററോളം മുകളിലേക്ക് വണ്ടി കയറ്റം. അത്ര സുഖകരമായ വഴിയല്ല ഇത്. മുകളിലേക്ക് കയറും തോറും കാറ്റിന്‍റെ ശക്തി കൂടി കൂടി വരികയാണ്.
ഞാന്‍ കുട്ടികളെ ഒക്കെ മഫ്ലാറും ടര്‍ക്കിയും കൊണ്ട് പൊതിഞ്ഞു. ശക്തമായ തണുപ്പ് ശരീരത്തിനുള്ളിലേക്ക് തുളച്ചു കയറാന്‍ തുടങ്ങി. കൂടെ കാറ്റും. പാര്‍ക്കിംഗ് ടിക്കറ്റെടുത്ത് വണ്ടി ഒതുക്കി നിര്‍ത്തി. ഇത് ഒരു പുല്‍മേട് ആണ്. ഏതൊരു പുല്‍മേടിന്‍റെയും ഭൂപ്രകൃതി പോലെ തന്നെ കാറ്റും തണുപ്പുമാണ് ഇവിടെയും. ഇടുക്കി സന്ദര്‍ശിക്കുന്ന അധികമാളുകളും കാണാതെ പോവുന്ന സുന്ദരന്‍ കാഴ്ചകളാണ് കാല്‍വരി മൌണ്ടില്‍ ഒരുക്കി വെച്ചിട്ടുള്ളത്‌.
ഇടുക്കിയില്‍ നിന്നും കട്ടപ്പനക്കുള്ള ബസ്സില്‍ കയറുക. കയറ്റം തുടങ്ങുന്നതനുസരിച്ചു കാലാവസ്ഥയില്‍ മാറ്റാം വരുന്നത് നമ്മുക്ക് അനുഭവിച്ചറിയാന്‍ പറ്റും. ഇടുക്കി ഭാഗം ചൂട് കൂടുതല്‍ ഉള്ള മേഖലയാണ്. നാരകക്കാനം കഴിയുമ്പോള്‍ മുതല്‍ നല്ല തണുപ്പ് ആരംഭിക്കും. മഴക്കാലമോ മഞ്ഞുള്ള കാലമോ ആണെങ്കില്‍ അവിടെ മുതല്‍ പതിയെ മഞ്ഞു മൂടാന്‍ തുടങ്ങും. അടുത്തതു ഡബിള്‍കട്ടിംഗ് റോഡിന്റെ രണ്ടു വശത്തും കട്ടിങ്ങ് ഉയര്‍ന്നു നില്‍ക്കുന്നതുകൊണ്ട് നല്കിയതാനീ പേര്. അടുത്ത സ്റ്റോപ്പ്‌ കാല്‍വരി മൌണ്ടിന്റെ കവാടമായ സ്ഥലം, പത്താംമൈല്‍ എന്നാണു അറിയപ്പെടുന്നത്.
ഇത് കാല്‍വരിമൌണ്ട്, നട്ടുച്ചക്ക് പോലും മുട്ടും പല്ലും കൂട്ടിയിടിക്കത്തക്ക തണുപ്പ് നിറഞ്ഞ പ്രദേശം. കോടമഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന മരങ്ങളും ചെടികളും. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 2500 ഓളം മി. ഉയരം. ഒരു ഭാഗത്തായി ഇടുക്കി ജലസംഭരണിയുടെയും മറുവശത്തു കട്ടപ്പന, കാമാക്ഷി, മരിയാപുരം പഞ്ചായത്തുകളുടെ മനോഹര ദൃശ്യത്താല്‍ അനുഗ്രഹിക്കപ്പെട്ട ഇടം. അധികാരികളുടെ കണ്ണ് തുറന്നാല്‍ കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തില്‍ പ്രധാന സ്ഥാനം വഹിക്കാന്‍ അവകാശമുള്ള സ്ഥലം.
സായാഹ്ന കിരണങ്ങള്‍ മേഘങ്ങള്‍ക്കിടയിലൂടെ പാതയില്‍ പടരുകയാണ്. മലകള്‍ക്കിടയില്‍ ഒരു പെരുമ്പാമ്പിനെ പോലെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന ഇടുക്കി ഡാം റിസര്‍വോയറിന്റെ കാഴ്ചയാണ് മൌണ്ടിലെ പ്രധാന കാഴ്ച. ഇതുപോലുള്ള സ്ഥങ്ങളില്‍ രാവിലെയോ വൈക്കുന്നെരമോ ഒക്കെ വേണം പോകാന്‍. പ്രകൃതി അതി സുന്ദരമായ കാഴ്ച്ചകളോരുക്കി വെക്കുന്നത് ഈ സമയങ്ങളിലാണ്.
ഇരുവശവും മലകള്‍, മലകളുടെ അടിഭാഗം കൊടും കാടും. മലകളുടെ നടുവിലൂടെ നീല നിറത്തില്‍ റിസര്‍വോയര്‍. ചുരുക്കി പറഞ്ഞാല്‍, ചിത്രം വരച്ചിട്ടത് പോലെ ഒരു സ്ഥലം. രിസര്‍വോയറിന് കൂടുതല്‍ ഭംഗി നല്‍കുന്നത് നടുവിലായോക്കെ ദ്വീപ്‌ പോലെ പൊന്തി നില്‍ക്കുന്ന ചെറു മലകളാണ്. സമയം നാലര ആകുന്നതേ ഉള്ളു. തണുപ്പ് ശക്തി കൂട്ടി ഞങ്ങളെ ആക്രമിക്കുകയാണ്. രിസര്‍വോയറിന് മുകളില്‍ മഞ്ഞ് പുക പോലെ വന്നു നില്‍ക്കുന്നത് കൊണ്ട്, ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ ഞങ്ങള്‍ നന്നേ പാട് പെട്ടു.
കാല്‍വെരി മൌണ്ടിന് ഇരു വശവും രണ്ടു കുന്നുകളുണ്ട്, കയറാന്‍ വഴിയും. പക്ഷെ രണ്ടു കുന്നിന്റെയും മുകള്‍ ഭാഗം ഏതോ എസ്റ്റേറ്റ്‌ ആണെന്ന് തോനുന്നു. കുറെ നേരം അവിടെ തന്നെ ഇരുന്നു കാല്‍വെരി മൌണ്ടിന്റെ ഭംഗി ആസ്വദിച്ചു. ചെങ്കുത്തായ ചെരിവോടുകൂടിയ ഈ കുന്ന് ടൂറിസ്റ്റുകളുടെ ഇഷ്ട കേന്ദ്രമാണ്. ക്രിസ്തീയനുഷ്ടാനമായ 40 നൊയമ്പും ദുഖവെള്ളിയുമായി ബന്ധപ്പെട്ട് ഇവിടെ നടക്കുന്ന പ്രദക്ഷിണ ജാഥ ഏറെ പ്രസിദ്ധമാണ്.
ക്രിസ്തുവിന്റെ കുരിശാരോഹണത്തെ അനുസ്മരിച്ച് കുരിശുകളേന്തി വിശ്വാസികള്‍ ഊര്‍വലം വെക്കുന്നു. ഏപ്രില്‍ മാസത്തിലാണ് ഈ പ്രദക്ഷിണം.
കാല്‍വരിക്കുന്നില്‍ നിന്ന് രണ്ട് വ്യത്യസ്ത കോണുകളിലെ പ്രകൃതി ദൃശ്യങ്ങള്‍ സന്ദര്‍ശകന് ഈ കുന്നില്‍ നിന്ന് കാണാം.
ഇടതു വശത്തു മുകുള്‍ ഭാഗത്തെക്കായി കാണുന്ന വഴി കുരിശുമല യിലേക്കുള്ളതാണ്. സുഹൃത്തിനെയും കുടുംബത്തെയും വിശ്രമിക്കാനിരുത്തി ഞാനും ജിന്‍ശാദും ചെറിയൊരു ട്രക്കിങ്ങിനിറങ്ങി. ഒരു ഇവനിംഗ് സോഫ്റ്റ്‌ ട്രക്ക്. താഴെ വലതു വശത്ത് വളഞ്ഞു പുളഞ്ഞു ഒഴുകുന്ന ഇടുക്കി നദികളും ചെറു തുരുത്തുകളും ആണെങ്കില്‍ ഇടതു വശത്ത് ഒരു ചെറിയ അങ്ങാടിയുടെ ദൂരക്കാഴ്ച്ചയാണ്.
ഉയര്‍ന്നു നില്‍ക്കുന്ന പുല്‍ക്കൂട്ടങ്ങളെ വകഞ്ഞു മാറ്റി ഞങ്ങള്‍ മുകളിലേക്ക് ഓടാന്‍ തുടങ്ങി. തണുത്ത കാറ്റ് ഉള്ളിലേക്ക് ആഞ്ഞു വലിക്കാന്‍ തുടങ്ങി. പത്തു പതിനഞ്ചു മിനിറ്റ് ആ മല ഞങ്ങള്‍ കീഴടക്കി. അവിടെ സിമന്റില്‍ തീര്‍ത്ത ഒരു കുരിശുണ്ടായിരുന്നു. മലമുകളില്‍ എത്തിയപ്പോള്‍ ആണ് അതിനെക്കാള്‍ വലിയ മറ്റൊരു മല അപ്പുറത്ത് കണ്ടത്. അതും കൂടി കീഴടക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഈ മല ഇറങ്ങി അടുത്ത മല കയറാന്‍ തുടങ്ങി. അതിന്‍റെ മുകളിലാണ് ആ കൂറ്റന്‍ കുരിശുള്ളത്. സുവര്‍ണ്ണ നിറത്തില്‍ അസ്തമയ സൂര്യന്‍റെ പൊന്‍ കിരണങ്ങളുടെ പാശ്ചാത്തലത്തില്‍ വല്ലാത്തൊരു കാഴ്ചയായിരുന്നു അത്. കാല്‍വാരി മൌണ്ടിലെ സ്വര്‍ണ്ണക്കുരിഷ്..
മഹാനഗരത്തിന്റെ വെറിപിടിച്ച ശബ്‌ദകോലാഹലങ്ങളില്ല, പൊടിയും പുകയുമേറ്റു വാടിയ വിഷക്കാറ്റില്ല, തിരക്കും മണിമന്ദിരങ്ങളുമില്ല, ശുദ്ധമായ പ്രകൃതി, ആഞ്ഞൊന്നു ശ്വാസം വലിച്ചാല്‍ ഉണര്‍വ്വ്‌ ഓരോ രക്തക്കുഴലിലൂടെയും തുള്ളിക്കുതിച്ചൊഴുകുന്നതറിയാം.പ്രകൃതി അതിന്‍റെ ഏറ്റവും മനോഹാരിതയില്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന കാഴ്ചയാണിത്.
ഒഴിഞ്ഞ മനസ്സുമായി വന്നാല്‍ മതി. നിറഞ്ഞ മനസ്സുമായി തിരിച്ചിറങ്ങാം.....!!
https://www.facebook.com/groups/TeamSanchari/permalink/1018468434877627/ 
15. ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ.. [കക്കയം - കോഴിക്കോട്]

കക്കയത്തെ പ്രധാന ആകര്‍ഷണം ഉരക്കുഴി വെള്ളച്ചാട്ടമാണ്. പാര്‍ക്കിംഗ് ബെയില്‍ നിന്നും ഒരു കിലോമീറ്റര്‍ നടന്നാല്‍ ഡാം സൈറ്റ് എത്തും. ടാറിട്ട റോഡുണ്ട്. വലത് വശത്ത് നല്ല അസ്സല്‍ കാടാണ്. ഇടത് ഭാഗത്ത് വിശാലമായ വെള്ളക്കെട്ടുകളും അവക്കിടയിലെ തുരുത്തുകളും. സായാഹ്നങ്ങളില്‍ സഞ്ചാരികള്‍ക്കായി ബോട്ടിങ്ങും തുടങ്ങിയിട്ടുണ്ട്.. വലിയ വലിയ കരിങ്കല്‍ പാറകളും അവക്കിടയിലെ ചതിക്കുഴികളും അത്യന്തം അപകടമാണ്
.
ഉരുകുഴി വെള്ളച്ചാട്ടത്തിന്റെ മുകള്‍ ഭാഗം. കരുതലോടെ വേണം ഇവിടെ നില്‍ക്കാന്‍. സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 2400 അടി ഉയരത്തില്‍ ആണ് ഇപ്പൊ നമ്മള്‍ നില്‍ക്കുന്നത്. ഉരലില്‍ ഉണ്ടാകുന്ന കുഴി പോലെ ചെറുതും വലുതുമായ നൂറു കണക്കിനു കുഴികള്‍ പാറകള്‍ക്ക് മുകളില്‍ ഉള്ളത് കൊണ്ടാണ് ഉരല്‍കുഴി അഥവാ ഉരകുഴി വെള്ളച്ചാട്ടമായി മാറിയത്. വല്ല വിധേനയും ആരെങ്കിലും താഴേക്ക് വീണെങ്കില്‍ കൂടെ വന്നവര്‍ക്ക് വീട്ടില്‍ പോവാം.. കേരളത്തിലെ തിരച്ചില്‍ ഇല്ലാത്ത ഏക ടൂറിസ്റ്റ് പ്ലേസ് ആണ് ഉരകുഴി. അത്രയം ദുര്‍ഘടമായ പാറക്കെട്ടുകള്‍ ആണിത്. നക്സല്‍ രാജന്‍റെ തിരോധാനം ഈ പാറക്കൂട്ടങ്ങള്‍ക്ക് ഇടയിലാണെന്ന് പറയപ്പെടുന്നു..


ഒരേ പുഴയില്‍ മൂന്നു പ്രോജക്ടുകള്‍... ബാണാസുര ഡാമിലെ ഉപയോഗത്തിന് ശേഷമുള്ള വെള്ളമാണ് പെന്‍സ്റ്റൊക്കിലൂടെ താഴേക്ക് ഒഴുക്കി വിടുന്നത്.. ഈ വെള്ളമാണ് ഇവിടെ കക്കയം ഭാഗത്തേക്ക് ഒഴുകിയെത്തുന്നത്. ഇവിടുത്തെ വൈദ്യുതി ഉത്പാദനം കഴിഞ്ഞ വെള്ളം വീണ്ടും താഴെയുള്ള പെരുവണ്ണാമുഴി പ്രോജക്ടിലേക്ക് തിരിച്ചു വിടുന്നു.. ഒരേ പുഴയില്‍ മൂന്നു പ്രോജക്ടുകള്‍...



https://www.facebook.com/media/set/?set=oa.1041333445924459&type=1
13: ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ.
കൊളഗപ്പാറയിലെ സൂര്യോദയം.
==============================
വയനാട് എന്ന് കേള്‍ക്കുന്നതേ ഒരു കുളിരാണ്.
വ്യതസ്തതകള്‍ കൊണ്ട് സമ്പന്നമായിരുന്നു സഞ്ചാരി വയനാട് യൂണിറ്റ് നടത്തിയ ലോഞ്ചിംഗ് പ്രോഗ്രാം. “ഉദയം മുതല്‍ അസ്തമയം വരെ” എന്ന ബാനറില്‍ നടത്തിയ പരിപാടികള്‍ ചുരുക്കത്തില്‍...
1. ഇരുട്ടും കുളിരും പരസ്പരം ആലിംഗനം ചെയ്തു കിടക്കുന്ന വയനാടന്‍ പുലര്‍ച്ചയിലെ മലകയറ്റം.
2. കൊളഗപ്പാറയിലെ സൂര്യോദയം.
3. തുടി എന്ന ആദിവാസി പരമ്പരാഗത വാദ്യോപകരണ നിര്‍മ്മാണം.
4. ഫാന്റം റോക്ക് സന്ദര്‍ശനവും അമ്പും വില്ലും പരിശീലനവും.
5. നെല്ലറചാലിലെ സൂര്യാസ്തമയം.
6. ഓരോരോ ലൊക്കേഷനുകള്‍ക്കിടയിലുള്ള ബൈക്ക് റൈഡ്.
ഫെബ്രുവരി 5 ശനി.
----------------------------
രാത്രി പത്തു മണിയോടെ യാത്ര ആരംഭിക്കുന്നു. വയനാട്ടിലെ അമ്പലവയലിലെക്ക്. നാലു എന്‍ഫീല്‍ഡും ഒരു യൂണികോണും. കോഴിക്കോട്- മൈസൂര്‍ നാഷണല്‍ പാത ആരവങ്ങള്‍ ഒഴിഞ്ഞു വിജനമായിക്കൊണ്ടിരിക്കുന്നു. പല അങ്ങാടികളിലും കടകള്‍ക്ക് ഷട്ടര്‍ വീണു കഴിഞ്ഞു. പതുക്കെയാണ് ഞങ്ങളുടെ യാത്ര. പതിനൊന്നോടെ അടിവാരത്ത് നിന്നും ചുരം കയറാന്‍ തുടങ്ങി.
വലിയ ഫോര്‍വേഡ് ലോറികളും ബംഗ്ലൂരിലെക്കുള്ള ബസ്സുകളും തന്നെയാണ് ഈ സമയത്ത് കൂടുതലും. അങ്ങിങ്ങായി ചില കാറുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നു. ടൂര്‍ പോവുന്ന കൊച്ചു കൊച്ചു സംഘങ്ങള്‍. ചുരത്തിലെ രാത്രി കാഴ്ചകള്‍ അതി മനോഹരമാണ്. വനത്തിന്റെ വശ്യതയും ഇരുട്ടിന്‍റെ ഭീകരതയും ഒക്കെ നമുക്കിവിടെ ആസ്വദിക്കാം. ഒമ്പതാം വളവിലെ വ്യൂ പോയിന്‍റില്‍ അല്പനേരത്തെ വിശ്രമത്തിന് ശേഷം നേരെ വിട്ടു മീനങ്ങാടിയിലെക്ക്.
മീനങ്ങാടി നിന്നും വലത്തോട്ട് തിരിഞ്ഞു അമ്പലവയല്‍ പഞ്ചായത്ത് ഓഫീസിന്‍റെ എതിര്‍വശത്ത് ദോഹ റെസിഡന്‍സി എന്ന ഹോട്ടലിലാണ് ഞങ്ങള്‍ക്കുള്ള താമസം ഒരുക്കിയിരിക്കുന്നത്. പന്ത്രണ്ടരയോടെ ഞങ്ങള്‍ റൂമിലെത്തി. ഞങ്ങളെക്കാത്ത് വേറെ കുറെ സഞ്ചാരികള്‍ മുമ്പേ അവിടെ എത്തിയിരുന്നു. പരിചയപ്പെടലും കുശലാന്വേഷണങ്ങളും ഒക്കെ കഴിഞ്ഞു ഉറക്കം മൂന്നു മണിക്ക്.
പിറ്റേന്ന് ഞായര്‍
------------------------
പുലര്‍ച്ചെ നാലു മണിക്ക് എഴുന്നേല്‍ക്കുന്നു. 5.15 നു യാത്ര തുടങ്ങുന്നു. കൊളഗപ്പാറ ട്രക്കിംഗ് ആണ് ലക്ഷ്യം. പതിനഞ്ചാളുകള്‍ നാലു ബൈക്കിലും ഒരു കാറിലും. വരിവരിയായി ഇരുട്ടിനെയും കോടമഞ്ഞിനെയും ചെറുത്തു കൊണ്ട് പത്തു ഹെഡ് ലൈറ്റുകള്‍ കുതിച്ചു തുടങ്ങി. പത്തു കിലോമീറ്റര്‍ അകലെ കൃഷ്ണഗിരി അങ്ങാടിയില്‍ വേറെ ഒരു സന്ചാരിക്കൂട്ടം ഞങ്ങളെ കാത്ത് നില്‍പ്പുണ്ടായിരുന്നു.
5.45 നു കൊളഗപ്പാറ എന്ന കൂറ്റന്‍ മലയുടെ അടിയില്‍ എത്തി.
ട്രക്കിംഗ് ആരംഭിക്കുന്നു. കൂരാ കൂരിരുട്ട്. കോടമഞ്ഞിന്റെ കൊടും തണുപ്പ്. പോരാത്തതിന് കയറ്റവും. തണുപ്പിലെ യാത്ര കഴിഞ്ഞത് കൊണ്ട് കൈയും കാലും ചുണ്ടുകളും ഒക്കെ വിറച്ച് കൊണ്ടിരിക്കുകയാണ്. വല്ല വിധേനയും സൂര്യോദയം കാണണം. അതു മാത്രമാണ് ചിന്ത. വണ്ടികള്‍ ഒരു ചെറിയ മണ് റോഡില്‍ പാര്‍ക്ക് ചെയ്ത് നടക്കാന്‍ ആരംഭിച്ചു.
സമയം വളരെ വിലപ്പെട്ടതാണ്‌. സൂര്യന്‍ വെള്ളകീറി പുറത്ത് വരുന്ന സുന്ദരകാഴ്ചകള്‍ തേടിയുള്ള യാത്രയാണ്. സാധാരണ ട്രക്കിംഗ് പോലെ ഇടയില്‍ വിശ്രമം ഇല്ല ഇവിടെ. ദൂരം കുറവാണെങ്കിലും ചെങ്കുത്തായ കയറ്റമാണ്. തപ്പിത്തടഞ്ഞ് ഓരോ കാല്‍ വെപ്പുകളും. മൊബൈല്‍ വെളിച്ചം മാത്രമാണ് ഒരു വെളിച്ചമെന്നു പറയാനുള്ളത്. ചിലയിടങ്ങളില്‍ നീളന്‍ പുല്‍ക്കൂട്ടങ്ങള്‍ വകഞ്ഞുമാറ്റി വഴി ഉണ്ടാക്കി യാത്രാസംഘം നടത്തം തുടരുകയാണ്.. ദീര്‍ഘ നിശ്വാസങ്ങള്‍ മാത്രം. വഴിയില്‍ പാമ്പ്‌ ഉണ്ടാവാന്‍ സാധ്യത ഉണ്ട് എന്ന് ബാക്കില്‍ നിന്നാരോ പറഞ്ഞപ്പോള്‍ മുമ്പിലെ ചിലര്‍ വലിയുന്നത് കാണാമായിരുന്നു.
നടന്നും ഇരുന്നും കിടന്നും അള്ളിപ്പിടിച്ചും ഓരോരോ ചെറിയ ചെറിയ കൂട്ടങ്ങള്‍ മുകളിലേക്ക് എത്തിക്കൊണ്ടിരിന്നു. ആരെയും കുറ്റം പറയാന്‍ വയ്യ. വെറും വയറ്റിലാണ് ഈ കൊടും ചതി..!!
ഇനി ഒരടി വയ്യെന്നും പറഞ്ഞു പാറയില്‍ കിടക്കുന്നവരെ തലോടി ഞങ്ങള്‍ മുകളിലേക്ക് വീണ്ടും ചുവടുകള്‍ വെക്കാന്‍ തുടങ്ങി. വഴിയില്‍ അങ്ങിങ്ങായി കുരിശുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഒന്നും രണ്ടുമല്ല. പതിനാലു കുരിശുകള്‍. പാറയില്‍ ഉറപ്പിച്ച ഇരുമ്പിന്‍റെ കനം കുറഞ്ഞ കമ്പികള്‍ മാത്രമാണ് താഴേക്ക് വീഴാതിരിക്കാനുള്ള സുരക്ഷ. പതിനാലാമത്തെ കുരിശും കീഴടക്കിയാല്‍ കൊളഗപ്പാറ കീഴടക്കി എന്ന് പറയാം.
കൊളഗപ്പാറയിലെ സൂര്യോദയം ഒരു വല്ലാത്ത കാഴ്ച തന്നെയാണ്. വയനാടന്‍ കുളിര്‍ക്കാറ്റും മരം കോച്ചുന്ന തണുപ്പും തിങ്ങിനിറഞ്ഞ കോടമഞ്ഞിന്റെ സാന്നിദ്യവും നല്ലൊരു അനുഭൂതി തന്നെയാണ്. സൂര്യന്‍റെ വരവും കാത്ത് ഞങ്ങള്‍ നാല്പതോളം പേര്‍ കിഴക്ക് ഭാഗത്തേക്ക് കണ്ണുകള്‍ നീട്ടിയിരുന്നു. ചിലര്‍ സുന്ദര ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയാണ്. ചിലരാവട്ടെ മനസ്സിലേക്കും. കുറച്ചകലെയായി ആറോളം ന്യൂ ജനറേഷന്‍ കുട്ടികള്‍ മിനി മില്‍ട്ടിയാ ഗെയിമിന്‍റെ തിരക്കിലാണ്. കോട മഞ്ഞ് കൂടുതലായതിനാല്‍ പതിവു സമയം കഴിഞ്ഞും ഏറെ വൈകിയാണ് സൂര്യന്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. അതൊരു കാണേണ്ട കാഴ്ച തന്നെയാണ്. കിഴക്ക് ആകാശം പിങ്ക് കലര്‍ന്ന ചുവപ്പിലേക്ക് മാറിത്തുടങ്ങി. ഒരു പൊട്ടു കണക്കെ മങ്ങി മങ്ങി വന്ന സൂര്യന്റെ പിന്നീടുള്ള ഓരോ നിമിഷവും സുന്ദരമായിരുന്നു. ക്യാമറയുടെ ഫ്ലാഷുകള്‍ തുരുതുരാ മിന്നിത്തുടങ്ങി. ചിലര്‍ സൂര്യനെ കൈക്കുമ്പിള്‍ ഒതുക്കാന്‍നോക്കുന്നു. മറ്റു ചിലര്‍ സൂര്യനെ വിഴുങ്ങാന്‍ പോസ് ചെയ്യുന്നു. അര മണിക്കൂറോളം ഈ കാഴ്ചകള്‍ കണ്ടിരുന്നു.
രണ്ടു ഡോക്ടര്‍മാര്‍ ജനിക്കുന്നു.
---------------------------------------------------
അതിനു ശേഷം സഞ്ചാരി യാത്രംഗങ്ങളെ പരിചയപ്പെടല്‍ ആയിരുന്നു. മൊത്തം നാല്പത്തിഒന്നു പേരാണ് ഈ കൊടും തണുപ്പത്തും മല കയറാന്‍ എത്തിയത് എന്ന കാര്യം വളരെ അത്ഭുതം ഉളവാക്കി. ആര്‍ക്കും നഷ്ടമായില്ല. പലരും വയനാട്ടു കാരായിട്ടു പോലും ഇവിടെ ആദ്യമായി വരികയായിരുന്നു. അതിനു വേദി ഒരുക്കിയ സഞ്ചാരിയെ എല്ലാവരും നന്ദിയോടെ ഓര്‍ത്തു. കൃഷനഗിരി ഇന്‍റര്‍നാഷണല്‍ സ്റ്റെടിയം പാശ്ചാത്തലമാക്കി ഞങ്ങള്‍ എല്ലാരും പരസ്പരം പരിചയപ്പെട്ടു. പെട്ടെന്നാണ് ഒരാള്‍ക്ക് ഒരു ഫോണ്‍ കോള്‍ വന്നത്. മെഡിക്കല്‍ വിദ്യാര്‍ഥികളായ രണ്ടു സഞ്ചാരികളുടെ അവസാന വര്‍ഷ റിസള്‍ട്ടായിരുന്നു ആ ഫോണ്‍ കോളില്‍. എന്തിനേറെ പറയുന്നു. രണ്ടു ഡോക്ടര്‍ മാര്‍ ജനിക്കുകയാണ്. വയനാടന്‍ മണമുള്ള ഈ കുളിര്‍ കാറ്റില്‍ കൊളഗപ്പാറയിലെ ഉദയ സൂര്യനെ സാക്ഷിയാക്കി.. അവരുടെ മുഖത്തെ സന്തോഷം വര്‍ണ്ണിക്കാന്‍ എന്‍റെ കയ്യില്‍ വാക്കുകള്‍ ഇല്ല.
ഹോട്ടലിലെ ഭക്ഷണ ശേഷം ഞങ്ങള്‍ വീണ്ടും റൈഡ് ആരംഭിച്ചു. കൃഷ്ണഗിരി സ്റ്റേഡിയം ആണ് ലക്‌ഷ്യം. എത്തിയ സമയത്ത് അവിടെ ക്രിക്കറ്റ് ടൂര്‍ണമെന്റ് നടക്കുനുണ്ടായിരുന്നു. സ്റ്റെഡിയം അതി സുന്ദരമാണ്. പാശ്ചാത്തലത്തില്‍ പ്രൌഡിയോടെ കൊലാഗപ്പാറ. വന്യമായ ഭീകരത ഇപ്പോഴാണ് ശരിക്കും തിരിച്ചറിഞ്ഞത്.
തുടിയുടെ ചരിത്രം തേടി
-----------------------------------
അര മണിക്കൂര്‍ കളി ആസ്വദിച്ച ശേഷം റൈഡ് പുറപ്പെട്ടത് ഒരു ആദിവാസി വീട്ടിലേക്കായിരുന്നു. “തുടി” എന്ന പരമ്പരാഗത ആദിവാസി വാദ്യോപകരണം നിര്‍മ്മിക്കുന്ന ഒരേ ഒരു കുടുംബം. പണിയര്‍ ഗോത്രവര്‍ഗ്ഗത്തില്‍ പെട്ട നളിനി (68) എന്ന അമ്മൂമയും രണ്ടു ആണ്‍മക്കളും. 1955 ല്‍ അഞ്ചാം ക്ലാസ് വരെ പഠിച്ചു. അവരെ കാണാനും അന്യം നിന്നു പോകുന്ന ഇത്തരം കലാരൂപങ്ങള്‍ മനസ്സിലാക്കാനുമാണ്‌ ഈ യാത്ര. മരണം, കല്യാണം, ബലി മറ്റു ആഘോഷങ്ങള്‍ക്ക് മുഖ്യമായ വാദ്യമാണ് തുടി. ഇതിന്റെ നിര്‍മ്മാണം ഏറെ ശ്രമകരമാണ്. കൈകൊണ്ട് കൊത്തിയും ചെത്തിയും മിനുക്കി ഉണ്ടാക്കുന്നു. ഇരു വശങ്ങളും വീര്‍ത്ത് നടുവില്‍ കുഴിഞ്ഞു പാതി മുറിച്ച ഒരു ടംബല്‍ ആകൃതിയില്‍ ആണ് നിര്‍മ്മിതി. പ്ലാവ് അല്ലെങ്കില്‍ കുമളി എന്ന മരങ്ങളാണ് ഏറ്റവും അനുയോജ്യം. മുളയുടെ ചെറിയ ചീളുകള്‍ വട്ടത്തില്‍ ചുറ്റി അത്തി മരത്തിന്‍റെ പശ ഉപയോഗിച്ച് തുണിയില്‍ ഒട്ടിച്ച് ഒരു ഫ്രെയിം ഉണ്ടാക്കും. രണ്ടറ്റങ്ങളിലും കുരങ്ങിന്റെയോ ആടിന്‍റെയോ തോല്‍ വലിച്ചു കെട്ടി ഈ ഫ്രെയിം ഘടിപ്പിക്കുന്നതോടെ ഇതിന്റെ നിര്‍മ്മാണം പൂര്ത്തിയാവുകയായി. ഇത്തരം ഒരു തുടി ഉണ്ടാക്കാന്‍ തന്നെ പതിനഞ്ചു മുതല്‍ ഇരുപത് ദിവസം വരെ എടുക്കും. ഇവര്‍ രണ്ടു പേരും മാത്രമേ ഇത് ഉണ്ടാക്കുന്നവരായി ജീവിച്ചിരിപ്പുള്ളൂ. അന്യം നിന്നു പോകുന്ന മറ്റൊരു ആദിവാസി ഗോത്ര കലാരൂപം അതിന്‍റെ ഉറവിടത്തില്‍ തന്നെ പോയി മനസ്സില്ലാക്കി. സഞ്ചാരികളുടെ മാനസികമായ പിന്തുണയും ആദരവും പ്രകടിപ്പിച്ചു ആ മുത്തശ്ശിയെ പൊന്നാട അണിയിച്ചു. കുടുംബ വിശേഷങ്ങള്‍ പങ്കു വെച്ചു. ജീവിതത്തില്‍ ഇത്രേം വലിയൊരു അംഗീകാരം ലഭിച്ചതിന്റെ ആനന്ദ നിര്‍വൃതിയില്‍ ഇരു കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ധാരധാരയായി കവിളിലൂടെ താഴേക്ക് ഒലിച്ചിറങ്ങി.
അമ്പും വില്ലും- അമ്പെയ്ത്ത് മത്സരം.
-----------------------------------------------------
തുടി ആസ്ഥാനം സന്ദര്‍ശിച്ച ശേഷം ഞങ്ങള്‍ പോയത് മറ്റൊരു തകര്‍പ്പന്‍ സ്ഥലത്തെക്കായിരുന്നു. വയനാട്ടിലെ പ്രസിദ്ധമായ ഫാന്റം റോക്ക് ഒക്കെവിസിറ്റ് ചെയ്താണ് യാത്ര. അത്യാവശ്യം ഉയരമുള്ള ഒരു കുന്നിനു മുകളില്‍ വലിയൊരു പാറ. അതിനു മുകളില്‍ ആരോ എടുത്തു കൊണ്ട് വെച്ച പോലെ മറ്റൊരു കൂറ്റന്‍ പാറ.
ഇതാണ് ചുരുക്കത്തില്‍ ഫാന്റം റോക്ക്. ആ കല്ലുകള്‍ എങ്ങനെ അവിടെ നില്‍ക്കുന്നു എന്നത് ഇന്നും അത്ഭുതമാണ്. ഏത് നേരവും താഴേക്ക് പതിച്ചേക്കും എന്ന നിലയില്‍ നില്‍ക്കുന്ന പാറക്ക് ചുവട്ടിലേക്ക്‌ പോവാന്‍ എന്‍റെ സാഹസം അനുവദിച്ചില്ല.
യാത്ര തുടരുകയാണ്. നട്ടുച്ചയാണെങ്കിലും ഒരു തണുത്ത മന്ദമാരുതന്റെ സാന്നിധ്യം വല്ലാതെ ക്ഷീണം ഉളവാക്കിയില്ല. വണ്ടി ഗോവിന്ദന്‍ ആശാന്‍റെ തിരുമുറ്റത്തേക്ക്. എന്താ ഇവിടെ വിശേഷം എന്നല്ലേ. സ്വന്തമായി അമ്പും വില്ലും നിര്‍മ്മിച്ച് കൊണ്ട് പ്രശസ്തനായ ഒരു വില്ലാളി വീരനാണ് ഈ ഗോവിന്ദന്‍. ഷര്‍ട്ട് ഒന്നും ധരിചിട്ടില്ലെങ്കിലും കായബലം നിറഞ്ഞ പേശികളും അതിശയിപ്പിക്കുന്ന മെയ് വഴക്കവും ഒറ്റ നോട്ടത്തില്‍ തന്നെ വായിച്ചെടുക്കാം. ഒരു സന്യാസി പോലെ താടിയും മുടിയും ഒക്കെ നീട്ടി, നരച്ചതാനെങ്കിലും വൃത്തിയായി ഒതുക്കിക്കെട്ടി സൌമ്യനായി പരിചയപ്പെടാന്‍ തുടങ്ങി. വിവിധ തരത്തിലും വലിപ്പത്തിലുമുള്ള ധാരാളം വില്ലുകള്‍ ചുമരിലേക്ക് ചാരി വെച്ചിരുന്നു. മുള കൊണ്ട് നിര്‍മ്മിച്ച ആവനാഴികളില്‍ അനേകം അമ്പുകളും കാണാം. അതും പല രൂപത്തിലും വിവിധ ആവശ്യങ്ങള്‍ക്കും. കെണിയായും, വേട്ടയാടാനും, തറച്ചു കേറാനും മറ്റുമായി കൂര്‍ത്തതും കത്തി പോലെ അറ്റം പരന്നതും മറ്റു ചിലത് ഒരു കട്ട പോലെ വീര്ത്ത്തതും ഒക്കെയാണ്. വിദേശ രാജ്യങ്ങളിലേക്ക് പോലും ഇവിടെ നിന്നും സഞ്ചാരികള്‍ കൊണ്ട് പോവരുണ്ടത്രേ. നാലായിരം മുതല്‍ ഇരുപതിനായിരം വരെ ഒക്കെയാണ് ഓരോ വില്ലിന്‍റെയും വിലനിലവാരം.
പരിചയപ്പെടലിനു ശേഷം ഈ അമ്പും വില്ലും ഉപയോഗിക്കുന്നത് ഞങ്ങള്‍ക്ക് പഠിപ്പിച്ചു തരാനുള്ള ശ്രമം.
പതിനഞ്ചു മീറ്റര്‍ ദൂരത്ത് കൊളുത്തിവെച്ച ലക്ഷ്യസ്ഥാനത്തേക്ക് അമ്പുകള്‍ പായുകയാണ്. രണ്ടും മൂന്നും ആളുകള്‍ ഒരേ സമയം തുരുതുരാ അസ്ത്രമെയ്തു കൊണ്ടിരുന്നു. സംഭവം നല്ല ഹരം തന്നെ. വില്ല് കുലക്കുന്നതും അമ്പ് ഘടിപ്പിക്കുന്നതും കൈകളുടെ സ്ഥാനവും കണ്ണുകളുടെ സൂക്ഷ്മതയും ഒക്കെ കിറുകൃത്യമായിരിക്കണം. അല്ലെങ്കില്‍ അമ്പ് അതിന്‍റെ പാട്ടിനു പോവും. ഞങ്ങളുടെ പല അമ്പുകളും ആ വലിയ ആര്‍ച്ചറിക്കും പുറത്തുള്ള ചുമരില്‍ നിന്നാണ് വലിച്ചൂരി എടുത്തത്. ഏറെ നേരത്തെ പരിശീലനത്തിന് ശേഷം പലരും വിദഗ്ദരായ അമ്പെയ്തുകാരായി മാറുന്ന കാഴ്ചായിരുന്നു. ഏറ്റവും മികച്ച സൂത്രശാലിയെ കണ്ടെത്താനുള്ള ഒരു മത്സരം വരെ ഞങ്ങള്‍ സംഘടിപ്പിച്ചു. പുതിയൊരു അറിവ് പകര്‍ന്നു തന്ന ഗോവിന്ദന്‍ എന്ന ഗുരുവിനു ഒരു തുണിയും നൂറ്റൊന്നു രൂപയും ഞങ്ങള്‍ ദക്ഷിണ വെച്ചു. തീരാവിശേഷങ്ങള്‍ പങ്കുവെച്ചു സമയം പോയതെ അറിഞ്ഞില്ല. ഉച്ച ഭക്ഷണത്തിന്‍റെ വിശപ്പ്‌ ഒരു നിലക്കും സഹിക്ക വയ്യാതായപ്പോള്‍ ഗുരുവിനോട് യാത്ര പറഞ്ഞിറങ്ങി. ഓര്‍മ്മചെപ്പില്‍ സൂക്ഷിക്കാന്‍ ഒരു പിടി നല്ല അനുഭവങ്ങള്‍ നേടിക്കൊണ്ട് ബുള്ളറ്റിന്റെ താക്കോല്‍ തിരിച്ചു.
ദോഹ റസിടന്‍സിയില്‍ തന്നെയാണ് ഭക്ഷണം കഴിക്കാനെത്തിയത്. നാടന്‍ ചോറും അയല പൊരിച്ചതും കഴിച്ചു പുറത്തിറങ്ങി. എതിര്‍വശത്ത് കിടക്കുന്ന അമ്പലവയല്‍ പഞ്ചായത്ത് ഓഫീസിന്‍റെ പുറകിലായി ഇടക്കല്‍ ഗുഹകള്‍ കാണാം. ഇനി അത് കയറണോ എന്നൊരു ചര്‍ച്ച വേണ്ട എന്ന തീരുമാനത്തിലെത്താന്‍ ഒട്ടും സമയമെടുത്തില്ല. കോഴിക്കോട്ടു നിന്നും വന്ന പലര്‍ക്കും നേരത്തെ നാട്ടിലെത്തേണ്ടതിനാല്‍ അസ്തമയക്കഴ്ച്ചകള്‍ക്ക് നില്‍ക്കാതെ വയനാട് ടീമുമായി യാത്ര പറഞ്ഞിറങ്ങി..
കാന്തന്‍ പാറ വെള്ളച്ചാട്ടം.
---------------------------------------
അമ്പലവയല്‍- വടുവാന്‍ചാല്‍- മേപ്പാടി വഴി ചുരമിറങ്ങാനാണ് പ്ലാന്‍. ആ റൈഡ് ഞങ്ങള്‍ ശരിക്കും ആസ്വദിച്ചു. തേയിലത്തോട്ടങ്ങള്‍ കീറിമുറിച്ചുണ്ടാക്കിയ റബ്ബറൈസ്ട് റോട്ടിലൂടെ നാലു എന്‍ഫീല്‍ടുകള്‍ കുതിച്ചുപാഞ്ഞു. മെയിന്‍ റോട്ടില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞു മൂന്നു കിലോമീറ്റര്‍ പോയാല്‍ നമ്മള്‍ കാന്തന്‍ പാറ വെള്ളച്ചാട്ടത്തില്‍ എത്തുകയായി. പിന്നെ അധികം ആലോചിക്കേണ്ടി വന്നില്ല. ബാഗില്‍ നിന്നും തോര്‍ത്തും എടുത്ത് ആദ്യം കണ്ട അരുവിയിലേക്കിറങ്ങി. നല്ല തണുത്ത വെള്ളം. ആഴം കൂടുന്നതിനനുസരിച്ച് തണുപ്പും കൂടിക്കൂടി വന്നു. കുറച്ചകലെയായി വെള്ളം ചാടിക്കൊണ്ടിരുന്ന പാറക്കൂട്ടത്തിന് താഴെ ഇരിപ്പുറപ്പിച്ചു. തലയിലേക്ക് വെള്ളം ചാടിക്കൊണ്ടേയിരുന്നു. ശരീരവും മനസ്സും ഒന്ന് കൂടി തണുത്തു. അരമണിക്കൂര്‍ നേരത്തെ കുളിസേവക്ക് ശേഷം കയറി തൊട്ടടുത്ത തട്ടുകടയില്‍ നിന്നും ഓംലൈറ്റും കടുപ്പത്തില്‍ ഓരോ ചായയും പിടിപ്പിച്ചു. അടുത്ത യാത്രക്കായി ബുള്ളറ്റ് ഒരു മുരളലോടെ ആ ഓഫ് റോഡിലൂടെ മുകളിലേക്ക് കുതിച്ചു..
എന്നും പുതിയ അനുഭവങ്ങള്‍ മാത്രം സമ്മാനിക്കുന്ന താമരശ്ശേരി ചുരം എത്ര കണ്ടാലും മതിവരില്ല. എത്ര പോയാലും പിന്നെയും നമ്മളെ മാടി വിളിച്ചു കൊണ്ടേയിരിക്കും. ഒറ്റ ദിവസത്തെ യാത്രയില്‍ കിട്ടിയേക്കാവുന്ന പരമാവധി അനുഭവങ്ങളും കാഴ്ചകളും ആസ്വദിച്ചു തണുപ്പും ഇരുട്ടും പരസ്പരം ആലിംഗനം ചെയ്ത് കിടക്കുന്ന മ്മടെ താമരശ്ശേരി ചുരത്തിലെ കൊടും വളവുകളെ കീഴടക്കി നാട്ടിലേക്ക് തിരിച്ചു.
photos : Imran Poolakkal
LikeShow More Reactions
Comment