Saturday, June 4, 2016

13: ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ.
കൊളഗപ്പാറയിലെ സൂര്യോദയം.
==============================
വയനാട് എന്ന് കേള്‍ക്കുന്നതേ ഒരു കുളിരാണ്.
വ്യതസ്തതകള്‍ കൊണ്ട് സമ്പന്നമായിരുന്നു സഞ്ചാരി വയനാട് യൂണിറ്റ് നടത്തിയ ലോഞ്ചിംഗ് പ്രോഗ്രാം. “ഉദയം മുതല്‍ അസ്തമയം വരെ” എന്ന ബാനറില്‍ നടത്തിയ പരിപാടികള്‍ ചുരുക്കത്തില്‍...
1. ഇരുട്ടും കുളിരും പരസ്പരം ആലിംഗനം ചെയ്തു കിടക്കുന്ന വയനാടന്‍ പുലര്‍ച്ചയിലെ മലകയറ്റം.
2. കൊളഗപ്പാറയിലെ സൂര്യോദയം.
3. തുടി എന്ന ആദിവാസി പരമ്പരാഗത വാദ്യോപകരണ നിര്‍മ്മാണം.
4. ഫാന്റം റോക്ക് സന്ദര്‍ശനവും അമ്പും വില്ലും പരിശീലനവും.
5. നെല്ലറചാലിലെ സൂര്യാസ്തമയം.
6. ഓരോരോ ലൊക്കേഷനുകള്‍ക്കിടയിലുള്ള ബൈക്ക് റൈഡ്.
ഫെബ്രുവരി 5 ശനി.
----------------------------
രാത്രി പത്തു മണിയോടെ യാത്ര ആരംഭിക്കുന്നു. വയനാട്ടിലെ അമ്പലവയലിലെക്ക്. നാലു എന്‍ഫീല്‍ഡും ഒരു യൂണികോണും. കോഴിക്കോട്- മൈസൂര്‍ നാഷണല്‍ പാത ആരവങ്ങള്‍ ഒഴിഞ്ഞു വിജനമായിക്കൊണ്ടിരിക്കുന്നു. പല അങ്ങാടികളിലും കടകള്‍ക്ക് ഷട്ടര്‍ വീണു കഴിഞ്ഞു. പതുക്കെയാണ് ഞങ്ങളുടെ യാത്ര. പതിനൊന്നോടെ അടിവാരത്ത് നിന്നും ചുരം കയറാന്‍ തുടങ്ങി.
വലിയ ഫോര്‍വേഡ് ലോറികളും ബംഗ്ലൂരിലെക്കുള്ള ബസ്സുകളും തന്നെയാണ് ഈ സമയത്ത് കൂടുതലും. അങ്ങിങ്ങായി ചില കാറുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നു. ടൂര്‍ പോവുന്ന കൊച്ചു കൊച്ചു സംഘങ്ങള്‍. ചുരത്തിലെ രാത്രി കാഴ്ചകള്‍ അതി മനോഹരമാണ്. വനത്തിന്റെ വശ്യതയും ഇരുട്ടിന്‍റെ ഭീകരതയും ഒക്കെ നമുക്കിവിടെ ആസ്വദിക്കാം. ഒമ്പതാം വളവിലെ വ്യൂ പോയിന്‍റില്‍ അല്പനേരത്തെ വിശ്രമത്തിന് ശേഷം നേരെ വിട്ടു മീനങ്ങാടിയിലെക്ക്.
മീനങ്ങാടി നിന്നും വലത്തോട്ട് തിരിഞ്ഞു അമ്പലവയല്‍ പഞ്ചായത്ത് ഓഫീസിന്‍റെ എതിര്‍വശത്ത് ദോഹ റെസിഡന്‍സി എന്ന ഹോട്ടലിലാണ് ഞങ്ങള്‍ക്കുള്ള താമസം ഒരുക്കിയിരിക്കുന്നത്. പന്ത്രണ്ടരയോടെ ഞങ്ങള്‍ റൂമിലെത്തി. ഞങ്ങളെക്കാത്ത് വേറെ കുറെ സഞ്ചാരികള്‍ മുമ്പേ അവിടെ എത്തിയിരുന്നു. പരിചയപ്പെടലും കുശലാന്വേഷണങ്ങളും ഒക്കെ കഴിഞ്ഞു ഉറക്കം മൂന്നു മണിക്ക്.
പിറ്റേന്ന് ഞായര്‍
------------------------
പുലര്‍ച്ചെ നാലു മണിക്ക് എഴുന്നേല്‍ക്കുന്നു. 5.15 നു യാത്ര തുടങ്ങുന്നു. കൊളഗപ്പാറ ട്രക്കിംഗ് ആണ് ലക്ഷ്യം. പതിനഞ്ചാളുകള്‍ നാലു ബൈക്കിലും ഒരു കാറിലും. വരിവരിയായി ഇരുട്ടിനെയും കോടമഞ്ഞിനെയും ചെറുത്തു കൊണ്ട് പത്തു ഹെഡ് ലൈറ്റുകള്‍ കുതിച്ചു തുടങ്ങി. പത്തു കിലോമീറ്റര്‍ അകലെ കൃഷ്ണഗിരി അങ്ങാടിയില്‍ വേറെ ഒരു സന്ചാരിക്കൂട്ടം ഞങ്ങളെ കാത്ത് നില്‍പ്പുണ്ടായിരുന്നു.
5.45 നു കൊളഗപ്പാറ എന്ന കൂറ്റന്‍ മലയുടെ അടിയില്‍ എത്തി.
ട്രക്കിംഗ് ആരംഭിക്കുന്നു. കൂരാ കൂരിരുട്ട്. കോടമഞ്ഞിന്റെ കൊടും തണുപ്പ്. പോരാത്തതിന് കയറ്റവും. തണുപ്പിലെ യാത്ര കഴിഞ്ഞത് കൊണ്ട് കൈയും കാലും ചുണ്ടുകളും ഒക്കെ വിറച്ച് കൊണ്ടിരിക്കുകയാണ്. വല്ല വിധേനയും സൂര്യോദയം കാണണം. അതു മാത്രമാണ് ചിന്ത. വണ്ടികള്‍ ഒരു ചെറിയ മണ് റോഡില്‍ പാര്‍ക്ക് ചെയ്ത് നടക്കാന്‍ ആരംഭിച്ചു.
സമയം വളരെ വിലപ്പെട്ടതാണ്‌. സൂര്യന്‍ വെള്ളകീറി പുറത്ത് വരുന്ന സുന്ദരകാഴ്ചകള്‍ തേടിയുള്ള യാത്രയാണ്. സാധാരണ ട്രക്കിംഗ് പോലെ ഇടയില്‍ വിശ്രമം ഇല്ല ഇവിടെ. ദൂരം കുറവാണെങ്കിലും ചെങ്കുത്തായ കയറ്റമാണ്. തപ്പിത്തടഞ്ഞ് ഓരോ കാല്‍ വെപ്പുകളും. മൊബൈല്‍ വെളിച്ചം മാത്രമാണ് ഒരു വെളിച്ചമെന്നു പറയാനുള്ളത്. ചിലയിടങ്ങളില്‍ നീളന്‍ പുല്‍ക്കൂട്ടങ്ങള്‍ വകഞ്ഞുമാറ്റി വഴി ഉണ്ടാക്കി യാത്രാസംഘം നടത്തം തുടരുകയാണ്.. ദീര്‍ഘ നിശ്വാസങ്ങള്‍ മാത്രം. വഴിയില്‍ പാമ്പ്‌ ഉണ്ടാവാന്‍ സാധ്യത ഉണ്ട് എന്ന് ബാക്കില്‍ നിന്നാരോ പറഞ്ഞപ്പോള്‍ മുമ്പിലെ ചിലര്‍ വലിയുന്നത് കാണാമായിരുന്നു.
നടന്നും ഇരുന്നും കിടന്നും അള്ളിപ്പിടിച്ചും ഓരോരോ ചെറിയ ചെറിയ കൂട്ടങ്ങള്‍ മുകളിലേക്ക് എത്തിക്കൊണ്ടിരിന്നു. ആരെയും കുറ്റം പറയാന്‍ വയ്യ. വെറും വയറ്റിലാണ് ഈ കൊടും ചതി..!!
ഇനി ഒരടി വയ്യെന്നും പറഞ്ഞു പാറയില്‍ കിടക്കുന്നവരെ തലോടി ഞങ്ങള്‍ മുകളിലേക്ക് വീണ്ടും ചുവടുകള്‍ വെക്കാന്‍ തുടങ്ങി. വഴിയില്‍ അങ്ങിങ്ങായി കുരിശുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഒന്നും രണ്ടുമല്ല. പതിനാലു കുരിശുകള്‍. പാറയില്‍ ഉറപ്പിച്ച ഇരുമ്പിന്‍റെ കനം കുറഞ്ഞ കമ്പികള്‍ മാത്രമാണ് താഴേക്ക് വീഴാതിരിക്കാനുള്ള സുരക്ഷ. പതിനാലാമത്തെ കുരിശും കീഴടക്കിയാല്‍ കൊളഗപ്പാറ കീഴടക്കി എന്ന് പറയാം.
കൊളഗപ്പാറയിലെ സൂര്യോദയം ഒരു വല്ലാത്ത കാഴ്ച തന്നെയാണ്. വയനാടന്‍ കുളിര്‍ക്കാറ്റും മരം കോച്ചുന്ന തണുപ്പും തിങ്ങിനിറഞ്ഞ കോടമഞ്ഞിന്റെ സാന്നിദ്യവും നല്ലൊരു അനുഭൂതി തന്നെയാണ്. സൂര്യന്‍റെ വരവും കാത്ത് ഞങ്ങള്‍ നാല്പതോളം പേര്‍ കിഴക്ക് ഭാഗത്തേക്ക് കണ്ണുകള്‍ നീട്ടിയിരുന്നു. ചിലര്‍ സുന്ദര ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയാണ്. ചിലരാവട്ടെ മനസ്സിലേക്കും. കുറച്ചകലെയായി ആറോളം ന്യൂ ജനറേഷന്‍ കുട്ടികള്‍ മിനി മില്‍ട്ടിയാ ഗെയിമിന്‍റെ തിരക്കിലാണ്. കോട മഞ്ഞ് കൂടുതലായതിനാല്‍ പതിവു സമയം കഴിഞ്ഞും ഏറെ വൈകിയാണ് സൂര്യന്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. അതൊരു കാണേണ്ട കാഴ്ച തന്നെയാണ്. കിഴക്ക് ആകാശം പിങ്ക് കലര്‍ന്ന ചുവപ്പിലേക്ക് മാറിത്തുടങ്ങി. ഒരു പൊട്ടു കണക്കെ മങ്ങി മങ്ങി വന്ന സൂര്യന്റെ പിന്നീടുള്ള ഓരോ നിമിഷവും സുന്ദരമായിരുന്നു. ക്യാമറയുടെ ഫ്ലാഷുകള്‍ തുരുതുരാ മിന്നിത്തുടങ്ങി. ചിലര്‍ സൂര്യനെ കൈക്കുമ്പിള്‍ ഒതുക്കാന്‍നോക്കുന്നു. മറ്റു ചിലര്‍ സൂര്യനെ വിഴുങ്ങാന്‍ പോസ് ചെയ്യുന്നു. അര മണിക്കൂറോളം ഈ കാഴ്ചകള്‍ കണ്ടിരുന്നു.
രണ്ടു ഡോക്ടര്‍മാര്‍ ജനിക്കുന്നു.
---------------------------------------------------
അതിനു ശേഷം സഞ്ചാരി യാത്രംഗങ്ങളെ പരിചയപ്പെടല്‍ ആയിരുന്നു. മൊത്തം നാല്പത്തിഒന്നു പേരാണ് ഈ കൊടും തണുപ്പത്തും മല കയറാന്‍ എത്തിയത് എന്ന കാര്യം വളരെ അത്ഭുതം ഉളവാക്കി. ആര്‍ക്കും നഷ്ടമായില്ല. പലരും വയനാട്ടു കാരായിട്ടു പോലും ഇവിടെ ആദ്യമായി വരികയായിരുന്നു. അതിനു വേദി ഒരുക്കിയ സഞ്ചാരിയെ എല്ലാവരും നന്ദിയോടെ ഓര്‍ത്തു. കൃഷനഗിരി ഇന്‍റര്‍നാഷണല്‍ സ്റ്റെടിയം പാശ്ചാത്തലമാക്കി ഞങ്ങള്‍ എല്ലാരും പരസ്പരം പരിചയപ്പെട്ടു. പെട്ടെന്നാണ് ഒരാള്‍ക്ക് ഒരു ഫോണ്‍ കോള്‍ വന്നത്. മെഡിക്കല്‍ വിദ്യാര്‍ഥികളായ രണ്ടു സഞ്ചാരികളുടെ അവസാന വര്‍ഷ റിസള്‍ട്ടായിരുന്നു ആ ഫോണ്‍ കോളില്‍. എന്തിനേറെ പറയുന്നു. രണ്ടു ഡോക്ടര്‍ മാര്‍ ജനിക്കുകയാണ്. വയനാടന്‍ മണമുള്ള ഈ കുളിര്‍ കാറ്റില്‍ കൊളഗപ്പാറയിലെ ഉദയ സൂര്യനെ സാക്ഷിയാക്കി.. അവരുടെ മുഖത്തെ സന്തോഷം വര്‍ണ്ണിക്കാന്‍ എന്‍റെ കയ്യില്‍ വാക്കുകള്‍ ഇല്ല.
ഹോട്ടലിലെ ഭക്ഷണ ശേഷം ഞങ്ങള്‍ വീണ്ടും റൈഡ് ആരംഭിച്ചു. കൃഷ്ണഗിരി സ്റ്റേഡിയം ആണ് ലക്‌ഷ്യം. എത്തിയ സമയത്ത് അവിടെ ക്രിക്കറ്റ് ടൂര്‍ണമെന്റ് നടക്കുനുണ്ടായിരുന്നു. സ്റ്റെഡിയം അതി സുന്ദരമാണ്. പാശ്ചാത്തലത്തില്‍ പ്രൌഡിയോടെ കൊലാഗപ്പാറ. വന്യമായ ഭീകരത ഇപ്പോഴാണ് ശരിക്കും തിരിച്ചറിഞ്ഞത്.
തുടിയുടെ ചരിത്രം തേടി
-----------------------------------
അര മണിക്കൂര്‍ കളി ആസ്വദിച്ച ശേഷം റൈഡ് പുറപ്പെട്ടത് ഒരു ആദിവാസി വീട്ടിലേക്കായിരുന്നു. “തുടി” എന്ന പരമ്പരാഗത ആദിവാസി വാദ്യോപകരണം നിര്‍മ്മിക്കുന്ന ഒരേ ഒരു കുടുംബം. പണിയര്‍ ഗോത്രവര്‍ഗ്ഗത്തില്‍ പെട്ട നളിനി (68) എന്ന അമ്മൂമയും രണ്ടു ആണ്‍മക്കളും. 1955 ല്‍ അഞ്ചാം ക്ലാസ് വരെ പഠിച്ചു. അവരെ കാണാനും അന്യം നിന്നു പോകുന്ന ഇത്തരം കലാരൂപങ്ങള്‍ മനസ്സിലാക്കാനുമാണ്‌ ഈ യാത്ര. മരണം, കല്യാണം, ബലി മറ്റു ആഘോഷങ്ങള്‍ക്ക് മുഖ്യമായ വാദ്യമാണ് തുടി. ഇതിന്റെ നിര്‍മ്മാണം ഏറെ ശ്രമകരമാണ്. കൈകൊണ്ട് കൊത്തിയും ചെത്തിയും മിനുക്കി ഉണ്ടാക്കുന്നു. ഇരു വശങ്ങളും വീര്‍ത്ത് നടുവില്‍ കുഴിഞ്ഞു പാതി മുറിച്ച ഒരു ടംബല്‍ ആകൃതിയില്‍ ആണ് നിര്‍മ്മിതി. പ്ലാവ് അല്ലെങ്കില്‍ കുമളി എന്ന മരങ്ങളാണ് ഏറ്റവും അനുയോജ്യം. മുളയുടെ ചെറിയ ചീളുകള്‍ വട്ടത്തില്‍ ചുറ്റി അത്തി മരത്തിന്‍റെ പശ ഉപയോഗിച്ച് തുണിയില്‍ ഒട്ടിച്ച് ഒരു ഫ്രെയിം ഉണ്ടാക്കും. രണ്ടറ്റങ്ങളിലും കുരങ്ങിന്റെയോ ആടിന്‍റെയോ തോല്‍ വലിച്ചു കെട്ടി ഈ ഫ്രെയിം ഘടിപ്പിക്കുന്നതോടെ ഇതിന്റെ നിര്‍മ്മാണം പൂര്ത്തിയാവുകയായി. ഇത്തരം ഒരു തുടി ഉണ്ടാക്കാന്‍ തന്നെ പതിനഞ്ചു മുതല്‍ ഇരുപത് ദിവസം വരെ എടുക്കും. ഇവര്‍ രണ്ടു പേരും മാത്രമേ ഇത് ഉണ്ടാക്കുന്നവരായി ജീവിച്ചിരിപ്പുള്ളൂ. അന്യം നിന്നു പോകുന്ന മറ്റൊരു ആദിവാസി ഗോത്ര കലാരൂപം അതിന്‍റെ ഉറവിടത്തില്‍ തന്നെ പോയി മനസ്സില്ലാക്കി. സഞ്ചാരികളുടെ മാനസികമായ പിന്തുണയും ആദരവും പ്രകടിപ്പിച്ചു ആ മുത്തശ്ശിയെ പൊന്നാട അണിയിച്ചു. കുടുംബ വിശേഷങ്ങള്‍ പങ്കു വെച്ചു. ജീവിതത്തില്‍ ഇത്രേം വലിയൊരു അംഗീകാരം ലഭിച്ചതിന്റെ ആനന്ദ നിര്‍വൃതിയില്‍ ഇരു കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ധാരധാരയായി കവിളിലൂടെ താഴേക്ക് ഒലിച്ചിറങ്ങി.
അമ്പും വില്ലും- അമ്പെയ്ത്ത് മത്സരം.
-----------------------------------------------------
തുടി ആസ്ഥാനം സന്ദര്‍ശിച്ച ശേഷം ഞങ്ങള്‍ പോയത് മറ്റൊരു തകര്‍പ്പന്‍ സ്ഥലത്തെക്കായിരുന്നു. വയനാട്ടിലെ പ്രസിദ്ധമായ ഫാന്റം റോക്ക് ഒക്കെവിസിറ്റ് ചെയ്താണ് യാത്ര. അത്യാവശ്യം ഉയരമുള്ള ഒരു കുന്നിനു മുകളില്‍ വലിയൊരു പാറ. അതിനു മുകളില്‍ ആരോ എടുത്തു കൊണ്ട് വെച്ച പോലെ മറ്റൊരു കൂറ്റന്‍ പാറ.
ഇതാണ് ചുരുക്കത്തില്‍ ഫാന്റം റോക്ക്. ആ കല്ലുകള്‍ എങ്ങനെ അവിടെ നില്‍ക്കുന്നു എന്നത് ഇന്നും അത്ഭുതമാണ്. ഏത് നേരവും താഴേക്ക് പതിച്ചേക്കും എന്ന നിലയില്‍ നില്‍ക്കുന്ന പാറക്ക് ചുവട്ടിലേക്ക്‌ പോവാന്‍ എന്‍റെ സാഹസം അനുവദിച്ചില്ല.
യാത്ര തുടരുകയാണ്. നട്ടുച്ചയാണെങ്കിലും ഒരു തണുത്ത മന്ദമാരുതന്റെ സാന്നിധ്യം വല്ലാതെ ക്ഷീണം ഉളവാക്കിയില്ല. വണ്ടി ഗോവിന്ദന്‍ ആശാന്‍റെ തിരുമുറ്റത്തേക്ക്. എന്താ ഇവിടെ വിശേഷം എന്നല്ലേ. സ്വന്തമായി അമ്പും വില്ലും നിര്‍മ്മിച്ച് കൊണ്ട് പ്രശസ്തനായ ഒരു വില്ലാളി വീരനാണ് ഈ ഗോവിന്ദന്‍. ഷര്‍ട്ട് ഒന്നും ധരിചിട്ടില്ലെങ്കിലും കായബലം നിറഞ്ഞ പേശികളും അതിശയിപ്പിക്കുന്ന മെയ് വഴക്കവും ഒറ്റ നോട്ടത്തില്‍ തന്നെ വായിച്ചെടുക്കാം. ഒരു സന്യാസി പോലെ താടിയും മുടിയും ഒക്കെ നീട്ടി, നരച്ചതാനെങ്കിലും വൃത്തിയായി ഒതുക്കിക്കെട്ടി സൌമ്യനായി പരിചയപ്പെടാന്‍ തുടങ്ങി. വിവിധ തരത്തിലും വലിപ്പത്തിലുമുള്ള ധാരാളം വില്ലുകള്‍ ചുമരിലേക്ക് ചാരി വെച്ചിരുന്നു. മുള കൊണ്ട് നിര്‍മ്മിച്ച ആവനാഴികളില്‍ അനേകം അമ്പുകളും കാണാം. അതും പല രൂപത്തിലും വിവിധ ആവശ്യങ്ങള്‍ക്കും. കെണിയായും, വേട്ടയാടാനും, തറച്ചു കേറാനും മറ്റുമായി കൂര്‍ത്തതും കത്തി പോലെ അറ്റം പരന്നതും മറ്റു ചിലത് ഒരു കട്ട പോലെ വീര്ത്ത്തതും ഒക്കെയാണ്. വിദേശ രാജ്യങ്ങളിലേക്ക് പോലും ഇവിടെ നിന്നും സഞ്ചാരികള്‍ കൊണ്ട് പോവരുണ്ടത്രേ. നാലായിരം മുതല്‍ ഇരുപതിനായിരം വരെ ഒക്കെയാണ് ഓരോ വില്ലിന്‍റെയും വിലനിലവാരം.
പരിചയപ്പെടലിനു ശേഷം ഈ അമ്പും വില്ലും ഉപയോഗിക്കുന്നത് ഞങ്ങള്‍ക്ക് പഠിപ്പിച്ചു തരാനുള്ള ശ്രമം.
പതിനഞ്ചു മീറ്റര്‍ ദൂരത്ത് കൊളുത്തിവെച്ച ലക്ഷ്യസ്ഥാനത്തേക്ക് അമ്പുകള്‍ പായുകയാണ്. രണ്ടും മൂന്നും ആളുകള്‍ ഒരേ സമയം തുരുതുരാ അസ്ത്രമെയ്തു കൊണ്ടിരുന്നു. സംഭവം നല്ല ഹരം തന്നെ. വില്ല് കുലക്കുന്നതും അമ്പ് ഘടിപ്പിക്കുന്നതും കൈകളുടെ സ്ഥാനവും കണ്ണുകളുടെ സൂക്ഷ്മതയും ഒക്കെ കിറുകൃത്യമായിരിക്കണം. അല്ലെങ്കില്‍ അമ്പ് അതിന്‍റെ പാട്ടിനു പോവും. ഞങ്ങളുടെ പല അമ്പുകളും ആ വലിയ ആര്‍ച്ചറിക്കും പുറത്തുള്ള ചുമരില്‍ നിന്നാണ് വലിച്ചൂരി എടുത്തത്. ഏറെ നേരത്തെ പരിശീലനത്തിന് ശേഷം പലരും വിദഗ്ദരായ അമ്പെയ്തുകാരായി മാറുന്ന കാഴ്ചായിരുന്നു. ഏറ്റവും മികച്ച സൂത്രശാലിയെ കണ്ടെത്താനുള്ള ഒരു മത്സരം വരെ ഞങ്ങള്‍ സംഘടിപ്പിച്ചു. പുതിയൊരു അറിവ് പകര്‍ന്നു തന്ന ഗോവിന്ദന്‍ എന്ന ഗുരുവിനു ഒരു തുണിയും നൂറ്റൊന്നു രൂപയും ഞങ്ങള്‍ ദക്ഷിണ വെച്ചു. തീരാവിശേഷങ്ങള്‍ പങ്കുവെച്ചു സമയം പോയതെ അറിഞ്ഞില്ല. ഉച്ച ഭക്ഷണത്തിന്‍റെ വിശപ്പ്‌ ഒരു നിലക്കും സഹിക്ക വയ്യാതായപ്പോള്‍ ഗുരുവിനോട് യാത്ര പറഞ്ഞിറങ്ങി. ഓര്‍മ്മചെപ്പില്‍ സൂക്ഷിക്കാന്‍ ഒരു പിടി നല്ല അനുഭവങ്ങള്‍ നേടിക്കൊണ്ട് ബുള്ളറ്റിന്റെ താക്കോല്‍ തിരിച്ചു.
ദോഹ റസിടന്‍സിയില്‍ തന്നെയാണ് ഭക്ഷണം കഴിക്കാനെത്തിയത്. നാടന്‍ ചോറും അയല പൊരിച്ചതും കഴിച്ചു പുറത്തിറങ്ങി. എതിര്‍വശത്ത് കിടക്കുന്ന അമ്പലവയല്‍ പഞ്ചായത്ത് ഓഫീസിന്‍റെ പുറകിലായി ഇടക്കല്‍ ഗുഹകള്‍ കാണാം. ഇനി അത് കയറണോ എന്നൊരു ചര്‍ച്ച വേണ്ട എന്ന തീരുമാനത്തിലെത്താന്‍ ഒട്ടും സമയമെടുത്തില്ല. കോഴിക്കോട്ടു നിന്നും വന്ന പലര്‍ക്കും നേരത്തെ നാട്ടിലെത്തേണ്ടതിനാല്‍ അസ്തമയക്കഴ്ച്ചകള്‍ക്ക് നില്‍ക്കാതെ വയനാട് ടീമുമായി യാത്ര പറഞ്ഞിറങ്ങി..
കാന്തന്‍ പാറ വെള്ളച്ചാട്ടം.
---------------------------------------
അമ്പലവയല്‍- വടുവാന്‍ചാല്‍- മേപ്പാടി വഴി ചുരമിറങ്ങാനാണ് പ്ലാന്‍. ആ റൈഡ് ഞങ്ങള്‍ ശരിക്കും ആസ്വദിച്ചു. തേയിലത്തോട്ടങ്ങള്‍ കീറിമുറിച്ചുണ്ടാക്കിയ റബ്ബറൈസ്ട് റോട്ടിലൂടെ നാലു എന്‍ഫീല്‍ടുകള്‍ കുതിച്ചുപാഞ്ഞു. മെയിന്‍ റോട്ടില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞു മൂന്നു കിലോമീറ്റര്‍ പോയാല്‍ നമ്മള്‍ കാന്തന്‍ പാറ വെള്ളച്ചാട്ടത്തില്‍ എത്തുകയായി. പിന്നെ അധികം ആലോചിക്കേണ്ടി വന്നില്ല. ബാഗില്‍ നിന്നും തോര്‍ത്തും എടുത്ത് ആദ്യം കണ്ട അരുവിയിലേക്കിറങ്ങി. നല്ല തണുത്ത വെള്ളം. ആഴം കൂടുന്നതിനനുസരിച്ച് തണുപ്പും കൂടിക്കൂടി വന്നു. കുറച്ചകലെയായി വെള്ളം ചാടിക്കൊണ്ടിരുന്ന പാറക്കൂട്ടത്തിന് താഴെ ഇരിപ്പുറപ്പിച്ചു. തലയിലേക്ക് വെള്ളം ചാടിക്കൊണ്ടേയിരുന്നു. ശരീരവും മനസ്സും ഒന്ന് കൂടി തണുത്തു. അരമണിക്കൂര്‍ നേരത്തെ കുളിസേവക്ക് ശേഷം കയറി തൊട്ടടുത്ത തട്ടുകടയില്‍ നിന്നും ഓംലൈറ്റും കടുപ്പത്തില്‍ ഓരോ ചായയും പിടിപ്പിച്ചു. അടുത്ത യാത്രക്കായി ബുള്ളറ്റ് ഒരു മുരളലോടെ ആ ഓഫ് റോഡിലൂടെ മുകളിലേക്ക് കുതിച്ചു..
എന്നും പുതിയ അനുഭവങ്ങള്‍ മാത്രം സമ്മാനിക്കുന്ന താമരശ്ശേരി ചുരം എത്ര കണ്ടാലും മതിവരില്ല. എത്ര പോയാലും പിന്നെയും നമ്മളെ മാടി വിളിച്ചു കൊണ്ടേയിരിക്കും. ഒറ്റ ദിവസത്തെ യാത്രയില്‍ കിട്ടിയേക്കാവുന്ന പരമാവധി അനുഭവങ്ങളും കാഴ്ചകളും ആസ്വദിച്ചു തണുപ്പും ഇരുട്ടും പരസ്പരം ആലിംഗനം ചെയ്ത് കിടക്കുന്ന മ്മടെ താമരശ്ശേരി ചുരത്തിലെ കൊടും വളവുകളെ കീഴടക്കി നാട്ടിലേക്ക് തിരിച്ചു.
photos : Imran Poolakkal
LikeShow More Reactions
Comment

No comments:

Post a Comment