Saturday, June 4, 2016

5: ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ..[ലക്ഷദ്വീപ് എന്ന അത്ഭുത ദ്വീപ്]‌-

മിനിക്കോയ് ദ്വീപിലെ കാഴ്ചകളിലേക്ക്..https://www.facebook.com/groups/TeamSanchari/1061927673865036/?notif_t=like&notif_id=1460269508870308
------------------------------------
കപ്പലില്‍ നിന്നും രാവിലെ 6 മണിക്ക് തന്നെ പിടഞ്ഞെണീറ്റു. 'കാലിച്ചായ'യും നമസ്കാരവും കഴിഞ്ഞ് വീണ്ടും പ്രഭാത കാഴ്ചകള്‍ കാണാനിറങ്ങി. നീലക്കടൽ ശാന്തമായിരുന്നു. ശേഷം സമൃദ്ധമായ പ്രാതല്‍.
സമുദ്രസഞ്ചാരത്തിന്റെ രണ്ടാം ദിവസം ഇങ്ങനെ ആരംഭിക്കുന്നു. അങ്ങകലെ മിനിക്കോയ് ദ്വീപിന്‍റെ പച്ചക്കര കാണാം. ആഴം കുറഞ്ഞ തീരക്കടലാണ് മിനിക്കോയിയുടെ പ്രത്യേകത. അടുക്കുംതോറും ആശങ്ക കൂടിക്കൂടി വന്നു. കരയില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ ദൂരെ കപ്പല്‍ നങ്കൂരമിട്ടു. ചെറിയ ബോട്ടുകളിലാണ് കരയിലേക്കും തിരിച്ചുമുള്ള യാത്ര.
കപ്പലില്‍ നിന്നും ബോട്ടിലേക്ക്.
വലിയ കപ്പലില്‍ നിന്നും ചെറിയ ബോട്ടുകളിലേക്കുള്ള ഇറങ്ങലും കയറലും രസകരവും സാഹസികവുമാണ്‌. ബോട്ട് പൊങ്ങി കപ്പലിന് സമാനമായി എത്തുമ്പോള്‍ ബോട്ടിലേക്ക് എടുത്തുചാടണം. ആലോചിക്കുമ്പോൾ ഉൾക്കിടിലമായി. ആദ്യത്തെ ബോട്ട കപ്പലിനടുത്തെത്തി. ഇരു വശത്തും സെക്യൂരിറ്റിക്കാര്‍ ഉണ്ടെങ്കിലും നെഞ്ച് ശക്തിയായി മിടിക്കാൻ തുടങ്ങി. നടുക്കടലാണ്. നല്ല തിരമാലകളുമുണ്ട്. കപ്പലും ബോട്ടും ഡാൻസ് കളിക്കുകയാണ്. കാലൊന്നു തെറ്റിയാല്‍ കടലിലായിരിക്കും പിന്നെ. ഇങ്ങനെ ചാടുന്നതിനിടക്ക് കടലില്‍ വീണുപോയ ഒരു കുടുംബക്കാരിയുടെ കഥ മനസ്സിലേക്കോടിയെത്തി. അതോടെ കൈയ്യും കാലും കുഴയാന്‍ തുടങ്ങി. വായില്‍ വെള്ളം വറ്റി. രണ്ടും കല്‍പ്പിച്ച് ഞാനും ഷമീം സാറും അറിയാവുന്ന പ്രാർത്ഥനകളെല്ലാം ചൊല്ലി ബോട്ടിലേക്കെടുത്തു ചാടി. സുന്ദരമായി ലാന്‍ഡ്‌ ചെയ്തു. ഹാവൂ.. സമാധാനമായി.
ഇനി ബോട്ടിലാണ് കരയിലേക്കുള്ള യാത്ര. ഏറ്റവും മുമ്പിലായിരുന്നു ഞങ്ങളിരുന്നത്. ബോട്ട് പതുക്കെ നീങ്ങിത്തുടങ്ങി. കപ്പലിനേക്കാൾ ആട്ടം കൂടുതലായിരുന്നു ബോട്ടിന്. ഞങ്ങൾക്ക് വേവലാതിയും. മുന്‍ സീറ്റിലിരിക്കാന്‍ ആരും ഓടി വരാത്തതിന്റെ കാരണം അപ്പോഴാണ്‌ പിടി കിട്ടിയത്. വല്ല വിധേനയും കരയില്‍ എത്തിയാല്‍ മതിയെന്ന അവസ്ഥയായി. അരമണിക്കൂറിനകം മിനിക്കോയ് ജട്ടിയിൽ എത്തി. ലഗൂൺ ഏരിയായിൽ കണ്ണാടിച്ചില്ല് പോലെ തെളിഞ്ഞ വെള്ളം, ആദ്യ കണ്ട “വെല്‍കം” ബോര്‍ഡ് ഞങ്ങളെ വല്ലാതെ ആകര്‍ഷിച്ചു.
ജീവിതവും സംസ്കാരവും.
മറ്റു ദീപുകളില്‍ നിന്നും വ്യത്യസ്തമാണ് മിനികോയ്. ആചാരാനുഷ്ഠാനങ്ങള്‍, സ്വത്തവകാശം, വസ്ത്രധാരണം, ഭാഷ, ജീവിത സംസ്കാരം എന്ന് വേണ്ട സകലത്തിലും മറ്റു ദീപുകാരില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്നവരാണ് മിനിക്കൊയ്കള്‍. സ്ത്രീയാണ് കുടുംബത്തിന്‍റെ നട്ടെല്ല്. ഇവിടെ ആണുങ്ങളെ കാണാന്‍ പ്രയാസം നേരിടും. കാരണം എല്ലാ ആണുങ്ങളും നാവികരായി പുറം രാജ്യങ്ങളിലായിരിക്കും. ഇന്തോനേഷ്യക്കാര്‍ക്കും മിനിക്കോയികള്‍ക്കും നാവികരാവാന്‍ പ്രത്യേകിച്ചും ഒരു പരീക്ഷയും പാസാകെണ്ടാതില്ല. നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് മാത്രം മതി.
കപ്പലില്‍ ഞങ്ങള്‍ക്ക് കിട്ടിയ ദീപുകാരന്‍ സുഹൃത്താണ് യാസിര്‍. ഇവിടെ എല്ലാവർക്കും സുപരിചിതനാണവന്‍. വടക്കു നിന്ന് തെക്കോട്ട് യാസീറിന്റെ കൂടെ ബൈക്കിൽ ഞങ്ങൾ യാത തുടങ്ങി. നേർത്ത കോൺകീറ്റ് റോഡിലൂടെ ദ്വീപിന്‍റെ ഗ്രാമാന്തരങ്ങളില്‍ കൂടി യാത്ര തുടങ്ങി. കോഴിക്കോട്ടെ ബേപ്പൂര്‍, കുറ്റിച്ചിറ ഭാഗങ്ങളുമായി ആണ് സാമ്യം തോന്നിയത്. നല്ല ആളുകൾ, നല്ല സ്വഭാവം, നല്ല മനസ്സ്, അതിനേക്കാൾ നല്ല സ്വീകരണം ഇതൊക്കെ എടുത്ത് പറയാതിരിക്കാന്‍ വയ്യ. ദീപ് നിവാസികളുടെ നിഷ്കളങ്കത ഞങ്ങളിൽ അമ്പരപ്പുളവാക്കി. “മഹല്‍” ആണ് മിനിക്കോയ് ദ്വീപിലെ ഭാഷ. പോകുന്ന വഴിയിൽ യാസര്‍ എല്ലാവരോടും സൗഹൃദം പുതുക്കുന്നു. ഞങ്ങളെ പരിചയപ്പെടുത്തുന്നു. വലിയ ബഹുമാനത്തോടെ സ്നേഹത്തോടെ ദീപുകാർ ഞങ്ങളെയും പരിചയപ്പെടുന്നു.
സൈക്കിളാണ് ദ്വീപിലെ പ്രധാന വാഹനം. സ്കൂൾ കൂട്ടികൾ വരിവരിയായി സൈക്കിളിൽ യാത്ര ചെയ്യുന്നത് ഒരു പുതിയ കാഴ്ചയായിരുന്നു. പാറിപറക്കുന്ന പൂമ്പാറ്റകളെ പോലെ ഇളം നീല യൂണിഫോം ധരിച്ചു ധാരാളം സൈകിളുകള്‍ സ്കൂളിലേക്ക് പോവുകയാണ്. ബൈക്കുകളും അത്ര കുറവല്ല. എന്നാല്‍ കുറവാണ് താനും. ഒന്ന് രണ്ടു കാറുകളും ഒരു ഒമ്നി വാനും ശ്രദ്ധയില്‍ പെട്ടു. അതിനു മേലേയുള്ള വാഹനങ്ങൾ നന്നേ കുറവായിരുന്നു. ബോട്ട് തന്നെയാണ് പ്രധാന ആശയം.
മിനിക്കോയ് ദ്വീപിൽ കൂട്ടുകുടുംബ വ്യവസ്ഥയിലാണ് ആളുകൾ താമസിക്കുന്നത്. ഒരു വീട്ടിൽ തന്നെ അറുപതും എഴുപതും അംഗങ്ങളൊക്കെ ഉണ്ടാവുമത്രേ. കുടുംബ മൂപ്പനാണ് നേതൃത്വം. ഞങ്ങളുടെ യാത്രയിൽ ഇത്തരം വലിയ വലിയ വീടുകൾ കണ്ടു. ഒരു ഭാഗത്തെ റോഡ് നവോദയ സ്കൂളിൽ അവസാനിച്ചു. അതിനപ്പുറം ഒരു ഹെലിപാഡ്, പിന്നെ ടൂറിസ്റ്റ് വില്ലകൾ, സ്വിമ്മിംഗ് പോയിന്റ് അങ്ങനെ പലതും.
മിനിക്കോയ് ലൈറ്റ് ഹൗസ്...
മിനിക്കോയ് ദീപിലെ ഒരു പ്രധാന കാഴ്ചയാണ് ലൈറ്റ് ഹൌസ് ടവര്‍. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ വാച്ച് ടവറുകളില്‍ ഒന്നാണിത്. ഭീമാകാരമായ ആ ടവറിനു താഴെ ഒന്ന് രണ്ടു ശില്പങ്ങള്‍ ഉണ്ട്. സിമന്ടിലും മരത്തിലും തീര്‍ത്തത്. ടവറിന്റെ മുകളിലെത്താന്‍ മൊത്തം 262 സ്റ്റെപ്പുകൾ കയറണം. പിരിയന്‍ ഗോവണിപ്പടികള്‍ ഞാനും ശമീം സാറും കയറിത്തുടങ്ങി. നടന്നും ഇരുന്നും നെടുവീര്‍പ്പിട്ടും ഒരു വിധം മുകളിലെത്തി. ക്ഷീണം കൊണ്ട് തലകറങ്ങിയെങ്കിലും മുകളില്‍ നിന്നുമുള്ള കാഴ്ചകള്‍ ആശ്ചര്യകരമായിരുന്നു.
ദ്വീപിന്റെ ആകാശക്കാഴ്ച്ച ആരെയും അത്ഭുതപ്പെടുത്തും. ചുറ്റും പച്ചപ്പരവതാനി വിരിച്ച പോലെ തെങ്ങിന്‍ തോപ്പുകള്‍. അതിനു ചുറ്റും ഇളം നീല നിറത്തില്‍ കടലിന്‍റെ ഒരു തീരഭാഗം. പെട്ടെന്ന് അത് കടും പച്ച നിറത്തിലും പിന്നീട് ഇരുണ്ട നിറത്തിലേക്കും മാറുന്നു. ഒരു പൊട്ടു പോലെ ദൂരെ നങ്കൂരമിട്ടിരിക്കുന്ന ഒരു വെള്ളക്കൊട്ടാരം. ചെറുതും വലുതുമായ ബോട്ടുകള്‍. അങ്ങകലെ കാഴ്ച മുട്ടുന്നിടത്ത് കടലിനെ മുത്തമിട്ടുകൊണ്ട് നീലാകാശം. ചിത്രങ്ങളിലും പോസ്ടരുകളിലും ഒക്കെ കാണാറുള്ള അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങള്‍ ദാ ഇവിടെയാണെന്ന് ഉറക്കെ വിളിച്ചു പറയാന്‍ തോന്നി.
ദ്വീപിന് ദൈവീകമായ ഒരു സംരക്ഷണമുണ്ട്. അതാണ്‌ ദീപിനും ചുറ്റും കാണപ്പെടുന്ന ലഗൂണ്‍ കൂട്ടങ്ങള്‍. എത്ര വലിയ തിരമാലകള്‍ കടലില്‍ ഉയര്‍ന്നാലും ഈ സംരക്ഷണഭിത്തിയിൽ തട്ടിത്തകര്‍ന്നു കടലിൽ തന്നെ ഇല്ലാതാകുന്നു. കരയിലേക്ക് ചെറിയ ഓളങ്ങൾ മാത്രമേ എത്തുകയുള്ളൂ. ലോകത്തെ ഞെട്ടിച്ച കൂറ്റന്‍ സൂനാമി തിരമാലകള്‍ പല തീരങ്ങളിലും അപകടം വിതച്ചപ്പോഴും ഈ തീരങ്ങളില്‍ കാര്യമായ പരിക്കുകകള്‍ ഉണ്ടാവാതിരുന്നതിന്റെ കാരണം ഇതായിരുന്നു. ടവറിൽ നിന്നുമിറങ്ങി ഭക്ഷണം കഴിച്ചു കപ്പലിലേക്ക് തന്നെ മടങ്ങണം. അങ്ങു ദൂരെ കപ്പൽ കാണാം.
ഇനി വീണ്ടും ബോട്ടിലേക്ക്. പഴയ സര്‍ക്കസ് തന്നെ. ചാടണം, കയറണം....
LikeShow More Reactions
Comment

No comments:

Post a Comment