Saturday, June 4, 2016


11: ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ - [താമരശ്ശേരി ചുരം. കോഴിക്കോട്]
------------------------------------------------------
ഇന്നും ചര്‍ച്ചയാണ്.. താമരശ്ശേരി ചുരമാണോ അതോ വയനാട് ചുരമാണോ എന്നത്. എന്തായാലും ഒരു കാര്യം ഉറപ്പാണ്‌. വയനാടന്‍ മലനിരകളെ കീറിമുറിച്ച് വളഞ്ഞും പുളഞ്ഞും മുകളിലേക്ക് കുതിക്കുന്ന ഈ ചുരത്തിലൂടെ എത്ര തവണ പോയാലും മതിയാവില്ല. സാഹസികതയും കുളിര്‍മ്മയും നിറഞ്ഞ ഒരു വശ്യസൗന്ദര്യം വീണ്ടും വീണ്ടും മനസ്സിനെ അങ്ങോട്ടു ആകര്‍ഷിച്ചു കൊണ്ടേയിരിക്കും.
റോഡിന്‍റെ ഒരു വശത്ത് അഗാധമായ കൊല്ലിയാണ്. മറുഭാഗം കൊടും കാടും. എങ്കിലും പണ്ട് കാലത്തെ അപേക്ഷിച്ച് ചുരത്തിന് ഭീകരത ഇല്ല എന്ന് പറയാം. ഹെയര്‍ പിന്‍ വളവുകളാണെങ്കിലും റോഡിനു ആവശ്യത്തിനു വീതിയുണ്ട്. പോരാത്തതിന് ചിലയിടങ്ങളില്‍ ഇന്‍റര്‍ലോക്കിംഗ് ടൈല്‍സ് പാകി ഉറപ്പാക്കിയിട്ടുമുണ്ട്. പതിനാലു കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന വയനാട് ചുരത്തില്‍ നിരവധി വളവും തിരിവും ഉണ്ടെങ്കിലും ഒന്‍പതു ഹെയര്‍പിന്‍ വളവുകളാണ് പ്രധാനമായി കണക്കാക്കുന്നത്.
മിക്കവാറും സമയങ്ങളില്‍ കുട്ടിക്കുരങ്ങന്മാരുടെ കുസൃതികളും ഇവിടുത്തെ കാഴ്ചയാണ്. വ്യൂ പോയിന്‍റില്‍ നിന്നും താഴേക്കുള്ള സുന്ദരമായ കാഴ്ച മനസ്സിനെ കുളിരണിയിക്കുക തന്നെ ചെയ്യും. മൂന്നാം വളവു മുതല്‍ ഒമ്പതാം വളവു വരെ മിക്ക സമയവും കനത്ത കോട മഞ്ഞായിരിക്കും. പലപ്പോഴും വാഹനങ്ങള്‍ ഫോഗ് ലാമ്പ് ഓണ്‍ ചെയ്തിട്ടായിരിക്കും യാത്ര ചെയ്യുന്നത്. മുകളില്‍ നിന്നും വീക്ഷിച്ചാല്‍ തട്ടു തട്ടായി പരന്നു കിടക്കുന്ന നൂറു കണക്കിനു മലകള്‍ കാണാം.
പച്ചവിരിച്ച മലകള്‍ക്കിടയിലൂടെ ഒളിഞ്ഞും തെളിഞ്ഞും കറുത്ത റോഡുകള്‍. വളഞ്ഞും പുളഞ്ഞും നേരെയും പോകുന്ന റോഡിലൂടെ തീപ്പെട്ടിക്കൂടിനോളം വലിപ്പത്തില്‍ വണ്ടികള്‍ നീങ്ങുന്നത് സുന്ദരമായ മറ്റൊരു കാഴ്ചയാണ്. ഇതിനെല്ലാം ഇടയിലൂടെ കണ്ണെത്താ ദൂരത്ത് നിന്നും നേര്‍ രേഖയില്‍ ഒരു ഇലക്ട്രിസിറ്റി ലൈനുണ്ട്. 110 കെ.വി മൈസൂര്‍ ലൈന്‍ പോകുന്ന വഴിയാണിത്.
സംഗതി ഇതൊക്കെയാണെങ്കിലും നമ്മളെല്ലാം വിസ്മരിച്ചു പോയ ഒരു ചരിത്രം ഇവിടെ ഒളിഞ്ഞു കിടപ്പുണ്ട്. ഇങ്ങനെ ഒരു പാതക്ക് വേണ്ടി, അടിവാരത്തും മലമുകളിലുമായി വേറിട്ട്‌ കിടന്നിരുന്ന രണ്ടു പ്രദേശങ്ങളെ യോജിപ്പിച്ചുകൊണ്ട് സഞ്ചാരം സാധ്യമാക്കാന്‍ സ്വന്തം ജീവന്‍ വരെ ത്യജിക്കേണ്ടി വന്ന പാവം ഒരു ആദിവാസി മൂപ്പന്‍.. കുറുക്കുവഴികളിലൂടെ ഏറ്റവും ചുരുങ്ങിയ സമയം കൊണ്ടും സുരക്ഷിതവുമായ രീതിയില്‍ മുകളിലെത്താന്‍ ബ്രിട്ടീഷുകാര്‍ക്ക് പാത വെട്ടിക്കൊടുത്ത കരിന്തണ്ടന്‍ എന്ന മൂപ്പന്‍. കാര്യം കഴിഞ്ഞപ്പോ സായിപ്പ് തന്‍റെ തോക്കിന്‍റെ ദാഹം തീരത്ത് മൂപ്പന്റെ ആത്മാവിനെ കാലപുരിക്ക് അയച്ചു കൊണ്ടാണ്..
അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് പ്രണാമമര്‍പ്പിച്ചു കൊണ്ട് കാലിക്കറ്റ് ബുള്ളറ്റ് ലവേഴ്സ് ലക്കിടിയിലെ ചങ്ങല മരത്തിലേക്ക് നടത്തിയ സവാരിയില്‍ നിന്ന്....
Comment

No comments:

Post a Comment