Saturday, June 4, 2016

4: ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ -[ലക്ഷദ്വീപ് എന്ന അത്ഭുത ദ്വീപ്‌]
----------------------------------------------------------------------------
കോഴിക്കോടിനും കൊച്ചിക്കും ഏകദേശം മധ്യത്തില്‍ 280 കിലോമീറ്റര്‍ ദൂരത്തായി കുറെ ദ്വീപിന്‍ കൂട്ടങ്ങള്‍ ചിതറിക്കിടക്കുന്നു. അറബിക്കടലിലെ ഈ ദ്വീപ്‌ സമൂഹത്തെയാണ് ലക്ഷദ്വീപ് എന്ന് വിളിക്കുന്നത്. കവരത്തി, അഗത്തി, കടമത്ത്, ബംഗാരം, മിനിക്കോയ്, കല്പെനി, അന്ത്രോത്ത് തുടങ്ങി പതിനേഴില്‍പരം ചെറുതും വലുതുമായ ദ്വീപുകള്‍ ചേര്‍ന്നതാണ് ഈ ദ്വീപ്‌ സമൂഹം. ഇതില്‍ ജനവാസം ഒട്ടുമില്ലാത്ത ദ്വീപുകളുമുണ്ട്. പക്ഷികള്‍ മാത്രം വസിക്കുന്ന ഒരു ദ്വീപും ഇക്കൂട്ടത്തില്‍ പെടുന്നു. എല്ലാം മുകളിലിരിക്കുന്നവന്റെ മായാവിലാസങ്ങള്‍..!
അങ്ങനെ മറ്റൊരു അഭിലാഷം കൂടി പൂവണിയുകയായി. സുന്ദരമായ ലക്ഷദ്വീപ് സന്ദർശനത്തിനു പുറമേ കപ്പൽയാത്രയും ഞങ്ങളെ അങ്ങേയറ്റം ആവേശഭരിതരാക്കി. കന്നി യാത്രയുടെ ആശങ്കകള്‍ മനസ്സിൽ നിറഞ്ഞിരുന്നു. പക്ഷെ അത്ഭുതദ്വീപിലെ വിസ്മയക്കാഴ്ച്ചകള്‍ സ്വപ്നം കണ്ടു തുടങ്ങിയ ഞങ്ങളുടെ ആശങ്കകൾ അസ്ഥാനത്തായി.
രാവിലെ 9 മണിക്കുതന്നെ ബോട്ടു മാർഗ്ഗം ഞങ്ങൾ കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിലെത്തി. ഓഫീസ് തുറന്നിട്ടില്ല. പക്ഷെ ധാരാളം ആളുകള്‍ അതിരാവിലെ മുതല്‍ ക്യൂവില്‍ ആണ്. കുറെ ആളുകള്‍ നില്‍ക്കുന്നു, ചിലര്‍ ഇരിക്കുന്നു, മറ്റു ചിലര്‍ നിലത്ത് പേപ്പര്‍ ഒക്കെ വിരിച്ച് സുഖമായി കിടക്കുന്നു. ദ്വീപിലേക്കുള്ള ടിക്കറ്റും പേപ്പര്‍വര്‍ക്ക് ഫോര്‍മാലിറ്റീസും ഒക്കെ പൂര്‍ത്തിയാക്കാന്‍ വന്നവര്‍ ആണിവര്‍. പൊതുവേ ടിക്കറ്റും മറ്റും കിട്ടാന്‍ കുറച്ച് ബുദ്ധിമുട്ടാണ്. പക്ഷെ ഭാഗ്യത്തിന് ഞങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. പരിശോധനകള്‍ കഴിഞ്ഞ് ഞങ്ങള്‍ എത്തിയത് "ബാഗേജ് സ്കാനിംഗ് സെക്ഷനി”ല്‍ ആയിരുന്നു. ഏകദേശം അരമണിക്കൂര്‍ അവിടെ ചെലവഴിക്കേണ്ടി വന്നു. ശേഷം ബസ്മാർഗം ഞങ്ങളെ കപ്പലിലേക്കെത്തിച്ചു.
കപ്പല്‍ എന്ന വിസ്മയം
"ലക്ഷദ്വീപ് സീ' അതായിരുന്നു ഞങ്ങളുടെ കപ്പലിന്റെ പേര്. പുതുപുത്തൻ കപ്പൽ. വെള്ളത്തില്‍ ഇറക്കിയതിനു ശേഷമുള്ള രണ്ടാമത്തെ യാതയാണ്. കടലും കാറ്റും കോളുമായി കപ്പല്‍ അധികം പരിചയപ്പെട്ടിട്ടില്ല. കേട്ടപ്പോൾ ഒരല്‍പം പേടിതോന്നി. ഒരുപാട് ചോദ്യങ്ങള്‍ മനസ്സില്‍ മിന്നിമറഞ്ഞു. കപ്പല്‍ യാത്രക്ക് ഒരുങ്ങുകയാണ്. അലിഫ് ലൈലയും സിന്ദ്ബാദും ടൈറ്റാനിക്കുമൊക്കെയാണ് അപ്പോള്‍ മനസ്സില്‍ തെളിഞ്ഞു വന്നത്. തെല്ലു ഭയത്തോടും ആശങ്കയോടും കൂടി പതുക്കെ കപ്പലിനുള്ളിലേക്ക് നടന്നു തുടങ്ങി. കപ്പൽ ഗംഭീരമായി ഒരുക്കിയിരുന്നു.
കപ്പല്‍ ഒരു വീട് പോലെയാണ് എനിക്ക് തോന്നിയത്. ഒരു മാളിക വീട്. ആധുനിക സുഖസൗകര്യങ്ങളും മറ്റു സുരക്ഷാ മാര്‍ഗങ്ങളും പരമാവധി സജ്ജീകരിച്ചിട്ടുണ്ട്. കേന്ദ്രീകൃത ശീതീകരണ സംവിധാനം, അലങ്കാര പണികളോട് കൂടിയ കസേരകളും ഇന്റീരിയര്‍ വര്‍ക്കുകളും, ബെഡ് റൂമുകള്‍, സന്ദര്‍ശക ഗ്യാലറി, വൃത്തിയുള്ള കാന്‍റീന്‍, നമസ്കാര മുറികള്‍ എന്നുവേണ്ട എല്ലാം വളരെ ഭംഗിയായി ഒരുക്കിവെച്ചിട്ടുണ്ട്. ഇരുമ്പിന്‍ സ്റ്റെപ് കയറി മുകളിലേക്ക് പോവാം. കോണിപ്പടികള്‍ ഇറങ്ങി താഴേക്കും പോവാം. ഏറ്റവും മുകളില്‍ ടെക്കും ഏറ്റവും താഴെ ബങ്കും ആണ്. ബങ്ക് എന്നാല്‍ ട്രെയിനിലെ ജനറല്‍ കമ്പാര്‍ട്ട്മെന്‍റ് പോലെ ഏറ്റവും ചിലവ് കുറഞ്ഞത്. ഇടനാഴിയും ഹാളും ഡൈനിംഗ് ഹാളും നിസ്കാര മുറിയും കിച്ചനും എല്ലാമുണ്ട്. ഇടനാഴിക്കിരുവശവും മുറികള്‍. മുറികള്‍ ശീതീകരിച്ചതാണ്. ഫസ്റ്റ് ക്ലാസാണെങ്കില്‍ മുറിക്കുള്ളില്‍ ഡബിള്‍ ഡക്കായി രണ്ടു ബെഡുകള്‍ ഉണ്ടാവും. അത്യാവശ്യം സൌകര്യമുള്ള ഈ കൊച്ചു റൂമില്‍ നാലു പേര്‍ക്ക് സുഖമായി കിടന്നുറങ്ങാം. ബാത്ത് റൂമില്‍ ഷവര്‍ ബാത്ത് വരെ ഉണ്ട്. അതും ഉപ്പ് വെള്ളമല്ല. ശുദ്ധമായ വെള്ളത്തില്‍..
പതുക്കെ പതുക്കെ കടലിനെയും കപ്പലിനെയും ഇഷ്ട്ടപ്പെട്ടു തുടങ്ങി. രണ്ടു ദിവസത്തെ യാത എങ്ങനെ സഹിക്കുമെന്ന് ഭയപ്പെട്ടിരുന്ന ഞങ്ങൾ ഇങ്ങനെയാണെങ്കിൽ ഒരു 10 ദിവസം കൂടിയും ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു. സൌകര്യവും സുരക്ഷിതത്വവും പരിഗണിക്കുകയാണെങ്കില്‍ വിമാനത്തേക്കാൾ മുമ്പിലാണ് കപ്പലിന്റെ സ്ഥാനം എന്ന് വരെ തോന്നിപ്പോയി.
സമയം 3 മണി, നമസ്കാരമൊക്കെ കഴിഞ്ഞ് ഞങ്ങൾ കാബിനിൽ എത്തി. വയറുനിറച്ചു തിന്നതിന്റെ ആലസ്യം കണ്ണുകളെ ബാധിച്ചുതുടങ്ങിയിരുന്നു. ഞാൻ വെറുതെ ജനാലയിലൂടെ പുറത്തേക്ക് നോക്കി. ഒരു ഹെലികോപ്റ്റർ കപ്പലിനെ വട്ടമിട്ട് പറക്കുന്നു. എന്തെങ്കിലും പരിശോധനയായിരിക്കും. തീരത്ത് നാലോളം കപ്പലുകളും നാൽപ്പതിലധികം ബോട്ടുകളും നങ്കുരമിട്ട് കിടപ്പുണ്ടായിരുന്നു. ശമീം സാർ ഉറക്കം തുടങ്ങി. എന്റെ മനസ് തീരം കാണാതലയുന്ന വഞ്ചിപോലെ ഓർമകളിൽ അലയുകയായിരുന്നു.
യാത്ര തുടങ്ങുന്നു.
സമയം കൃത്യം 4 മണി. അപ്പോഴാണ് ക്യാപ്റ്റന്റെ കമാന്റ്. “വെരിഫിക്കേഷൻ നടത്താൻ വേണ്ടി എല്ലാവരും സ്വന്തം സീറ്റുകളിൽ എത്തണമെന്ന്”. ഗ്യാല്ലറിയിലായിരുന്ന ഞങ്ങൾ വേഗം തന്നെ ക്യാബിനിലെത്തി. അൽപനേരം കഴിഞ്ഞ് ക്യാപ്റ്റന്റെ അടുത്ത അറിയിപ്പ് “വെരിഫിക്കേഷൻ പൂർത്തിയായി. കപ്പൽ യാത്ര തുടങ്ങാൻ പോകുന്നു". ഞങ്ങൾ വീണ്ടും പുറത്തിറങ്ങി. ശാന്തസുന്ദരമായ കൊച്ചിക്കായലിന്റെ ഓളങ്ങളിലൂടെ ഞങ്ങളുടെ നൗക പ്രയാണമാരംഭിച്ചു. ഉൾക്കടലിലേക്ക്. മനസിൽ ആധി കയറിയോയെന്നൊരു സംശയം. ഇല്ലെന്നു സ്വയം പറഞ്ഞു വിശ്വസിപ്പിച്ചു. ഏറെ നേരം ഞങ്ങൾ കാഴ്ചകൾ കണ്ടു ഗ്യാല്ലറിയിൽ ചുറ്റിക്കറങ്ങി. പണ്ട് കണ്ട ടൈറ്റാനിക്ക് സിനിമയായിരുന്നു എന്റെ മനസ്സിൽ.
ഇതൊരു 'ലക്ഷ്വറി’ കപ്പല്‍ ആണ്. ഒരു പാട് വിനോദസഞ്ചാരികൾ ഉണ്ട്. കുറേ ഉത്തരേന്ത്യക്കാരെ പരിചയപ്പെട്ടു. കടല്‍ ചൊരുക്ക് (Sea Sickness) ഉണ്ടാവുമോ എന്നൊരു വേവലാതി ഉണ്ടായിരുന്നു. ഓരോരോ കാഴ്ചകള്‍ കണ്ടു ഞങ്ങൾ ടോപ് ഡെക്കിൽ എത്തി. നാലു ഭാഗത്തും, അല്ല ചുറ്റിലും വെള്ളം മാത്രം. കടും നീല നിറത്തിലും ഇരുണ്ട നിറത്തിലും വെള്ളം കാണാം. കപ്പൽ മന്ദം മന്ദം വേഗമാർജ്ജിച്ചു കൊണ്ടിരുന്നു. ഇരുവശത്തേക്കും ചീറ്റിത്തെറിക്കുന്ന വെള്ളം കണ്ടാലറിയാം കപ്പലിന്റെ വേഗത. കപ്പൽയാത്ര നല്ല രസമായിരുന്നു.
മൂന്നു രൂപത്തിലുള്ള ആട്ടം ആടിക്കൊണ്ടാണ് യാത്ര. മുമ്പോട്ടും പിന്‍പോട്ടും ഒന്ന്. വശങ്ങളിലേക്ക് ചാഞ്ഞും ചരിഞ്ഞും രണ്ടാമത്തേത്. മുകളിലേക്ക് ഉയര്‍ന്നും താഴ്ന്നുമാണ് മൂന്നാമത്തേത്. കടലിന്‍റെ സ്വഭാവവും കടല്‍ക്കാറ്റും തിരമാലകളുമാണ് ഈ ആട്ടം ഉണ്ടാക്കുന്നത്. ചില സമയത്ത് കടല്‍ അവിശ്വസനീയമാം വിധത്തില്‍ ശാന്തമായിരിക്കും. അപ്പോള്‍ യാത്രയും അങ്ങനെത്തന്നെ. കപ്പല്‍ അനങ്ങുന്നതായി പോലും തോന്നുകയില്ല. ഇപ്പോള്‍ സമുദ്രം അത്ര ശാന്തമല്ല. കപ്പലിന്‍റെ ആട്ടമനുസരിച്ച് എല്ലാവരും രണ്ടു പെഗ്ഗിട്ട പോലെ ആടുന്നുണ്ടായിരുന്നു. ബാലൻസ് കിട്ടാതെ ഞങ്ങളും കുറേ കഷ്ടപ്പെട്ടു.
സായാഹ്ന സൂര്യന്‍ അറബിക്കടലിന്റെ ആഴങ്ങളിലേക്ക് ഊളിയിടാന്‍ തയ്യാറായി വരികയാണ്. നീലിമയാര്‍ന്ന ആകാശം മഞ്ഞ കലര്‍ന്ന ചുവപ്പിലേക്ക് മാറിക്കൊണ്ടിരുന്നു. സുവര്‍ണ്ണ കിരങ്ങളില്‍ തട്ടി കുഞ്ഞോളങ്ങള്‍ മിന്നിത്തിളങ്ങി. കടലിലെ അസ്തമയ കാഴ്ച സ്വപ്ന സുന്ദരമാണ്. കടലിനെ മുത്തമിടാന്‍ തുടങ്ങുന്ന ചുവന്ന സൂര്യന്‍റെ സുന്ദരകാഴ്ചകള്‍ കാഴ്ചകള്‍ കാണാന്‍ ഞാന്‍ വീണ്ടും മുകളിലെ ടെക്കിലെക്ക് ഗോവണികള്‍ കയറി. ഏറ്റവും മുക ളിൽ ക്യാപ്റ്റന്റെ കണ്ട്രോള്‍ റൂം ആണ്. കോക്പിറ്റ് എന്ന് പറയുന്ന ഇവിടേക്ക് സാധാരണ ആർക്കും പ്രവേശനമില്ലായിരുന്നുവെങ്കിലും ഞങ്ങൾക്ക് എന്തോ ഭാഗ്യത്തിനു അനുമതി കിട്ടി. വളരെ നൂതനമായ സാങ്കേതികവിദ്യകൾ കോക്പിറ്റില്‍ സജ്ജീകരിച്ചിരുന്നു. ഓട്ടോ പൈലറ്റ്‌, ജി പി എസ്, നാവിഗേറ്റര്‍, കടലിന്‍റെ സ്വഭാവം, കാലാവസ്ഥാ വിവരങ്ങള്‍, സാദ്ധ്യതകള്‍, വിവിധ തരത്തിലുള്ള ദിശാ സംവിധാനങ്ങള്‍ അങ്ങനെ അങ്ങനെ.. ക്യാപ്റ്റന്‍ എല്ലാം വിശദീകരിച്ചു തന്നു. പുതിയ അറിവുകൾ പലതും അത്ഭുതപ്പെടുത്തുന്നവയായിരുന്നു. മുപ്പത് മൈൽ ചുറ്റളവിലുള്ള എല്ലാ കപ്പലുകളെക്കുറിച്ചും പൂര്‍ണ്ണ വിവരങ്ങൾ ക്യാപ്റ്റന്റെ മൂന്നിലെ സ്ക്രീനില്‍ ലഭ്യമായിരുന്നു.
നാളെ രാവിലെ മീനിക്കോയ് ദ്വീപിലെത്തും. വൈകുന്നേരത്തോടെ മാത്രമേ പിന്നീടുള്ള യാത്ര തുടരൂ. കടമത്തിലെക്ക് ആണ് ഞങ്ങള്‍ക്ക് ടിക്കറ്റ് എന്നതിനാൽ മിനിക്കോയ് ദ്വീപിൽ ഇറങ്ങാൻ അനുവാദമില്ല. എങ്ങനെയെങ്കിലും മിനിക്കോയ് കാണാൻ വലിയ ആഗ്രഹമുണ്ട് താനും. കപ്പലിന്റെ വെല്‍ഫെയര്‍ ഓഫീസര്‍മാരായ റസൂലുദ്ധീനും ആറ്റക്കോയയുമായി സംസാരിച്ച് ദ്വീപിലിറങ്ങാൻ അനുമതി സമ്പാദിച്ചു. ഭാഗ്യം..
ക്യാബിനിലെ സഹയാത്രികർ എല്ലാവരും ധാരാളം കപ്പല്‍ യാത്ര ചെയ്ത് പരിചയമുള്ളവരായിരുന്നു. പലരും ഏറെ കാലം കപ്പല്‍ ജീവനക്കാരും ആയി ജോലി നോക്കിയവരും ആയിരുന്നു. രാതി മൂഴുവൻ ഇവരുടെ കൂടെ കടൽകഥകൾ കേട്ടിരുന്നു. വീരസാഹസിക കൃത്യങ്ങള്‍, കടലിലെ പ്രതിസന്ധികള്‍, കടൽക്കൊള്ളക്കാർ, സൊമാലിയൻ ഹൈജാക്ക്സ്. പേടിയും ഹരവുമുള്ള കഥകൾ. ആദ്യമായി വിമാനത്തിൽ കയറിയപ്പോഴുള്ള അതേ ആവലാതി ആയിരുന്നു എന്റെ മനസ്സിൽ. പടച്ചോനേ ഇതെങ്ങാനും തകര്‍ന്നാല്‍.. ?. ഒറ്റ സമാധാനം മാത്രം. വെള്ളം കുടിച്ചു മരിക്കാമല്ലോ.
രാതി നമസ്കാരിക്കാന്‍ ഒരുങ്ങി പ്രയര്‍ ഹാളിലെത്തി. ചുവന്ന പരവതാനി വിരിച്ച ചെറിയ ഒരു ഹാള്‍ ആണിത്. വശങ്ങളിലായി ഖുര്‍ആനും തസ്ബീഹ് മാലകളും കാണാം. നമസ്കാരം തുടങ്ങാന്‍ പടിഞ്ഞാറ് നോക്കണം. ഒരു വിധത്തിലും ദിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല. ഏകദേശം ഒരു രൂപം വെച്ചു നിസ്കാരം തുടങ്ങി. കൈ കെട്ടിയപ്പോഴാണ് അമളി മനസ്സിലായത്. ഒരു സ്ഥലത്തും പിടുത്തം ഇല്ലാത്തതിനാല്‍ ബാലൻസ് കിട്ടുന്നേയില്ല. ആടിയാടിയും ചുമരില്‍ ചാരിയും ഒക്കെ ഒരു വിധത്തിൽ നമസ്കാരം പൂർത്തിയാക്കി. നിസ്കാര ശേഷം കാന്റീനില്‍ ചെന്ന് ലഘുവായി ഭക്ഷണവും കഴിച്ചു. മുകളിലെ ടെക്കിലെക്ക് കയറി കാഴ്ചകള്‍ കണ്ടിരുന്നു.
സമയം 11. 30. രാത്രി കാഴ്ചകള്‍ കുറെ ആസ്വദിച്ച ശേഷം പതുക്കെ കാബിനിലേക്ക്‌ നടന്നു. ഷമീം സാറും ബാക്കി സഹയാത്രികരും നേരത്തെ തന്നെ ഉറക്കം തുടങ്ങിയിരുന്നു. ഞാനും എന്‍റെ ബെഡിലേക്ക് കയറി. ഉറക്കമാരംഭിച്ചു. താളാത്മകമായ ഉറക്കം. അറബിക്കടലിന്റെ മാറത്ത് ഈ വെള്ളക്കൊട്ടാരത്തില്‍ ഓളങ്ങളുടെ തരാട്ടുപാട്ടില്‍ താളാത്മകമായ ഉറക്കം.....
Courtesy: Rasal, Yasar

No comments:

Post a Comment