Saturday, June 4, 2016

18. ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ: [വയലട ഹൈരേഞ്ചിലെക്ക്-കേരള]
--------------------------------------------------------------------------------------
സഞ്ചാരികളുടെ കണ്ണുകള്‍ ഇനി ഈ ഹൈരേഞ്ചിലെക്ക് തിരിയട്ടെ..
സഹ്യന്‍റെ മടിത്തട്ടില്‍ വയനാടന്‍ മലനിരകളുടെ ഓരം ചേര്‍ന്ന് കിടക്കുന്ന വയലട എന്ന ഹൈറേഞ്ചിലെ വ്യൂ പോയിന്‍റില്‍ നിന്നും ദര്‍ശിക്കാവുന്ന വശ്യ സുന്ദര കാഴ്ചകളാണ് ഇവിടെ വിവരിക്കുന്നത്.
കേരളത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകളില്‍ പലതും പുറം ലോകത്ത് അധികം ആരും അറിയാതെ മറഞ്ഞു കിടക്കുകയാണ് എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പലര്‍ക്കും പ്രയാസമാണ്. അത്തരത്തില്‍ പെട്ട, പുറം ലോകത്ത് അധികം ആര്‍ക്കും അറിയപ്പെടാത്ത, എത്തിപ്പെടാന്‍ ഒരല്പം ബുദ്ധിമുട്ടുള്ള ഒരു സുന്ദരലോകത്തേക്ക് ആയിരുന്നു ഇത്തവണത്തെ ഞങ്ങളുടെ യാത്ര. കോരിച്ചൊരിയുന്ന മഴയെ പുല്‍കാന്‍ ഒരുങ്ങിത്തന്നെ ബുള്ളറ്റുമെടുത്താണ് ഈ യാത്ര.
പ്രകൃതി സൗന്ദര്യത്തിന്റെ മാസ്മരികതയില്‍ സ്വയം അലിഞ്ഞില്ലാതാവാന്‍.
വമ്പന്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പളപളപ്പില്‍ അവഗണിക്കപ്പെട്ടു പോവുന്ന മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് വയലട. കോഴിക്കോട് ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ കക്കയം പോകുന്ന വഴിയിലാണിത്. സുഹൃത്തുക്കളില്‍ നിന്നും കിട്ടിയ ഹില്‍ ടോപ്പിന്‍റെ ചില ചിത്രങ്ങള്‍ കൂടി കണ്ടപ്പോള്‍ തന്നെ യാത്രക്ക് ഒരുക്കം കൂട്ടി.
പേരില്‍ തന്നെ ഒരു പ്രത്യേകത തോന്നിക്കുന്ന ഒരു സ്ഥലം. വയലട. നാഗരികതയുടെ സൌകര്യങ്ങള്‍ ഒട്ടും കടന്നു ചെന്നിട്ടില്ലാത്ത ഒരു തനി നാട്ടിന്‍പുറം. കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാതയില്‍ എസ്റ്റേറ്റ് മുക്ക് എന്ന സ്ഥലത്ത് നിന്നും ഇടത്തോട്ട് തിരിഞ്ഞാല്‍ തലയാട് വഴി കക്കയത്തെക്കുള്ള വഴിയായി. നയനമനോഹരമായ പ്രകൃതി കാഴ്ചകള്‍ക്ക് മാത്രമല്ല നക്സലൈറ്റ് രാജന്‍റെ ഉരുട്ടിക്കൊലയുമായി ബന്ധപ്പെട്ടു കുപ്രസിദ്ധി നേടിയ സ്ഥലം കൂടിയാണ് കക്കയം.
ഹൈവേയില്‍ നിന്നും ഏഴു കിലോമീറ്റര്‍ നീങ്ങിയാല്‍ താഴെ തലയാട് എത്താം. ഈ റോഡിലേക്ക് കയറുമ്പോള്‍ തന്നെ കാഴ്ചകള്‍ കണ്ണുകള്‍ക്ക് സ്വാഗതമോതുകയായി. നീലാകാശവും തൂവെള്ള മേഘങ്ങളും മഞ്ഞിന്‍ തലപ്പാവണിഞ്ഞ മലനിരകളും സര്‍വ്വോപരി ചുറ്റുപാടും നിറഞ്ഞ പച്ചപ്പും മനസ്സിന് വല്ലാത്ത ഒരു കുളിര്‍മ്മ പ്രധാനം ചെയ്യും. റോഡില്‍ തിരക്ക് വളരെ കുറവാണ്. വയലടയിലേക്ക് തിരിയുന്ന ജങ്ങ്ഷനില്‍ വണ്ടി നിര്‍ത്തി വഴി ഒന്ന് കൂടി ഉറപ്പാക്കി. “പെട്രോള്‍ ഒക്കെ ഉണ്ടല്ലോ അല്ലേ” ഇതായിരുന്നു ചോദ്യം. “ഒന്നൂല്ല.. നല്ല റെയ്ഞ്ച് കയറ്റാമാണ്. ഇനി മുന്പോട്ട് പെട്രോള്‍ പമ്പില്ല. തീര്‍ന്നാല്‍ പണി കിട്ടും. അതോണ്ട് പറഞ്ഞതാ”. നാട്ടുകാരന്റെ സ്വതസിദ്ധമായ ഭാഷയില്‍ മറുപടി. “അതൊക്കെ ഒക്കെ. ഞങ്ങള്‍ പോവ്വാ. നന്ദി”. ഇതും പറഞ്ഞു വണ്ടി ഫസ്റ്റ് ഗിയറിലേക്കിട്ടു.
വണ്ടി പോകുന്ന വഴിയില്‍ എല്ലാം പച്ചപ്പാണ്. റോഡിനിരുവശവും ചെടികളില്‍ ചുവപ്പും മഞ്ഞയും നിറത്തിലുള്ള ചെറിയ പൂക്കള്‍ വിരിഞ്ഞിരിക്കുന്നു. വളവും തിരിവും കൂടി വരികയാണ്. വണ്ടി ഫസ്റ്റിലും സെക്കന്റിലും മാത്രം മുരളുകയാണ്. ഒന്ന് രണ്ട് ഹെയര്‍പിന്‍ വളവുകള്‍ കിട്ടി. റബ്ബര്‍ മരങ്ങളും ജാതിയും കാപ്പിയും മറ്റും നിറഞ്ഞ തോട്ടങ്ങള്‍ ആണ് ഇപ്പോള്‍ കാണുന്നത്. വണ്ടി ഓരോ വളവുകളെയും കീഴടക്കി കുതിച്ചു കൊണ്ടേയിരിക്കുകയാണ്. മൂന്നോ നാലോ ചെറിയ കടകള്‍ മാത്രം ഉള്ള ഒരു കവലയും പിന്നെ ഒരു ക്രിസ്ത്യന്‍ പള്ളിയും, ഒരു മണിക്കൂര്‍ യാത്രക്ക് ശേഷം മുള്ളന്‍ പാറ എന്ന സ്ഥലത്തെത്തി. ഇവിടെ നിന്നും തിരിഞ്ഞാണ് വയലടയിലെക്ക് പോവേണ്ടത്.
ഇവിടെ നിന്നും കുറച്ച് ദൂരം നല്ല റോഡ്‌ ഉണ്ട്. പിന്നീടങ്ങോട്ട് മണ്‍വെട്ടു പാതകള്‍ ആണ്. പോരാത്തതിന് തകര്‍ത്തു പെയ്യുന്ന മഴയില്‍ കുതിര്‍ന്ന വഴികളും. കറുത്ത റോഡ്‌ ഇവിടെ തീരുന്നു. ചെളിയും കരിങ്കല്ലുകളും നീര്‍ച്ചാലുകളും പരസ്പരം ആലിംഗനം ചെയ്തു കിടക്കുന്ന വഴികളില്‍ക്കൂടിയാണ് ഇനി യാത്ര ചെയ്യേണ്ടത്. നടന്നു പോവാന്‍ തന്നെ ദുഷ്കരമായുള്ള ഊടുവഴികള്‍. ഒരു വലിയ റിസ്ക്‌ ആണ് ഞങ്ങള്‍ ബുള്ളറ്റിനു നല്‍ക്കാന്‍ പോകുന്നതെന്ന് ഉറപ്പായി.
പൊട്ടിപ്പൊളിഞ്ഞ റോട്ടിലൂടെയുള്ള വലിയൊരു കയറ്റത്തിന് തയ്യാറെടുക്കുകയാണ്. ഒരു മിനിറ്റ് വണ്ടി ഓഫാക്കി. തൊട്ടടുത്ത പാറകെട്ടുകള്‍ക്കിടയിലൂടെ നൃത്തം ചെയ്തു വരുന്ന ശുദ്ധമായ വെള്ളം ആവോളം പാനം ചെയ്തു. പുതിയ കാഴ്ചകള്‍ക്കും ആനുഭവങ്ങള്‍ക്കും മനസ്സ് വല്ലാതെ വെമ്പാന്‍ തുടങ്ങി. ഓരോ യാത്രയും ഓരോ അനുഭവമാണ്. മനസ്സില്‍ എന്നും താലോലിക്കാനുള്ള ഓര്‍മ്മകള്‍ സമ്മാനിക്കും എന്നുള്ള ഒരു വിശ്വാസം. വെറുതെ ഒരു വിശ്വാസം. ആര്‍ക്കും ചേതമില്ലാത്ത ഒരു വിശ്വാസം. ഒരു ചെറിയ ഇടവേളക്ക് ശേഷം വണ്ടി ഒരു പുതിയ ആവേശത്തോടെ ഉരുളാന്‍ തുടങ്ങി.
ഒരു കല്ലില്‍ നിന്നും മറ്റൊരു കല്ലിലേക്ക് ചാടി, ചളികുണ്ടുകളില്‍ വഴുതാതെ സസൂക്ഷ്മം മുമ്പോട്ട് ഗമിക്കുക്കയാണ് റോയല്‍ എന്‍ഫീല്‍ഡ്. വഴിയിലെ മഞ്ഞും മഴയും കാലാവസ്ഥയും വിചിത്രമായിരുന്നു. ഇടക്കിടക്ക് കോട മഞ്ഞിന്‍റെ സാന്നിധ്യം കുളിര്‍മ്മയേകി. കാര്‍മേഘങ്ങള്‍ മൂടി നിന്നാലും പെയ്യില്ല. പെയ്യാന്‍ തുടങ്ങിയാലോ അതൊരു പെയ്ത്തായിരിക്കും. ചാറല്‍ മഴ വിരളമായ് മാത്രം ലഭിച്ചു കൊണ്ടിരുന്നു. കഷ്ടിച് ഒരു ജീപ്പിനു പോകാനുള്ള വീതിയെ റോഡിനുള്ളു. അതാകട്ടെ റോട്ടിലേക്ക് നീണ്ടു വളര്‍ന്ന പുല്‍കൂട്ടങ്ങള്‍ ഇരുവശവും കവര്‍ന്നിരിക്കുകയാണ്.
അവിടിവിടെ ആയി കല്ലുകള്‍ പാകിയിട്ടുണ്ട്. റോയല്‍ എന്‍ഫീല്‍ഡ് കാറ്റില്‍ വള്ളങ്ങള്‍ ആടിയുലയും പോലെ ഇളകിയാടുകയാണ്. ചാറല്‍ മഴയ്ക്ക്‌ ചെറിയൊരു ശമനം ഉണ്ട്. രണ്ടാളുമായി കയറാന്‍ ബുള്ളറ്റിനു പ്രയാസകരമായ ചിലയിടങ്ങളില്‍ സമദ് ഫോണുമായി ഇറങ്ങി നടക്കാന്‍ തുടങ്ങി. രണ്ടുണ്ട് കാര്യം. ഒന്ന് അടി തട്ടാതെ വണ്ടിക്ക് വഴികാട്ടാം കൂടെ ശുദ്ധവായുവും പ്രകൃതിയുടെ ഭാവ ഭേദങ്ങളും ലാസ്യ ഭാവങ്ങളും ആവോളം ആസ്വദിക്കാം. ഒന്ന്, രണ്ട് എന്നീ ക്രമത്തില്‍ മാത്രം ഗിയര്‍ മാറ്റി ഞാന്‍ വണ്ടി ഓടിച്ചുകൊണ്ടിരുന്നു, പലപ്പോഴും മതിമറന്നു പ്രകൃതിയെ ആസ്വദിച്ചു നിന്നുപോയ സമദ് ബൈക്കിനു പിറകെ ഓടി കയറേണ്ടി വന്നു പല കുന്നുകളും.
ആവേശകരമായ ശകട മലകയറ്റത്തിനൊടുവില്‍ വയലട വ്യൂ പോയിന്‍റ് കണ്‍മുന്നിലെത്തി. എഞ്ചിന്‍ ഓഫാക്കിയപ്പോള്‍ എന്തോ മതിയാവാത്ത പോലെ വണ്ടി ഒന്ന് കൂടി മുമ്പോട്ട് ചാടി. ഇനി നടന്നു കയറണം. രണ്ടു കിലോമീറ്റര്‍. അവിടെയാണ് പ്രകൃതി അതിസുന്ദരമായ ദൃശ്യവിരുന്ന്‍ ഒരുക്കി ഒളിച്ചു വെച്ചിരിക്കുന്നത്.
ഞങ്ങള്‍ നടക്കാന്‍ തുടങ്ങി. അടിവാരത്ത് നിന്നും വാങ്ങി സൂക്ഷിച്ച കപ്പലണ്ടിയും ഉണക്കിയ മധുര നെല്ലിക്കയും ഓരോന്നായി അകത്താക്കാന്‍ തുടങ്ങി.
ആന എപ്പോളും വന്നേക്കാവുന്ന പ്രദേശം ആണെന്ന് തോന്നിപ്പിക്കുന്ന ഭൂപ്രകൃതിയായിരുന്നു. ഭീകരമായ നിശബ്ധത തെല്ലു ഭയം മനസ്സില്‍ ഉളവാക്കി. അതുകൊണ്ട് തന്നെ ആന നിരീക്ഷണവും നടത്തത്തിന്റെ ഭാഗമായി. വഴികള്‍ കുറേക്കൂടെ ഇടുങ്ങിയിരിക്കുന്നു ഇരുവശങ്ങളിലുമായി സമൃദ്ധമായ് വളര്‍ന്നു നില്‍ക്കുന്ന പുല്‍ചെടികള്‍ക്കിടയിലൂടെ ഞങ്ങള്‍ പതിയെ നീങ്ങി.
കുത്തനെയുള്ള കയറ്റങ്ങളാലും ചെളിയും കല്ലും നിറഞ്ഞ ഇടുങ്ങിയ വഴികളാലും ശാരീരികമായി ഒത്തിരി പ്രയാസപ്പെടെണ്ടി വരുമെങ്കിലും മുകളിലേക്ക് കയറും തോറും ക്ഷീണത്തേക്കാള്‍ വലിയൊരുണര്‍വ്വാണ് അനുഭവിക്കുക.
"ഇനി ഒരു 300M നടക്കണം; " കോടമഞ്ഞു മൂടി അവ്യക്തമായ ഇടുങ്ങിയ പാതയെ ചൂണ്ടി കാണിച്ചു സമദ് പറഞ്ഞു, മഴപെയ്തു ചെളി നിറഞ്ഞ പാതകളില്‍ പുല്ലുകളില്‍ ചവിട്ടി ഞങ്ങള്‍ നടന്നു, കോടമഞ്ഞിന്‍റെ കാഠിന്യം കാഴച്ചകള്‍ക്ക് വിഘാതമാകുമെന്ന് ഉറപ്പ്, എന്നിരുന്നാലും മഞ്ഞില്‍ പൊതിഞ്ഞ കാഴ്ച്ചകളുടെ ഭംഗി മറ്റെന്തിനേക്കാളും മേലെയാണെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. പുല്‍മേട്ടിലെ നീളന്‍ പുല്‍ചെടികള്‍ കഴിഞ്ഞു കുറ്റിക്കാടുകള്‍ നിറഞ്ഞ വഴിയിലൂടെ ഞങ്ങള്‍ ആവേശത്തോടെ നടന്നു.
ശ്വാസോച്ഛ്വാസം ഉച്ചത്തിലും വേഗത്തിലുമായി. മുകളില്‍ നിന്നും ഊര്‍ന്നിറങ്ങി വന്ന കോടമഞ്ഞ്‌ ടീ-ഷര്‍ട്ടിനുള്ളില്‍ തണുപ്പ് പടര്‍ത്താന്‍ തുടങ്ങി. മുന്നില്‍ വലിയ വലിയ പാറക്കൂട്ടം കാണുമാറായി. നടത്തത്തിനു വേഗം കൂടികൂടി വന്നു. മരങ്ങള്‍ക്കിടയിലൂടെ ആകാശ നീലിമ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. മാത്രമല്ല ഒരു തണുത്ത മന്ദമാരുതന്‍ ഞങ്ങള്‍ക്ക് സ്വാഗതമരുളിക്കൊണ്ട് ഉടല്‍ തഴുകാനെത്തി. പാറക്കൂട്ടത്തിനു മുകളില്‍ പുറമേ തുറസായ സ്ഥലം പോലെ തോന്നിക്കുന്ന ഒരു സ്ഥലത്തേക്ക് ഞങ്ങള്‍ നടന്നടുത്തു. ഇനി കയറാന്‍ ഇല്ല. മുകളില്‍ വെള്ളയും നീലയും അണിഞ്ഞു വിശാലമായ ആകാശം. മറുഭാഗത്തെ കാഴ്ചകള്‍ ഒന്നും കാണാനില്ല. വലിയ ഒരു ഗര്‍ത്തം പോലെ അനന്തമായ ശൂന്യത. അവിടെയാണ് ആ കാഴ്ച എന്ന് മനസ്സിലാക്കി ഞങ്ങള്‍ അങ്ങോട്ടോടി.
ഒരു നിമിഷം..!! നിശ്വാസം നിലച്ചുപോയോ ഞാന്‍ ഒന്നു ശങ്കിച്ചു.. ആരും അല്‍പ്പ നേരത്തേക്ക് ഒരു വാക്കും ഉരിയാടിയില്ല ആ വിസ്മയക്കാഴ്ച്ചയില്‍ ഞങ്ങള്‍ അലിഞ്ഞുചേര്‍ന്നു മാഞ്ഞുപോയി..!!!
സ്വര്‍ഗം താണിറങ്ങി വന്നതോ.....$$
സ്വപ്നം പീലിനീര്‍ത്തി നിന്നതോ...$$
കവി പാടിയത് അന്വര്‍ത്ഥമാക്കുന്ന ഇതുപോലോരിടം മുന്‍പ് കണ്ടുവോ ഞാന്‍...??? അറിയില്ല. ആ ഭംഗിയില്‍ അലിഞ്ഞു പോയ്‌ ആരെങ്കിലും അവിടെ നിന്നും ആത്മഹത്യ ചെയ്‌താല്‍ കുറ്റം പറയാന്‍ പറ്റില്ല...ആര്‍ക്കും ഒന്നെടുത്തു ചാടാന്‍ തോന്നിപ്പോകും..!! മൂടല്‍മഞ്ഞും മേഘവും പ്രണയാതുരമായി ഇഴുകിച്ചേര്‍ന്നൊഴുകി നടക്കുന്ന കാഴ്ച്ചകള്‍ ആരുടെ മനസ്സിലും അസൂയയുടെ റോസാപ്പൂക്കള്‍ വിരിയിക്കും.
ദൂരം ദൃശ്യത്തിനു ചാരുത നല്‍കുമെങ്കില്‍ അതിവിടെയാണ്. മലമുകളില്‍ നിന്നും ദൃഷ്ടി പായിച്ചാല്‍ ചുറ്റുപാടും കാണുന്നത് ചിത്രങ്ങളെ പോലും വെല്ലുന്ന കാഴ്ചകളാണ്. താഴ്വാരത്ത് മരങ്ങളും കുന്നുകളും അവയ്കിടയിലൂടെ വളഞ്ഞു പുളഞ്ഞോഴുകുന്ന അരുവികളും വെള്ളക്കെട്ടുകളും കാണാം. അങ്ങിങ്ങായി ചില ചെറുവെള്ളച്ചാട്ടങ്ങളും പച്ചപ്പു വിരിച്ച കുന്നിന്‍ പുറങ്ങളും നിബിഡവന പ്രദേശങ്ങളും മനം മയക്കുന്ന കാഴ്ചയാണ്. മേഘക്കീറുകള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്ന സുവര്‍ണ്ണ കിരണങ്ങള്‍ താഴ്വാരക്കാഴ്ച്ചകളെ തെളിഞ്ഞതും മങ്ങിയതുമാക്കുന്നുണ്ട്.
കോടമഞ്ഞ്‌ കാറ്റിന്‍റെ താളത്തിനൊത്ത് പായുമ്പോള്‍ ഒരു വേള ഈ കാഴ്ചകളെല്ലാം തൂവെള്ളയില്‍ അലിഞ്ഞുചേരും. അടുത്ത് നില്‍ക്കുന്ന സുഹൃത്തിനെ പോലും മറച്ചു കളയുന്നത്രയും കടുപ്പത്തില്‍ വെള്ളപരവതാനി വിരിച്ചപോലെ താഴ്വാരത്തെ മൂടിക്കിടക്കളയും ഈ കോടമഞ്ഞ്. കാണുമ്പോള് ആ വെള്ളപരവതാനിയില് കിടന്നുരുളാന് തോന്നും. സൌന്ദര്യം നിഗൂടതകളിലോളിച്ച പ്രകൃതി. തൊട്ടടുത്ത നിമിഷം മറ്റൊരു കാറ്റില്‍ ഈ മഞ്ഞിനെ കാണാനുണ്ടാകില്ല. അപ്പോള്‍ താഴ്വാരക്കാഴ്ചകള്‍ കൂടുതല്‍ വ്യക്തതയോടെ ദര്‍ശിക്കാന്‍ കഴിയും.
പ്രകൃതി അതിന്‍റെ ഏറ്റവും മനോഹാരിതയില്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന കാഴ്ചയാണിത്.
കോടമഞ്ഞിനോട് പിണങ്ങി കാര്‍മേഘം തൊട്ടു മുകളിലായി ഞങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ചിലപ്പോള്‍ ഞങ്ങളെ മേഘക്കൂട്ടങ്ങളുടെ മുകളിലാണോ എന്ന് വരെ സംശയിച്ചു. മേഘങ്ങള്‍ കനക്കുന്നു. പ്രകാശം മങ്ങുന്നു. ഞങ്ങള്‍ മൊബൈലും പെഴ്സുമെല്ലാം നനയാത്ത ബാഗിലേക്ക് മാറ്റി മഴയെ പുല്‍കാന്‍ തയാറായി. മഴയുടെ തേന്‍ തുള്ളികള്‍ ഞങ്ങളുടെ മേല്‍ മുത്തമിട്ടു തുടങ്ങി.
നിസ്വാര്‍ത്ഥമായ പ്രകൃതിയുടെ മാറില്‍ നിന്നും പെയ്തിറങ്ങുന്ന അനുഗ്രഹവര്‍ഷങ്ങളെ മുഖം വാനിലെക്കുയര്‍ത്തി ഇരു കൈകളും നീട്ടി ഞാനും സമദും ഏറ്റു വാങ്ങി....!!!
മഴ പെയ്യുന്നു. മഴ മാത്രമേയുള്ളൂ. കാലവര്‍ഷത്തിന്റെ വെളുത്ത മഴ. ഭൂമിയിലെ ഏറ്റവും പരിശുദ്ധമായ കണികകള്‍ മുടിഴിഴകളില്‍ നിന്നും കവിളിലൂടെ ഒലിച്ചിറങ്ങി. അതിന്‍റെ മാസ്മരികമായ കുളിര്‍മ്മ എന്‍റെ മനസ്സിനെയും ശരീരത്തെയും ഒരേപോലെ കീഴടക്കി. ഓരോ മഴക്കും ഓരോ താളവും ഭാവവുമുണ്ട്. അത് ആസ്വദിക്കാന്‍ കഴിയണമെന്നു മാത്രം. ഒഴിഞ്ഞ മനസ്സുമായി വന്നാല്‍ മതി. നിറഞ്ഞ മനസ്സുമായി തിരിച്ചിറങ്ങാം.
മഴ തിമിർത്തു പെയ്യുകയാണ്. കാര്‍മേഘം തുള്ളിക്കൊരു കുടം കണക്കിന് സംഗതി വാരിചൊരിഞ്ഞു. എല്ലാവരും നിന്നു കൊള്ളുകയാണ്. ചിലര്‍ ഇരു കൈകളും പരമാവധി നീട്ടി മുഖം ആകാശത്തേക്കുയര്‍ത്തി മൂളിപ്പാട്ടും പാടി അങ്ങോട്ടുമിങ്ങോട്ടും ഓടുകയാണ്.
കുറേനേരം ഹൈറേഞ്ചിലെ മഴ ആസ്വദിച്ചു. ഇനി ഇറങ്ങാന്‍ ഒരുങ്ങുകയാണ്. മഴയുടെ പാട്ടില്‍ ലയിച്ചു ബുള്ളറ്റില്‍ സവാരിയാണ്‌ അടുത്ത ലക്ഷ്യം.
മനസില്ല മനസോടെ യാത്ര പറഞ്ഞു മലയിറങ്ങിത്തുടങ്ങി. വിടപറയുന്ന ഞങ്ങളോട് പിണങ്ങിയാണോ എന്നറിയില്ല മഴ കാറ്റിന്‍റെ സഹായത്തോടെ കൂടുതല്‍ ശക്തിയായി പെയ്യാന്‍ തുടങ്ങി. അവസാനമായി ഒന്നുകൂടി പുറകോട്ടു തിരിഞ്ഞു ഇളം പുഞ്ചിരി സമ്മാനിച്ച് ഞങ്ങള്‍ പിരിഞ്ഞു. ഇനിയും ഈ അനുപമ സൌന്ദര്യത്തെ തേടി വരും എന്ന പ്രത്യാശയോടെ..!!


https://www.facebook.com/groups/TeamSanchari/permalink/959297900794681/

No comments:

Post a Comment