Saturday, June 4, 2016

12: ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ - മാസിനഗുടി-ആവലാഞ്ചി-മുള്ളി-മാഞ്ചൂര്‍-സൈലന്റ് വാലി

കോഴിക്കോട് മുതല്‍ മേപ്പാടി വരെ.
കോഴിക്കോട് നിന്നും ഈങ്ങാപുഴ വഴി മേപ്പടിയിലെക്ക്. ഒന്‍പതു വളവുകള്‍ ഉള്ള താമരശ്ശേരി ചുരം. ഒന്‍പതാം വളവില്‍ ആദ്യത്തെ വിശ്രമം. പതിനാലാം രാവില്‍ പാല്‍നിലാവ് പൊഴിയുന്ന ചുരത്തിലെ സുന്ദരമായ രാത്രി കാഴ്ചകള്‍. വാഹന വ്യൂഹത്തിന്റെ ഹെഡ് ലൈറ്റ് വെളിച്ചം ഇരുട്ടെന്ന ക്യാന്‍വാസില്‍ വരച്ചുണ്ടാക്കുന്ന മനോഹര ചിത്ര രചനകള്‍. നാലാം വളവിന്റെ മനോഹരമായ വിദൂരകാഴ്ച. യാത്രാംഗങ്ങള്‍ എല്ലാവരും ഇവിടെ വെച്ച് സംഗമിക്കുന്നു. അതീക്ക് കോയമ്പത്തൂര്‍ യാത്ര കഴിഞ്ഞ് എത്തിയതെ ഉള്ളൂ.. വീണ്ടും അടുത്ത യാത്രക്ക്.
അടുത്ത ലക്‌ഷ്യം മേപ്പാടി ഗവ: ഗസ്റ്റ് ഹൌസ്. അവിടെയാണ് ഇന്നത്തെ താമസം. വരിവരിയായി എട്ടു ബൈക്കുകള്‍ തണുത്ത ഇരുട്ടിനെ കീറിമുറിച്ച് കൊണ്ട് കുതിച്ചു കൊണ്ട് ഏകദേശം പതിനൊന്നരയോടെ മേപ്പാടി എത്തി.
പരിചയപ്പെടല്‍ തുടങ്ങിയത് ക്യാമ്പ് ഫയറിന് ചുറ്റുംകൂടി നിന്നായിരുന്നു. നല്ല സൗകര്യമുള്ള താമസസ്ഥലം ആണ്. 1200 രൂപയാണ് ഒരു ദിവസത്തെ വാടക. ഒരു വലുതും രണ്ടു ചെറുതും ആയ റൂമുകള്‍. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കൂടിച്ചേര്‍ന്നത് കൊണ്ടാവാം ഉറക്കമില്ലാത്ത രാവായിരുന്നു. ഞാന്‍ ഉറങ്ങില്ല. നിന്നെ അല്ല ആരെയും ഉറങ്ങാന്‍ സമ്മതിക്കില്ല ഇതായിരുന്നു മുദ്രാവാക്യം.
മേപ്പാടി മുതല്‍ ഗൂടല്ലൂര്‍ വരെ
പിറ്റേന്നു രാവിലെ അഞ്ചു മണിക്ക് വീണ്ടും യാത്ര തുടങ്ങുന്നു.
മേപ്പാടി മുതല്‍ ഗൂടല്ലൂര്‍ വരെ അറുപത് കിലോമീറ്റര്‍. നല്ല റോഡ്‌. വളവും തിരിവും നിറഞ്ഞത്‌. ഇരുവശവും സ്റ്റൈലന്‍ കാഴ്ചകള്‍. പുലര്‍ച്ചെ ആയതിനാല്‍ വിജനമായ റോഡുകള്‍. പറപ്പിച്ചു വിട്ടു. നിര്‍ത്താതെയുള്ള ഓട്ടമാണ് ഇന്ന് ഷെഡ്യൂള്‍ ചെയ്തത്. പലയിടത്തും മഞ്ഞ് യാത്രക്ക് പരമാവധി ബ്ലോക്കിടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഒഴിഞ്ഞ റോഡിലൂടെ കുറഞ്ഞ സമയം കൊണ്ട് പരമാവധി ദൂരം സഞ്ചരിക്കുക എന്നതായിരുന്നു ലക്‌ഷ്യം. തണുപ്പും മഞ്ഞും ഒന്നും ഒരു പ്രശ്നമായി തോന്നിയില്ല.
പുലരിയിലെ ചുടുചായയും നിസ്കാരവും ഗൂടല്ലൂരില്‍. വര്‍ധിച്ച വീര്യത്തോടെ ബുള്ളറ്റ് അടുത്ത ഒരു യാത്രക്ക് പ്രത്യേക മുരളോടെ തയ്യാറെടുത്തു.
ഗൂഡല്ലൂര്‍ മുതല്‍ മസിനഗുടി (സമയം 6: 45 AM.)
>> 27 കിലോമീറ്റര്‍.
ഒരു മണിക്കൂര്‍ യാത്രയുണ്ട്. മുതുമല നാഷണല്‍ പാര്‍ക്ക്. പതുക്കെ പോവുക. പഞ്ചെന്ത്രിയങ്ങള്‍ തുറന്നു വെക്കുക. വായ പൂട്ടുക. വൈല്‍ഡ് ലൈഫ് കാഴ്ചകള്‍ ആസ്വദിക്കാം. തോപ്പേക്കാട്. മാസിനഗുടി റോഡിലേക്ക് കടന്നതോടെ വന്യ ജീവികള്‍ ദര്‍ശനം നല്‍കിക്കൊണ്ടിരുന്നു. നൃത്തചുവടുകളോടെ മയിലുകള്‍ റോഡുകളില്‍ ഞങ്ങളെ സ്വാഗതം ചെയ്തു. മാനുകള്‍ സുലഭാമായതിനാല്‍ വല്ലാതെ ശ്രദ്ധിച്ചില്ല. കാട്ടു കോഴികള്‍, സ്പോട്ടഡ് പ്രാവുകള്‍, കേഴ മാന്‍, ആനക്കൂട്ടങ്ങള്‍, കഴുകന്മാര്‍, ലങ്ഗൂര്‍ കുരങ്ങന്മാര്‍ എന്നിവയെ യഥേഷ്ടം കാണാന്‍ സാധിച്ചു.
മസിനഗുടി മുതല്‍ മോയാര്‍ ആന്‍ഡ്‌ മോയാര്‍ ടു മസിനഗുടി(സമയം 8 AM)
>> 12 കിലോമീറ്റര്‍.
വീണ്ടും വന്യജീവികള്‍ക്കിടയിലൂടെ. വേഗത കുറയ്ക്കുന്നതിനായി ഇടക്കിടക്ക് ഹമ്പുകള്‍ ഉണ്ട്. റോഡരികില്‍ ഒരു പുള്ളിമാന്‍ ജീവന്‍ പോയി കിടക്കുന്ന കാഴ്ച വളരെ സങ്കടത്തോടെയാണ് നോക്കിക്കണ്ടത്. ഒന്നുകില്‍ സ്വാഭാവിക മരണമാവാം. അല്ലെങ്കില്‍ മറ്റേതെങ്കിലും വന്യജീവികള്‍ കൊന്നിട്ടതാവാം. വളരെ കരുതലോടെ ചുറ്റുപാടും നിരീക്ഷിച്ച് ആ ചിത്രം ക്യാമറയില്‍ പകര്‍ത്തി.
മസിന ഗുഡി മുതല്‍ ആവലാഞ്ചി (സമയം 9:30 AM)
>> 32 കിലോമീറ്റര്‍.
യാത്രയില്‍ ഭക്ഷണം കിട്ടുന്ന അത്യാവശ്യം നല്ല അങ്ങാടിയാണിത്‌. അല്ലെങ്കില്‍ പിന്നെ ഊട്ടി. നല്ല മസാല ദോശയും ഇഡ്ഡലി വടയും കിട്ടും. ചിക്കന്‍ 65 ന്‍റെ ടെസ്റ്റ്‌ ഒന്ന് വേറെയാണ്. ഊട്ടിയില്‍ സ്റ്റോപ്പ്‌ ഇല്ലാത്തത് കൊണ്ട് ബ്രേക്ക്‌ ഫസ്റ്റ് എല്ലാരും ഫാസ്റ്റ് ആയി തന്നെ കഴിച്ചു. വീണ്ടും ബൈക്കിലേക്ക്. വണ്ടിയും റൈടെര്സും ഇടക്കിടക്ക് മാറിക്കൊണ്ടിരുന്നു. മസിനഗുടി മുതല്‍ ഊട്ടി വരെ കയറ്റമാണ്. കയറ്റം മാത്രം. മുപ്പത്തി ആറു ഹെയര്‍ പിന്‍ വളവുകള്‍.. നല്ല റോഡാണെങ്കിലും വളഞ്ഞും പുളഞ്ഞും മാത്രമാണ് യാത്ര.
മുപ്പത്താറു കൊടും വളവുകള്‍ ഉള്ള കയറ്റം കഴിഞ്ഞു തീരുന്ന സ്ഥലത്ത് വണ്ടികള്‍ പാര്‍ക്ക് ചെയ്തു. മുക്കിയും മൂളിയും ഞങ്ങളിലെ ചില വണ്ടികള്‍ ഒരു വിധം മുകളിലെത്തി. ഇനിയും വരാനുള്ള വണ്ടികളെ കാത്തിരിക്കുന്ന സമയം എത്തിയ വണ്ടികള്‍ക്ക് വിശ്രമാമായി. തണുത്ത മന്ദമാരുതന്‍ അപ്പോഴോക്കും ഞങ്ങളെ തഴുകാനെത്തിയിരുന്നു. നിന്ന നില്‍പ്പില്‍ ഊട്ടി കാഴ്ചകള്‍ കണ്ടു. ഊട്ടി വിസിറ്റ് പ്ലാനില്‍ ഇല്ല. അതുകൊണ്ട് തന്നെ ആവലാഞ്ചി ലക്ഷ്യമാക്കി യൂക്കാലിപ്സ് മരങ്ങള്‍ക്കിടയിലൂടെ വണ്ടികള്‍ വരിവരിയായി കുതിച്ച് തുടങ്ങി.
അതി സുന്ദരമായ വഴിയോര കാഴ്ചകള്‍, ആകാശവും മേഘങ്ങളും മലയാടിവാരങ്ങളും ജലാശയങ്ങളും ചേര്‍ന്ന് വരചെടുക്കുന്ന പ്രകൃതി ചിത്രങ്ങള്‍. ആവലാഞ്ചി എത്തുന്നത് വരെ വിസ്മയ ക്കാഴ്ചകള്‍ കൊണ്ട് പ്രകൃതി ഞങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു. മെയിന്‍ റോഡില്‍ നിന്നും അല്പം മാറി പൊട്ടിപൊളിഞ്ഞ റോട്ടിലൂടെ പോയാല്‍ തടാകത്തില്‍ എത്താം. ആവലാഞ്ചി ഡാമിലെ കാഴ്ചകള്‍ അതീവ സുന്ദരം തന്നെ.
ആവലാഞ്ചി മുതല്‍ മാഞ്ചൂര്‍ (സമയം 12:10 PM)
>> 32 കിലോമീറ്റര്‍.
കിലോമീറ്റര്‍ കുറവാണെങ്കിലും ഓടിയെടുക്കാന്‍ സമയമെടുക്കും. മുപ്പത്തി നാലു കൊടും വളവുകള്‍ ഇനിയും താണ്ടണം. കയറ്റവും ഇറക്കവും ഉള്ള ഹെയര്‍ പിന്‍ വളവുകള്‍ മാത്രം. നിര്‍ത്താതെയുള്ള ഓട്ടമാണ്. ചെറിയൊരു വിശ്രമം അത്യാവശ്യമാണ്. വിവിധ മരങ്ങള്‍ കൊണ്ട് തണല്‍ തീര്‍ത്ത ചെറിയൊരു ഇറക്കത്തില്‍ ഞങ്ങള്‍ വണ്ടി സൈഡാക്കി. റോഡ്‌ സൈഡിലും കലുങ്കിലും മറ്റും ഇരുന്നും കിടന്നും ചെറിയൊരു മയക്കം. വിശപ്പ്‌ ഉണ്ടെങ്കിലും ഇനി മാഞ്ഞൂരില്‍ നിന്നും മാത്രമേ എന്തെങ്കിലും കിട്ടൂ. മുള്ളി എന്ന അപകട സ്ഥലം എത്രയും പെട്ടെന്ന്‍ പാസ് ചെയ്യണം. പത്തു മിനിറ്റ് റെസ്റ്റ് അവസാനിപ്പിച്ച് വളവുകളിലൂടെ താഴേക്ക് വണ്ടി നീങ്ങിത്തുടങ്ങി.
മാഞ്ചൂര്‍ മുതല്‍ മുള്ളി (സമയം 2:40 PM)
>> 30 കിലോമീറ്റര്‍.
മാഞ്ഞൂര്‍ ഒരു തനി നാടന്‍ തമിഴ് നാട്ടിന്‍ പ്രദേശമാണ്. ആളുകളും അങ്ങാടികളും വണ്ടികളും കണ്ടാല്‍ തന്നെ പെട്ടെന്ന് മനസ്സിലാക്കാം. നല്ല ഹോട്ടല്‍ ഒന്നും ഇവിടെ ഇല്ല. വിശപ്പിനു മുമ്പില്‍ സ്റ്റാന്‍ഡേര്‍ഡ് ഒരു പ്രശ്നമായില്ല. കിട്ടിയ ഒരു ഹോട്ടലില്‍ കയറി. നാടന്‍ ചോറും മീന്‍ പൊരിച്ചതും. എന്ന് പോരിച്ചതാണെന്ന് ചോദിക്കരുത്. പക്ഷെ വിലയില്‍ കുറവൊന്നും കണ്ടില്ല. യാത്ര തുടരുകയാണ്. ഇവിടെയും റസ്റ്റ്‌ ഇല്ല. റസ്റ്റ്‌ എടുത്താല്‍ മുള്ളി റോഡ്‌ വീണ്ടും റിസ്ക്‌ ആയി മാറും. വീണ്ടും ഹെയര്‍ പിന്‍ വളവുകള്‍ തന്നെ മുന്നില്‍. മുള്ളിയിലെക്ക് മുപ്പത് കിലോമീറ്ററില്‍ നാല്‍പത്തി മൂന്നെണ്ണം ഉണ്ട്. വളരെ അപകടം പിടിച്ച റൂട്ട് ആണ്. പകല്‍ സമയം പോലും ആനക്കൂട്ടങ്ങള്‍ റോഡില്‍ വിഹരിക്കുന്ന റോഡുകള്‍. ഒരു വണ്ടിക്ക് പോവാനുള്ള വീതിയേ ഉള്ളൂ. വളവുകള്‍ മാത്രം ആയതിനാല്‍ പതുക്കെയേ പോവാനും പറ്റൂ. മാത്രമല്ല തൊട്ടു മുമ്പില്‍ പോലും ആന ഉണ്ടെങ്കില്‍ അടുതെത്തിയിട്ടെ കാണുകയുള്ളൂ. പലയിടത്തും പുതിയ പുതിയ ആന പിണ്ടങ്ങള്‍ ഞങ്ങളില്‍ ഭീതി പടര്‍ത്തി. പൈലറ്റ്‌ റൈഡര്‍ ആയത് കൊണ്ട് വളരെ കരുതലോടെയാണ് മുമ്പോട്ട് നയിച്ചു കൊണ്ടിരുന്നത്. ഈ ദൂരത്തിനിടക്ക് വീടുകളോ അങ്ങാടിയോ മനുഷ്യരോ ഇല്ല. തീര്‍ത്തും വിജനമായ ഈ വഴിയിലൂടെ ഒറ്റ വണ്ടിയായി പോകുന്നത് അതീവ സാഹസികമാണ്‌. ഈയടുത്ത കാലത്ത് ആന ഒരാളെ ചവിട്ടിക്കൊന്നു എന്ന ഒരു വാര്‍ത്തയും കേള്‍ക്കുകയുണ്ടായി.
ഇടക്ക് ഒരു നിരപ്പായ സ്ഥലം കണ്ടപ്പോള്‍ ഞങ്ങള്‍ വണ്ടികള്‍ സൈഡാക്കി. തോസന്‍ ടൌണ്‍ എന്നൊരു സ്ഥലപ്പേരു അവിടെ ശ്രദ്ധിച്ചു. ദീര്‍ഘദൂര യാതകളില്‍ കൃത്യമായ ഇടവേളകളില്‍ വിശ്രമം അത്യാവശ്യമാണ്. വണ്ടികള്‍ക്കും അതില്‍ യാത്ര ചെയ്യുന്നവര്‍ക്കും. വണ്ടി നിര്‍ത്തിയത് ഒരു പാലത്തിനു അരികിലാണ്. വലതു ഭാഗത്ത് നല്ല സുന്ദരന്‍ വെള്ളച്ചാട്ടം കാണാം. മറുഭാഗത്ത് ഒരു വൈദ്യുതി പദ്ധതിക്ക് വേണ്ടിയുള്ള കൂറ്റന്‍ പൈപ്പുകളും. ഇറങ്ങി കുളിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും സമയക്കുറവ് അനുവദിച്ചില്ല. നാലു മണിക്കെങ്കിലും മുള്ളി ക്രോസ് ചെയ്യണമെന്നാണ് ഞങ്ങള്‍ക്ക് കിട്ടിയ നിര്‍ദ്ദേശം. ചെറിയ ഒരിടവേളക്ക് ശേഷം യാത്ര തുടര്‍ന്നു. കൊടും വെയിലും ചുടുകാറ്റും കാരണം ഞങ്ങള്‍ നന്നേ തളര്‍ന്നിരുന്നു.
മുള്ളി മുതല്‍ അഗളി അച്ഛന്‍ കോവില്‍ (സമയം 4:30 PM)
>> മുള്ളി ഫോറെസ്റ്റ് ചെക്ക് പോസ്റ്റ്‌ എത്തിയപ്പോഴേക്കും ഒരു വിധം സമാധാനമായി. ചെറിയ ഒരു ഓഫീസ് മാത്രമാണ് ഉള്ളത്. ഇരുപത് മിനിറ്റ് വാഹന പരിശോധനയും പെപ്പര്‍ വേരിഫിക്കേഷനും. ലൈസന്‍സും ആര്‍. സിയും ഇന്‍ശൂറന്‍സും ഒക്കെ ഇവിടെ ഹാജരാക്കണം. മുള്ളിയില്‍ നിന്നും വഴി രണ്ടായി പിരിയും. ഒരു റോഡ്‌ പോകുന്നത് മേട്ടുപാളയത്തേക്ക്. മറ്റേത് കേരളത്തിലേക്ക്. രണ്ടും റോഡ്‌ ഓഫ് റോഡ്‌ റൈഡ് ആണ്. കറുത്ത റോഡിനു പകരം മണ്പാതകള്‍ ആണും. ചില സ്ഥലങ്ങളില്‍ ദുഷ്കരമായുള്ള കല്ലും കുഴികളും. കാറ്റില്‍ ഉയര്‍ന്നു പൊങ്ങുന്ന പൊടിപടലങ്ങള്‍ക്കിടയിലൂടെ ചാടിച്ചാടി ഓഫ് റോഡ്‌ ഡ്രൈവ് തകര്‍പ്പന്‍ അനുഭവമായി. ഒരു മൂന്ന് നാലു കിലോമീറ്റര്‍ ഇതാണ് സ്ഥിതി. പിന്നെ ടാറിംഗ് ചെയ്ത റോഡ്‌ കിട്ടി. വണ്ടി പറക്കാന്‍ തുടങ്ങി.
പാലക്കാടന്‍ വെയിലിന്‍റെ തീവ്രത നന്നായി അനുഭവിച്ചു കൊണ്ടാണു സഞ്ചാരം. ചെറിയ ചെറിയ വീടുകള്‍ക്കും കൃഷിപാടങ്ങല്‍കും ഇടയിലൂടെ നീണ്ടുകിടക്കുന്ന അഗളിയിലെക്കുള്ള റോഡ്‌. റോഡിനു സമാന്തരമായി ഇടതു ഭാഗത്ത് ഒരു പുഴ പ്രത്യക്ഷപെട്ടു തുടങ്ങി. ഭവാനി പുഴയാനിത്. നീലഗിരികുന്നുകളില്‍ നിന്നും ഉത്ഭവിച് കിഴക്കോട്ട് ഒഴുകുന്ന നദി. കേരളത്തിലെ ആകെയുള്ള നാല്‍പത്തി നാലില്‍ മൂന്നു പുഴകളാണ് കിഴക്കോട്ട് ഒഴുകുന്നത്. ഒരു ചെറിയ അങ്ങാടിയില്‍ നിന്നും വണ്ടികളുടെ ഇണ്ടിക്കേട്ടര്‍ ഇടത്തോട്ടു കത്താന്‍ തുടങ്ങി. ശാന്ത സുന്ദരമായി ഒഴുകുന്ന ഭാവാനിപ്പുഴയില്‍ ഒരു നീരാട്ട്. എല്ലാ ക്ഷീണവും പമ്പ കടന്നു. വെള്ളം കുറവാണെങ്കിലും കുളിക്കാന്‍ ഒക്കെ വെള്ളമുണ്ട്. പുഴക്കരയില്‍ നമസ്കാരം പൂര്‍ത്തിയാക്കി വീണ്ടും യാത്ര തുടങ്ങി.
മണ്ണാര്‍ക്കാട്ടേക്കുള്ള കുതിപ്പാണ്. പ്രവീണ്‍ ആണ് പൈലറ്റ്‌ റൈഡര്‍. അത്യാവശ്യം നല്ല റോഡായത് കൊണ്ടും കുറച്ച് വൈകിയത് കൊണ്ടും ഒരല്പം സ്പീഡിലാണ് യാത്ര. പെട്ടന്നൊരു ശബ്ദം. അവന്‍റെ ബൈക്കില്‍ നിന്ന്. പ്രവീണിന്‍റെ ബുള്ളറ്റ് ചെറുതായി പണി മുടക്കി തുടങ്ങി. എല്ലാവരും വണ്ടി പാര്‍ക്ക് ചെയ്ത് ഓടിയെത്തി. ബാക്ക് ബ്രേക്ക് സിസ്റ്റം താറുമാറായതാണ്. ടയര്‍ കറങ്ങുമ്പോള്‍ ഒരു കരകര ശബ്ദം. ഇനി ഇത് നന്നാക്കാതെ മുമ്പോട്ട് പോവാന്‍ പറ്റില്ല. എന്തു ചെയ്യും.?? ഞായര്‍ ആയതിനാല്‍ ഒരു മെക്കാനിക്കിനെ പോലും കിട്ടാന്‍ സാധ്യതയില്ല. പലരും പല വഴിയും നോക്കിക്കൊണ്ടിരുന്നു. ഇല്ല. ആരുമില്ല. ഇനി എന്തു ചെയ്യും. ആരെയും കിട്ടാതായപ്പോള്‍ ഞങ്ങളുടെ പ്രതീക്ഷയും കൈവിട്ടു തുടങ്ങി. എങ്ങനെയെങ്കിലും നാട്ടിലെത്തണം. കൂട്ടത്തിലൊരുവന്റെ സങ്കടം എല്ലാരുടെയും സങ്കടമായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അറിയാവുന്ന രൂപത്തില്‍ വണ്ടി നന്നാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഒരു ചെറിയ പഞ്ചര്‍ ഷെഡിലെക്ക് വണ്ടി കയറ്റി വച്ചു. ടൂള്‍സ് കുറവാണെങ്കിലും ഉള്ളത് വെച്ച് ബാക്ക് ടയര്‍ അഴിച്ചു. കമ്പ്യൂട്ടര്‍ മെക്കാനിക്കായ നസീഫും റിപ്പയരിങ്ങിനു നേതൃത്വം നല്‍കി. ബിജോയിയും ഉല്ലാസും ഞാനുമൊക്കെ ആവുന്ന സഹായിച്ചു കൊണ്ടിരുന്നു. ഇതു വരെ ചെയ്യാത്ത പണിയാണ്. ഗത്യന്തരമില്ലാതെ ചെയ്യുകയാണ്. വിജയിക്കുമോ എന്ന് ഒരു ഉറപ്പുമില്ല. പ്രശനം ബ്രേക്ക്‌ ബോക്സിനുള്ളിലെ സ്പ്രിംഗ് പോട്ടിപ്പോയതാണ് എന്ന് മനസ്സിലായി. ബോക്സ് അഴിക്കാന്‍ അറിയില്ല. അറിഞ്ഞാലും അതിനുള്ള ടൂള്‍സ് ഇല്ല. മാത്രമല്ല ഇനി കിട്ടിയാല്‍ തന്നെ വേറെ സ്പ്രിംഗ് കിട്ടാന്‍ ഉള്ള വഴിയും ഇല്ല. വരുന്നിടത്ത് വെച്ച് കാണാം എന്ന് പറഞ്ഞ ആ പൊട്ടിയ ഭാഗം പുറത്തെടുക്കാന്‍ ഉള്ള ശ്രമം തുടങ്ങി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ അത് പുറത്തെടുത്തു. പകുതി സമാധാനമായി. ആവുന്ന രൂപത്തില്‍ ഞങ്ങളെ സഹായിച്ച ജോയ് ചേട്ടനെ നന്ദിയോടെ ഓര്‍ക്കുന്നു. ചെയ്ത കാര്യങ്ങള്‍ ശരിയാണോ എന്നൊന്നും അറിയില്ല. ബാക്ക് ബ്രേക്ക് ഇല്ലെങ്കിലും ഫ്രണ്ട് ബ്രേക്കില്‍ ഒപ്പിച്ചു പോവാം എന്ന പ്രതീക്ഷയില്‍ ടയര്‍ ഒക്കെ വീണ്ടും കുടുക്കി. എങ്കിലും ട്രയല്‍ രണ്നില്‍ പ്രശ്നം ഒന്നും കണ്ടില്ല. സമാധാനമായി. നേരം ഇത്തിരി വൈകിയെങ്കിലും രക്ഷപെട്ടല്ലോ എന്ന സമാധാനമായിരുന്നു.
അഗളി മുതല്‍ മണ്ണാര്‍ക്കാട്
അഗളിയില്‍ നിന്നും അട്ടപ്പാടി വഴി യാത്ര തുടരുകയാണ്. പ്രവീണിനെ മധ്യത്തിലാക്കി മുമ്പിലും പുറകിലും ഞങ്ങള്‍ സൈലന്റ് വാലി വഴി മണ്ണാര്‍ക്കാട് ചുരമിറങ്ങി. രാത്രിയായതിനാല്‍ ആ സുന്ദരകാഴ്ചകള്‍ ആസ്വദിക്കാന്‍ പറ്റിയില്ല.
മണ്ണാര്‍ക്കാട് മുതല്‍ കോഴിക്കോട്(സമയം 9:30 PM)
>> നൂറു കിലോമീറ്റര്‍, ഭക്ഷണം ഹോട്ടല്‍ ഗ്രീന്‍. നല്ല ഭക്ഷണം. മിതമായ വില. ഭക്ഷണ ശേഷം ചെറിയ ഒരവലോകനം. എല്ലാവരും ഹാപ്പി. സാഹസികമായ യാത്ര ഇവിടെ അവസാനിച്ചിരിക്കുന്നു.

No comments:

Post a Comment